ഡല്‍ഹി തോറ്റാല്‍, കൊച്ചി ജേതാവ് സെമിയില്‍

Posted on: December 9, 2014 12:26 am | Last updated: December 9, 2014 at 12:26 am

chn- photo ISLകൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സിന് നിര്‍ണായക ദിനം. വൈകീട്ട് ഏഴിന് നടക്കുന്ന അവസാന ലീഗ് മത്സരത്തില്‍ എഫ് സി പൂനെ സിറ്റിയെ ബ്ലാസ്റ്റേഴ്‌സ് നേരിടും. ഈ മത്സരത്തിന് മുമ്പ് 4.30ന് ചെന്നൈയില്‍ നടക്കുന്ന ചെന്നൈയിന്‍ എഫ് സി-ഡല്‍ഹി ഡൈനാമോസ് മത്സരഫലത്തെയും നാളെ നടക്കുന്ന അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത-എഫ് സി ഗോവ മത്സരത്തേയും ആശ്രയിച്ചിരിക്കും കൊച്ചിയിലെ മത്സരത്തിന്റെ പ്രസക്തി.
കാരണം, ചെന്നൈയില്‍ ഡല്‍ഹി ജയിച്ചാല്‍ ഇരുപത് പോയിന്റുമായി അവര്‍ സെമിയിലേക്ക് മുന്നേറും. കേരള- പൂനെ സിറ്റി മത്സരത്തിലെ ജേതാക്കള്‍ക്ക് സെമി പ്രതീക്ഷ നിലനിര്‍ത്താം, നാളെ, അത്‌ലറ്റിക്കോയുടെ തോല്‍വിക്ക് വേണ്ടിയുള്ള പ്രാര്‍ഥനയോടെ. ചെന്നൈയിലെ മത്സരം സമനിലയോ, ചെന്നൈ ജയിക്കുകയോ ചെയ്താല്‍ കൊച്ചിയിലെ ജേതാക്കള്‍ക്ക് സെമി ഉറപ്പിക്കാം. ഇതോടെ, അവസാന മത്സരത്തിന് മുമ്പെ കൊല്‍ക്കത്തക്കും സെമി ഉറപ്പാകും. കൊച്ചിയിലെ ഹോംഗ്രൗണ്ടില്‍ വന്‍ ജനാവലിക്ക് മുമ്പില്‍ കളിക്കാനിറങ്ങിയിട്ടും ഗോളടിയില്‍ പിറകിലായതാണ് ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയായത്. മുന്‍ നിരയില്‍ ഒത്തിണക്കമുള്ളവര്‍ ഇല്ലെന്ന് തന്നെ പറയാം. ബ്രസീലിയന്‍ വിംഗര്‍ ഗുസമാവോയെ പുറത്തിരുത്തി, ഗോളടിയുടെയും ഗോള്‍ അസിസ്റ്റിന്റെയും ബാലപാഠമറിയാതെ കളിക്കുന്ന ഗോണ്‍സാല്‍വസിനെയും സബീത്തിനെയുമൊക്കെ കളത്തിലിറക്കുന്ന കോച്ച് ഡേവിഡ് ജെയിംസിന്റെ തന്ത്രം കാണികളെ പോലും അത്ഭുതപ്പെടുത്തുന്നു.
ഇയാന്‍ ഹ്യൂമിനൊപ്പം ഗുസമാവോ ചേര്‍ന്നാല്‍ ഒരു പരിധി വരെ ഗോള്‍ ദാരിദ്ര്യം അകറ്റാന്‍ സാധിക്കും. എന്നാല്‍, ഹ്യുമും ഗുസമാവോയും ഗ്രൗണ്ടില്‍ പോരടിച്ചത് ഇവര്‍ തമ്മിലുള്ള ഈഗോ പ്രശ്‌നം പുറത്തു കൊണ്ടു വന്നു. ടീമിനുള്ളില്‍ തന്നെ മൂപ്പിളമതര്‍ക്കം നിലനില്‍ക്കുന്നുണ്ടോ എന്ന സംശയം ജനിപ്പിക്കുന്നതാണ് ടീം ലൈനപ്പ്. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും കേരളം തികഞ്ഞ പരാജയമായത് ലൈനപ്പിലെ പൊരുത്തക്കേടിലാണ്.