Connect with us

National

ആസൂത്രണ കമ്മീഷനെ നവീകരിക്കണം; ഇല്ലാതാക്കരുതെന്ന് മുഖ്യമന്ത്രിമാര്‍

Published

|

Last Updated

ന്യൂഡല്‍ഹി: ആസൂത്രണ കമ്മീഷന്‍ പിരിച്ചുവിടുന്നത് സംബന്ധിച്ച്, പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ സമവായമായില്ല. ആസൂത്രണ കമ്മീഷന്‍ ഉടച്ചുവാര്‍ക്കണമെന്ന നിലപാടായിരുന്നു അധിക മുഖ്യമന്ത്രിമാര്‍ക്കും. എന്നാല്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ ആസൂത്രണ കമ്മീഷന്‍ പിരിച്ചു വിടുന്നതിനെ എതിര്‍ത്തു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ഈ നിലപാടാണ് യോഗത്തില്‍ ഉയര്‍ത്തിയത്.
പരിഷ്‌കരണാനന്തര കാലഘട്ടത്തില്‍ നിലവിലെ ആസൂത്രണ കമ്മീഷന് യാതൊരു ഭാവി കാഴ്ചപ്പാടുമില്ലെന്ന കഴിഞ്ഞ ഏപ്രിലില്‍ അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ അഭിപ്രായം ഉയര്‍ത്തിക്കാട്ടിയാണ് യോഗത്തില്‍ മോദി പ്രസംഗം തുടങ്ങിയത്. ഫെഡറലിസത്തേയും ടീം ഇന്ത്യ എന്ന സങ്കല്‍പ്പത്തെയും ശക്തിപ്പെടുത്തുന്ന തരത്തിലുള്ള കാര്യക്ഷമമായ ഘടനയാണ് വേണ്ടതെന്ന് മോദി ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി, ചില കേന്ദ്ര മന്ത്രിമാര്‍, ചില മുഖ്യമന്ത്രിമാര്‍, ടെക്‌നോക്രാറ്റ്, വിവിധ മേഖലകളിലെ വിദഗ്ധര്‍ തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന സമിതിയാണ് പുതിയ ഘടനയില്‍ ഉണ്ടാകുകയെന്ന സൂചനയാണ് ദിവസം മുഴുവന്‍ നീണ്ടുനിന്ന യോഗം നല്‍കുന്നത്. സമിതിയിലെ മുഖ്യമന്ത്രിമാരുടെ പങ്കാളിത്തം ഊഴം അടിസ്ഥാനത്തിലായിരിക്കും. സംസ്ഥാനങ്ങളുടെ ആവശ്യമനുസരിച്ച് ഫണ്ട് ചെലവഴിക്കാനുള്ള സ്വാതന്ത്ര്യമുണ്ടാകും. പുതിയ സംവിധാനത്തില്‍ സംസ്ഥാനങ്ങള്‍ക്ക് വലിയ പങ്കാളിത്തം നല്‍കുമെന്നാണ് മോദി പ്രഖ്യാപിച്ചത്.
സംവിധാനങ്ങള്‍ക്ക് കാലപരിധി തീരുമാനിച്ചിട്ടില്ലെന്നും കൂടിയാലോചനകള്‍ കഴിഞ്ഞ ശേഷം വേണ്ട നടപടികള്‍ കൈക്കൊള്ളുമെന്നും യോഗത്തെ സംബന്ധിച്ച് വിവരം പുറത്തുവിട്ട ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി വ്യക്തമാക്കി. റിപ്പബ്ലിക് ദിനത്തോടെ പുതിയ ഘടനയുടെ രൂപത്തെ സംബന്ധിച്ച് വ്യക്തമാകുമെന്നാണ് സൂചന. പശ്ചിമ ബംഗാള്‍, മിസോറം തിരഞ്ഞെടുപ്പ് നടക്കുന്ന ജമ്മു കാശ്മീര്‍, ഝാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാര്‍ യോഗത്തില്‍ പങ്കെടുത്തില്ല. 1950ല്‍ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു രൂപം നല്‍കിയ ആസൂത്രണ കമ്മീഷന്‍ നവീകരിക്കുക എന്ന ആശയത്തെ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ പിന്തുണച്ചെങ്കിലും കമ്മീഷനെ ഇല്ലാതാക്കുന്നതിനെ അവര്‍ ശക്തമായി എതിര്‍ത്തു. തമിഴ്‌നാട്, തെലങ്കാന മുഖ്യമന്ത്രിമാര്‍ എത്രയും പെട്ടെന്ന് കമ്മീഷന്‍ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ടു. കഴിഞ്ഞ സ്വാതന്ത്ര്യദിന പ്രസംഗത്തിലാണ് മോദി ആസൂത്രണ കമ്മീഷന്‍ ഇല്ലാതാക്കി പകരം സംവിധാനം ഏര്‍പ്പെടുത്തുമെന്ന് പ്രഖ്യാപിച്ചത്.

---- facebook comment plugin here -----

Latest