Connect with us

Wayanad

സി പി എം പോസ്റ്റര്‍ വിവാദം: ജില്ലാ സമ്മേളനം വരെ ചര്‍ച്ച വേണ്ടെന്ന്

Published

|

Last Updated

മാനന്തവാടി: നഗരത്തില്‍ സി പി എം ലോക്കല്‍ സെക്രട്ടറിക്കെതിരെയും ഏരിയാ സെക്രട്ടറിക്കെതിരെയും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ട സംഭവത്തിലും ഫെയ്‌സ് ബുക്ക് വിവാദത്തിലും ജില്ലാ സമ്മേളനം കഴിയും വരെ ചര്‍ച്ചകളോ പരാതികളോ വേണ്ടെന്ന് നേതൃത്വത്തിന്റെ നിര്‍ദേശം.
ജില്ലാ സമ്മേളനം ജനുവരി ഒന്ന്, രണ്ട് , മൂന്ന് തീയതകളില്‍ മാനന്തവാടിയില്‍ വെച്ചാണ് നടക്കുന്നതിനാലാണ് നേതൃത്വത്തിന്റെ കര്‍ശന നിര്‍ദേശം. ഏരിയ, ലോക്കല്‍ സെക്രട്ടറിമാരെ തിരഞ്ഞെടുത്തതിനെതിരെയാണ് കഴിഞ്ഞ ദിവസം പാര്ട്ടി ഓഫീസ് മതിലിലും രൂക്ഷ വിമര്‍ശനമുയര്‍ത്തി പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. ലോക്കല്‍ സെക്രട്ടറിയെ തിരഞ്ഞെടുത്തതിലാണ് പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ ശക്തമായ പ്രതിഷേധമുയര്‍ന്നത്.
ഡി വൈ എഫ് ഐ ജില്ലാ ബാരവാഹിയുടെ മൗനാനുവാദത്തോടെ ലോക്കല്‍ സെക്രട്ടറിയുമായി അതൃപ്തിയുള്ള ഡി വൈ എഫ് ഐ പ്രവര്‍ത്തകരാണ് പോസ്റ്റര്‍ പതിച്ചതെന്നത് പ്രവര്‍ത്തകര്‍ക്കിടയില്‍ പരസ്യമായ രഹസ്യമാണ്. സെക്രട്ടറിമാരെ തിരഞ്ഞെടുത്തതില്‍ 15ല്‍ ഒമ്പത് ബ്രാഞ്ച് സെക്രട്ടറിമാരും കടുത്ത അതൃപ്തി രേഖപ്പെടുത്തിയതായും പറയപ്പെടുന്നു. മൂന്നു ബ്രാഞ്ച് സെക്രട്ടറിമാര്‍ സ്ഥാനം ഒഴിയാന്‍ സന്നദ്ധത പ്രകടിപ്പിച്ചതായും സൂചനയുണ്ട്.
പോസ്റ്റര്‍ വിവാദം സംബന്ധിച്ച് തല്‍ക്കാലം അന്വേഷണങ്ങളോ നടപടികളോ വേണ്ടെന്നാണ് നേതൃത്വത്തിന്റെ തീരുമാനം. അതെ സമയം സെക്രട്ടറിമാരെ തിരഞ്ഞെടുത്തതില്‍ പാര്‍ട്ടി പുനര്‍വിചിന്തനം നടത്തിയില്ലെങ്കില്‍ ജില്ലാ സമ്മേളനത്തിന് ശേഷം വിമത വിഭാഗം പൊട്ടിത്തെറിക്കാനും ഇടയുണ്ട്. ഏതായാലും സെക്രട്ടറിമാരെ തിരഞ്ഞെടുത്തത് സംബന്ധിച്ച വിവാദങ്ങളും ചര്‍ച്ചകളും പാര്‍ട്ടിക്കുള്ളില്‍ കൊഴുക്കുകയാണ്.
എന്നാല്‍ ജില്ലാ സമ്മേളനം കഴിയുന്നത് വരെ പ്രവര്‍ത്തകരെ ശാന്തമാക്കി നിര്‍ത്താനുള്ള ശ്രമത്തിലാണ് നേതൃത്വം. അതെ സമയം ജില്ലാ സമ്മേളനത്തിന്റെ പൊലിമകുറക്കുന്നതിന്റെ ഭാഗമായാണ് പുതിയ വിവാദങ്ങളെന്നാണ് ഔദ്യോഗിക പക്ഷത്തിന്റെ ന്യായീകരണം.

Latest