തുള്ളിമരുന്ന് നല്‍കുന്നതില്‍ വീഴ്ച വരുത്തിയവര്‍ക്കെതിരെ നടപടി വേണം

Posted on: December 5, 2014 2:00 pm | Last updated: December 5, 2014 at 2:00 pm

മാനന്തവാടി: തുള്ളിമരുന്ന് നല്‍കുന്നതില്‍ വീഴ്ച വരുത്തുകയും സംഭവം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ അപമര്യാദയായി പെരുമാറുകയും ചെയ്തവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും അല്ലാത്ത പക്ഷം ജനകീയ പ്രക്ഷോഭം ആരംഭിക്കുമെന്നും വെള്ളമുണ്ട ഗ്രാമപഞ്ചായത്തംഗം സി ജി പ്രത്യൂഷ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
തരുവണ സ്വദേശി ചേക്ക് ഹാരിസിന്റെ ഒരു വയസ്സും പത്ത് മാസം പ്രായവുമുള്ള മകനെ നവംബര്‍ 12ന് ഒന്നര വയസ്സിന്റെ കുത്തിവെപ്പിന് ശേഷമുള്ള തുള്ളിമരുന്ന് നല്‍കാന്‍ കൊണ്ട് ചെന്നപ്പോള്‍ തുള്ളിമരുന്നല്ല ഇഞ്ചക്ഷനാണ് എന്ന് പറഞ്ഞ് കുട്ടിയുടെ മാതാപിതാക്കളും സ്ഥലത്തുണ്ടായിരുന്ന നഴ്‌സും ആവശ്യപ്പെട്ടത് ഗൗനിക്കാതെ ഒന്നരവയസ്സില്‍ നല്‍കിയ ഇഞ്ചക്ഷന്‍ വീണ്ടും ആവര്‍ത്തിച്ചു.
വൈകുന്നേരത്തോടെ പനിയും ഛര്‍ദ്ദിയും അനുഭവപ്പെട്ട കുട്ടിയെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. അപ്പോള്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സ് നാളെ രാവിലെ 10ന് കുത്തിവെച്ച തുറക്കുമെന്നും അവിടെ പോയി പറഞ്ഞാല്‍ മതിയെന്നും പറഞ്ഞ് തിരിച്ചയക്കാന്‍ ശ്രമിച്ചു. അവശനായ കുട്ടിയെ കാണിച്ച് ഇതിന് പരിഹാരമുണ്ടാക്കാന്‍ മാതാവ് ആവശ്യപ്പെട്ടപ്പോള്‍ മാത്രമാണ് ഡോക്ടര്‍ വരുന്നത് വരെ കാത്ത് നില്‍ക്കാന്‍ പറഞ്ഞതും അഡ്മിറ്റ് രേഖപ്പെടുത്തിയതും. പിറ്റേ ദിവസം രാവിലെ പരിശോധിക്കാന്‍ ശിശു രോഗ ഡോക്ടര്‍ എത്തിയപ്പോള്‍ കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയപ്പോള്‍ നഴ്‌സുമാരുടേയും ജനങ്ങളുടേയും ഇടയില്‍ വെച്ച് വളരെ മോശമായ രൂപത്തില്‍ കുട്ടിയുടെ മാതാവിനോട് പെരുമാറുകയും ചെയ്തു.
നിത്യേന നൂറുക്കണക്കിന് പേര്‍ വരുന്നതാണെന്നും വിഴ്ചകള്‍ സംഭവിക്കുമെന്നും ശ്രദ്ധിക്കേണ്ടത് രക്ഷിതാക്കളാണെന്നും നിങ്ങളുടെ അതെ വിദ്യാഭ്യാസമുള്ള നഴ്‌സുമാരാണ് ഇവിടെ ഡ്യൂട്ടിയിലുള്ളതെന്നും എന്നുമാണ് ഡോക്ടറില്‍ നിന്നും ലഭിച്ച മറുപടി. ഇത് സംബന്ധിച്ച് നവംബര്‍ 13ന് സൂപ്രണ്ടിന് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. വാര്‍ത്താ സമ്മേളനത്തില്‍ സി ഹാരിസ്, ഇബ്‌റാഹീം ചേക്ക്, ടി വി ബാലചന്ദ്രന്‍ എന്നിവര്‍ സംബന്ധിച്ചു.