നാട്ടുകാര്‍ അന്തര്‍ സംസ്ഥാന പാത ഉപരോധിച്ചു

Posted on: December 5, 2014 1:56 pm | Last updated: December 5, 2014 at 1:56 pm

ഗൂഡല്ലൂര്‍: കാട്ടാനാക്രമണത്തില്‍ വൃദ്ധന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് ബിദര്‍ക്കാടില്‍ ജനങ്ങള്‍ ഗൂഡല്ലൂര്‍-സുല്‍ത്താന്‍ ബത്തേരി അന്തര്‍സംസ്ഥാന പാത ഉപരോധിച്ചു. കഴിഞ്ഞ ബുധനാഴ്ച രാത്രി ഒമ്പത് മുതല്‍ പുലര്‍ച്ചെ മൂന്ന് വരെയാണ് റോഡ് ഉപരോധിച്ചത്.
തൃക്കൈപറ്റയിലെ നെല്ലിമാളം ശങ്കരന്‍നായരുടെ മകന്‍ രാമവര്‍മ എന്ന കുട്ടന്‍ നായര്‍ (65) ആണ് കാട്ടാനാക്രമണത്തില്‍ കൊല്ലപ്പെട്ടത്.
മുക്കട്ടിയിലെ സ്വകാര്യ എസ്റ്റേറ്റ് പാറാവുകാരനാണ് ഇയാള്‍. ബിദര്‍ക്കാടില്‍ നിന്ന് മുക്കിട്ടിയിലെ സ്വകാര്യ എസ്റ്റേറ്റിലെ കാപ്പിത്തോട്ടത്തിലെ ഷെഡിലേക്ക് നടന്നുപോകുന്നതിനിടെ കാട്ടാന ഇയാളെ ആക്രമിക്കുകയായിരുന്നു.
സംഭവസ്ഥലത്ത് വെച്ച് തന്നെ ഇയാള്‍ മരിച്ചു. ബുധനാഴ്ച രാത്രി 8.45ഓടെയാണ് സംഭവം.
വിവരമറിഞ്ഞ് നാട്ടുകാര്‍ റോഡ് ഉപരോധിക്കുകയായിരുന്നു. മൃതദേഹം എടുത്ത് മാറ്റാന്‍ ജനങ്ങള്‍ ആദ്യം അനുവദിച്ചില്ല. കാട്ടാനാക്രമണത്തിന് ശാശ്വതപരിഹാരം കാണുക, മതിയായ നഷ്ട പരിഹാരം നല്‍കുക, വനാതിര്‍ത്തിയില്‍ കിടങ്ങ് നിര്‍മിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് റോഡ് ഉപരോധിച്ചത്. സമരം കാരണം ആറ് മണിക്കൂര്‍ വാഹനഗതാഗതം തടസപ്പെട്ടു. റോഡിന്റെ ഇരുവശങ്ങളിലും നിരവധി വാഹനങ്ങള്‍ കുടുങ്ങി കിടന്നിരുന്നു. രാത്രിയില്‍ തണുപ്പ് പോലും വകവെക്കാതെ ജനം തടിച്ചുകൂടുകയായിരുന്നു. വിവരമറിഞ്ഞ് ഗൂഡല്ലൂര്‍ ആര്‍ ഡി ഒ വിജൈ ബാബു, പന്തല്ലൂര്‍ തഹസില്‍ദാര്‍ ഹാരി, ഗൂഡല്ലൂര്‍ ഡി വൈ എസ് പി ഗോപി, ദേവാല ഡി വൈ എസ് പി സുബ്രഹ്മണ്യന്‍, നെല്ലാക്കോട്ട എസ് ഐ റഹീം, ബിദര്‍ക്കാട് ഫോറസ്റ്റ് റെയ്ഞ്ചര്‍ സോമസുന്ദരം, റെയ്ഞ്ചര്‍മാരായ ഗണേഷന്‍, രാമചന്ദ്രന്‍ എന്നിവര്‍ സ്ഥലത്തെത്തി ജനങ്ങളുമായി ചര്‍ച്ച നടത്തി.പുലര്‍ച്ചെ മൂന്ന് മണിക്ക് മൃതദേഹം ഗൂഡല്ലൂര്‍ താലൂക്ക് ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റുകയായിരുന്നു.
മലയാളിയായ ഇയാള്‍ വര്‍ഷങ്ങളായി ബിദര്‍ക്കാടില്‍ തനിച്ച് താമസിച്ചുവരികയായിരുന്നു. ബിദര്‍ക്കാട് ചുങ്കത്തെ സ്വകാര്യ ഹോട്ടലില്‍ കുറെ വര്‍ഷം ജോലി ചെയ്തിട്ടുണ്ട്. രണ്ട് ദിവസം മുമ്പ് പയ്യോളിയിലെ വീട്ടിലേക്ക് വിളിച്ച് മക്കളോട് ഞാന്‍ വീട്ടിലേക്ക് വരുന്നുണ്ടെന്ന് അറിയിച്ചിരുന്നു.
മാസത്തില്‍ വീട്ടില്‍ പോയി ബന്ധുക്കളോടൊപ്പം കഴിയാറുണ്ട്. നീലഗിരിയില്‍ കാട്ടാനാക്രമണങ്ങള്‍ തുടര്‍കഥയാവുകയാണ്. നാല് മാസം മുമ്പാണ് അയ്യംകൊല്ലിയില്‍ ആദിവാസിയെ കാട്ടാന ചവിട്ടികൊന്നത്.