ഇറാന്റെ ഇസില്‍ വിരുദ്ധ ആക്രമണം: ക്രിയാത്മകമായ നിലപാടെന്ന് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി

Posted on: December 5, 2014 4:49 am | Last updated: December 4, 2014 at 10:21 pm

iranവാഷിംഗ്ടണ്‍: ഇസിലിനെതിരെ ഇറാന്‍ വ്യോമാക്രമണം നടത്തിയ നടപടി ക്രിയാത്മകമെന്ന് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി. 60 സംസ്ഥാനങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുകയായിരുന്നു അദ്ദേഹം. ഇസിലിനെതിരെ ഇറാന്‍ വ്യോമാക്രമണം നടത്തിയെന്ന് നേരത്തെ പെന്റഗണ്‍ അവകാശപ്പെട്ടിരുന്നു.
ഇറാഖിലും സിറിയയിലും ഇസില്‍ തീവ്രവാദികള്‍ നടത്തുന്ന മുന്നേറ്റം തടയാന്‍ അമേരിക്കയുടെയും ബ്രിട്ടന്റെയും നേതൃത്വത്തിലുള്ള വ്യോമാക്രമണങ്ങള്‍ സഹായകമായി. പക്ഷേ ഇവരെ പൂര്‍ണമായി പരാജയപ്പെടുത്താന്‍ വര്‍ഷങ്ങള്‍ വേണ്ടിവരും. എന്നാല്‍ ഇറാനുമായി ഏതെങ്കിലും തരത്തിലുള്ള സൈനിക സഹകരണം ഇതുവരെയും ഉണ്ടായിട്ടില്ലെന്നും ജോണ്‍ കെറി ചൂണ്ടിക്കാട്ടി.
എന്നാല്‍ ഇസിലിനെതിരെയുള്ള വ്യോമാക്രമണ വാര്‍ത്തകള്‍ ഇറാന്‍ തള്ളിക്കളയുകയോ സ്ഥിരീകരിക്കുകയോ ചെയ്തിട്ടില്ല.
അതേസമയം, അമേരിക്കയുടെയും ബ്രിട്ടന്റെയും നേതൃത്വത്തില്‍ അരങ്ങേറുന്ന ഇസില്‍ വിരുദ്ധ യുദ്ധം ഫലശൂന്യമാണെന്ന് കഴിഞ്ഞ ദിവസം സിറിയന്‍ പ്രസിഡന്റ് ബശാര്‍ അല്‍ അസദ് വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ ദിവസം സഖ്യസേന പുറത്തുവിട്ട ഒരു പ്രസ്താവനയില്‍, ഇസിലിന്റെ മുന്നേറ്റം അവസാനിപ്പിച്ചതായും നിരവധി പ്രദശങ്ങള്‍ ഇറാഖിലെ കുര്‍ദിശ് സൈന്യം തിരിച്ചുപിടിച്ചെന്നും അവകാശപ്പെട്ടു.
അമേരിക്കക്ക് പുറമെ സഊദി അറേബ്യ, യു എ ഇ, ജോര്‍ദാന്‍, ബഹ്‌റൈന്‍ തുടങ്ങിയ അറബ് രാജ്യങ്ങളും ഇസില്‍ വിരുദ്ധ യുദ്ധത്തില്‍ പങ്കെടുക്കുന്നുണ്ട്.