കപ്പ് മലപ്പുറത്തിന്റെ കൈപിടിയില്‍

Posted on: December 4, 2014 10:26 am | Last updated: December 4, 2014 at 10:26 am

മലപ്പുറം: കോട്ടയത്തിന്റെ മനക്കോട്ടകള്‍ക്ക് പ്രഹരമേല്‍പിച്ച് മലപ്പുറം ഒരിക്കല്‍ കൂടി കാല്‍പന്തുകളിയില്‍ വിജയകിരീടം ചൂടി. വിജയം മാത്രം ലക്ഷ്യമിട്ട് ബൂട്ട് കെട്ടിയ മലപ്പുറം ഒടുവില്‍ അത് നേടുക തന്നെ ചെയ്തു. കഴിഞ്ഞ വര്‍ഷം കപ്പിനും ചുണ്ടിനുമിടയില്‍ നഷ്ടമായ കിരീടം തിരിച്ചു പിടിച്ച മലപ്പുറത്തിന്റെ ചുണക്കുട്ടികള്‍ക്ക് ഇന്നലെ ഹീറോ പരിവേശമായിരുന്നു.
മലപ്പുറം ഗ്രൗണ്ടിലിറങ്ങുന്ന ദിവസങ്ങളിലെല്ലാം കോട്ടപ്പടി സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയ കാണികള്‍ ആഗ്രഹിച്ചത് തന്നെ സംഭവിച്ചു. സെമിഫൈനലില്‍ കാസര്‍കോഡിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് ഫൈനലിലെത്തിയ കോട്ടയത്തിന് മലപ്പുറത്തിന്റെ കളിമിടുക്കിന് മുന്നില്‍ മുട്ടുകുത്തേണ്ടി വന്നു. ഫുട്‌ബോള്‍ ആരാധകര്‍ക്ക് ആഹ്ലാദിക്കാന്‍ കഴിയുന്ന നിരവധി മുഹൂര്‍ത്തങ്ങളാണ് കളിയില്‍ മലപ്പുറത്തിന്റെ ബൂട്ടില്‍ നിന്ന് പ്രവഹിച്ചത്. മലപ്പുറത്തിന്റെ ഗോളി അബ്ദുസലാമിന്റെ ഉഗ്രന്‍ ഡൈവിംഗുകള്‍ക്കും ഇന്നലെ ഗ്യാലറിയില്‍ നിറഞ്ഞ പതിനായിരങ്ങള്‍ സാക്ഷികളായി. വല കുലുങ്ങേണ്ടിയിരുന്ന കോട്ടയത്തിന്റെ ഷോട്ടുകളാണ് സലാം ഉയര്‍ന്ന് പൊങ്ങിയും ഡൈവ് ചെയ്തും കൈപിടിയിലൊതുക്കിയത്. കോട്ടയം ചെറിയ പാസുകളിലൂടെ മുന്നേറ്റത്തിന് ശ്രമിച്ചപ്പോഴെല്ലാം ഗോളിയെ ഭേദിച്ച് പന്ത് വലയിലാക്കാന്‍ കോട്ടയത്തിന് കഴിയാതിരുന്നതാണ് ആശ്വാസഗോള്‍ പോലും നേടുന്നതില്‍ നിന്ന് അവരെ വിലക്കയത്. കോട്ടയത്തിന് വേണ്ടി മൂന്ന് മലപ്പുറത്തുകാര്‍ ഇന്നലെ മത്സരത്തിനിറങ്ങിയിരുന്നു. മുഹമ്മദ് ആസിഫ്, ഷാദിന് വാളന്‍, കെ സല്‍മാല്‍ എന്നിവരായിരുന്നു കോട്ടയത്തിന് വേണ്ടി സ്വന്തം ജില്ലക്കെതിരെ മത്സരിച്ചത്. എം ഡി ദിപിന് അന്‍പത്തിനാലാം മിനിറ്റിലും അറുപത്തിയാറാം മിനിറ്റിലും മലപ്പുറത്തിന്റെ ഗോള്‍വല ചലിപ്പിക്കാന്‍ അവസരം ലഭിച്ചെങ്കിലും നിര്‍ഭാഗ്യം അവരെ വേട്ടയാടുകയായിരുന്നു. അറുപത്തിയെട്ടാം മിനിറ്റില്‍ രണ്ട് അവസരങ്ങളാണ് കോട്ടയത്തിന് ലഭിച്ചത്. പക്ഷെ ഗോളി സലാം പന്ത് തടുത്തിട്ട് കോട്ടയത്തെ വെല്ലുവിളിച്ച്‌കൊണ്ടിരുന്നു. എട്ടോളം അവസരങ്ങളാണ് കോട്ടയം കളഞ്ഞ് കുളിച്ചത്. ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചിട്ടും കളിക്കമ്പക്കാരെ ഉള്‍കൊള്ളാനാകാതെ കോട്ടപ്പടി സ്റ്റേഡിയം വീര്‍പ്പ് മുട്ടി. ഗ്യാലറി നിറഞ്ഞ് കവിഞ്ഞതോടെ ഗ്രൗണ്ടിന് നാല് അരികിലും കാണികള്‍ ഇടംപിടിച്ചു. സ്റ്റേഡിയത്തിന് തൊട്ടപ്പുറത്തുള്ള ഉയര്‍ന്ന കെട്ടിടങ്ങള്‍ക്ക് മുകളില്‍ കയറിയാണ് നൂറ്കണക്കിന് പേര്‍ കളികണ്ടത്. 6.50നാണ് മത്സരം തുടങ്ങിയതെങ്കിലും സ്റ്റേഡിയം ആറ് മണിയോടെ തന്നെ നിറഞ്ഞ് കവിഞ്ഞിരുന്നു. വിജയികളായ മലപ്പുറത്തിന് നഗരസഭാ ചെയര്‍മാന്‍ കെ പി മുസ്തഫ ട്രോഫി സമ്മാനിച്ചു.