ദേശീയദിനാഘോഷ നിറവില്‍ യു എ ഇ

Posted on: December 2, 2014 10:12 pm | Last updated: December 2, 2014 at 10:11 pm

ADC_6271അബുദാബി: യു എ ഇ ദേശീയദിനാഘോഷ നിറവില്‍. രാജ്യമെങ്ങും ബഹുവര്‍ണ പതാകകള്‍ കൊണ്ടും ഭരണാധികാരികളുടെ ചിത്രങ്ങള്‍ കൊണ്ടും അലങ്കരിച്ചിരിക്കുന്നു. പലേടങ്ങളിലും പരിപാടികള്‍ ഉണ്ട്. അബുദാബി നാഷണല്‍ എക്‌സിബിഷന്‍ സെന്ററിലെ ഓപ്പണ്‍ സ്‌റ്റേഡിയത്തില്‍ കര, വ്യോമ, നാവിക സേനയുടെ സംയുക്താഭിമുഖ്യത്തില്‍ ദേശീയദിന പരേഡ് നടക്കും.
അബുദാബിയിലും അല്‍ഐനിലും യുഎഇ വ്യോമ സേന എയ്‌റോബാറ്റിക് ടീം അല്‍ ഫുര്‍സാന്‍ വ്യോമാഭ്യാസ പരിപാടികളും ഭീമന്‍ ദേശീയപതാക വഹിച്ചുകൊണ്ടുള്ള വ്യോമയാത്രയും നടത്തും. യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫാ ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ രക്ഷാകര്‍തൃത്വത്തിലാണ് ഇന്ന് ഉച്ചക്ക് 12 മുതല്‍ വൈകുന്നേരം മൂന്നുവരെ ദേശീയ ദിനാഘോഷ പരേഡ്.
ഖലീജ് അല്‍ അറബ് സ്ട്രീറ്റിലെ ഫസ്റ്റ് ഗള്‍ഫ് ബേങ്ക് ഹാള്‍ അരേനയില്‍ നിന്ന് ആഘോഷ പരിപാടി കാണാനെത്തുന്നവര്‍ക്ക് നാഷണല്‍ എക്‌സിബിഷന്‍ സെന്റര്‍ സ്‌റ്റേഡിയത്തിലേക്കും തിരിച്ചും പ്രത്യേക വാഹന സൗകര്യം ഉണ്ടായിരിക്കും. അബുദാബി, അല്‍ ഐന്‍, പടിഞ്ഞാറന്‍ മേഖലയില്‍ ദേശീയ ദിനാഘോഷ പരിപാടികള്‍ ആരംഭിച്ചു. അല്‍ വത്ബയില്‍ ശൈഖ് സായിദ് പൈതൃകോത്‌സവ നഗരിയിലും അല്‍ഐന്‍ ഫാത്തിമ സഹറിലും ഇന്ന് ദേശീയദിന പരിപാടികള്‍ നടക്കും. അല്‍ഐന്‍ ഹസ്സ ബിന്‍ സായിദ് സ്‌റ്റേഡിയത്തില്‍ ദേശീയ ദിനാഘോഷ ദിനമായ രണ്ടിനും മൂന്നിനും പരിപാടി നടക്കും.
അബുദാബി കോര്‍ണിഷിലും ഖോര്‍ മക്ത ഏരിയയിലും വത്ഭയിലെ ശൈഖ് സായിദ് ഹെറിറ്റേജ് ഫെസ്റ്റിവല്‍ നഗരിയിലും ഇന്ന് രാത്രി ഒന്‍പതിന് കരിമരുന്നുപ്രയോഗം നടക്കും. അല്‍ ഗര്‍ബിയയിലെ മദീനാ സായിദ് പാര്‍ക്ക,് ഡെല്‍മ ഐലന്‍ഡ് അല്‍ ശില എന്നിവിടങ്ങളിലെ പബ്ലിക് പാര്‍ക്കുകളിലും ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ഇന്ന് രാത്രി ഒന്‍പതിന് കരിമരുന്നു പ്രയോഗം നടക്കും.