Connect with us

Kerala

'സോമാലിയന്‍' സഭയില്‍ ലഹരി ഇല്ലാതെ ബാര്‍കോഴ

Published

|

Last Updated

തിരുവനന്തപുരം: വല്ലതുമൊക്കെ സംഭവിക്കുമെന്നായിരുന്നു തോന്നല്‍. കെ എം മാണിയെ കുരിശിലേറ്റിയേ അടങ്ങൂവെന്ന മട്ടിലാണ് പ്രതിപക്ഷം സഭയിലെത്തിയതും.
പ്ലക്കാര്‍ഡ്, കറുത്ത തുണിയില്‍ മുഴുത്ത അക്ഷരത്തില്‍ തന്നെ മാണിയുടെ രാജി ആവശ്യപ്പെടുന്ന ബാനര്‍. ചോദ്യോത്തര വേള തന്നെ നിര്‍ത്തി പ്രശ്‌നം ചര്‍ച്ച ചെയ്യണമെന്ന ആവശ്യവും. നടപടിക്രമങ്ങളെല്ലാം അവിടം കൊണ്ട് തീരുമെന്നാണ് തോന്നിയത്. ശൂന്യവേളയിലാകാമെന്ന് ചെയറിലുണ്ടായിരുന്ന ഡെപ്യൂട്ടി സ്പീക്കര്‍ ചട്ടം പറഞ്ഞതോടെ ആദ്യവെടി നിര്‍ത്തല്‍. ശ്യൂന്യവേളയായി. കോടിയേരി ബാലകൃഷ്ണന്‍ വിഷയം അവതരിപ്പിച്ചു. മാണിക്ക് ഒരു കോടി കിട്ടിയിട്ടുണ്ട്. 15 ലക്ഷം ആദ്യം പാലായിലെ വീട്ടില്‍. പിന്നെ 35 ലക്ഷം തിരുവനന്തപുരത്ത്, 50 കൂടി പാലയിലെത്തിച്ചതോടെ ഒരു കോടിയായി. തെളിവ് കിട്ടുന്നില്ലെന്ന പരാതിക്കും കോടിയേരി വശം മറുമരുന്നുണ്ട്. മുമ്പ് വിജിലന്‍സ് വകുപ്പ് കൈകാര്യം ചെയ്തതിനാല്‍ തെളിവ് കണ്ടെത്താനുള്ള വഴികള്‍ പറഞ്ഞു. പണം കൊടുത്തവരുടെ പേരും തീയ്യതിയും ബിജു രമേശ് പറഞ്ഞിട്ടുണ്ട്. മൊബൈല്‍ ടവര്‍ പരിശോധിച്ച് ഇതിന് സ്ഥിരീകരണം ഉണ്ടാക്കാം.
ഘട്ടം ഘട്ടമായുള്ള മദ്യനിരോധം തന്നെ ഘട്ടം ഘട്ടമായി കൈക്കൂലി വാങ്ങാനാണ്. മാണിക്ക് മാത്രമല്ല, മുഖ്യമന്ത്രിക്കും എക്‌സൈസ് മന്ത്രിക്കും വിഹിതം കിട്ടിയിട്ടുണ്ട്. ഇതറിയാന്‍ സി സി ടി വി പരിശോധിക്കണം. സംഭവിച്ചതെല്ലാം ശരിയെന്ന് പി സി ജോര്‍ജ് സ്ഥിരീകരിച്ചതും തെളിവായെടുക്കാം. ചാനല്‍ വെളിപ്പെടുത്തലുകള്‍ തെളിവായി കണക്കാക്കാമെന്ന എവിഡന്‍സ് ആക്ടും കോടിയേരി ഉദ്ധരിച്ചു. തീര്‍ന്നില്ല. തെളിവുകളെല്ലാം സമാഹരിച്ച് തയ്യാറാക്കിയ സി ഡിയും കയ്യിലുണ്ട്. വേണമെങ്കില്‍ ഇത് സഭയുടെ മേശപ്പുറത്ത് വെക്കാനും തയ്യാര്‍. സി ഡി കണ്ടാല്‍ മാണിയെ പുറത്താക്കേണ്ടി വരുമെന്ന മുന്നറിയിപ്പും നല്‍കിയതോടെ വീണ്ടും പിരിമുറുക്കം.
കൈക്കൂലി വാങ്ങുന്നത് കേരളാകോണ്‍ഗ്രസിന്റെ പാരമ്പര്യമല്ല, ഇതിന് സാക്ഷിയായി സഭാരേഖകളാണ് മാണിക്ക് കൂട്ട്. കവലയില്‍ ഇരുന്ന് നാളെ കോടിയേരി കൈക്കൂലി വാങ്ങിയെന്ന് ആരെങ്കിലും പറഞ്ഞാല്‍ അത് കേട്ട് രാജിവെക്കുമോയെന്നറിയാനും മാണി മോഹിച്ചു. ബാര്‍ മുതലാളിമാരുമായി കോടിയേരി ഗൂഢാലോചന നടത്തുമെന്ന് സ്വപ്‌നത്തില്‍ പോലും അദ്ദേഹം വിചാരിച്ചതുമല്ല. അന്വേഷണം കൃത്യമായി മുന്നോട്ടുപോകുമെന്നതില്‍ രമേശ് ചെന്നിത്തലക്ക് രണ്ട് പക്ഷമില്ല. ഇതില്‍ വിശ്വസിച്ച സ്പീക്കര്‍ അടിയന്തരപ്രമേയത്തിന് അവതരണാനുമതിയും നിഷേധിച്ചു. പ്രതിഷേധ സൂചകമായി വി എസ് അച്യുതാനന്ദന്‍ ഇറങ്ങിപ്പോക്ക് പ്രഖ്യാപിച്ചതോടെ രണ്ടാം വെടിനിര്‍ത്തല്‍. മല പോലെ വന്നത് എലിപോലെ പോയെന്ന പഴം ചൊല്ലുപോലെയായി കാര്യങ്ങള്‍.
പ്രതിപക്ഷ ബഹളത്തില്‍ ബില്ലുകള്‍ ചുട്ടെടുത്ത് ശൂന്യവേളയില്‍ തന്നെ എല്ലാം തീരുമെന്നായിരുന്നു കണക്ക് കൂട്ടല്‍. നിയമസഭാ ക്യാന്റീനില്‍ ഉച്ചഭക്ഷണം പോലും തയ്യാറാക്കിയിരുന്നില്ല. സഭ തുടര്‍ന്നതോടെ ഭക്ഷണമില്ലാത്തതായി അടുത്ത പ്രശ്‌നം. പട്ടിണി ദുരിതം അനുഭവിക്കുന്ന സോമാലിയയിലെ ഏതോ പ്രവ്യശ്യാഅസംബ്ലിയില്‍ നടക്കുന്ന ചര്‍ച്ച പോലെയായി കാര്യങ്ങള്‍. വിശപ്പിന്റെ വിളിയില്‍ ക്ഷുഭിതനായ ബാലന്‍ ഉടന്‍ ഭക്ഷണം കിട്ടിയില്ലെങ്കില്‍ വീഴുമെന്ന് മുന്നറിയിപ്പ് നല്‍കി. എം എല്‍ എ ഹോസ്റ്റല്‍ ക്യാന്റീനും അടച്ച് പൂട്ടല്‍ ഭീഷണി നേരിടുകയാണെന്ന് സി പി മുഹമ്മദും ഇ പി ജയരാജനും. നാളെ വയറ് നിറയെ ഭക്ഷണം കിട്ടുമെന്ന് ചെയറിലുണ്ടായിരുന്ന ഡെപ്യൂട്ടി സ്പീക്കറുടെ ഉറപ്പ്. ഇന്ന് വയറ് നിറഞ്ഞിട്ടല്ലേ നാളത്തെ കാര്യമെന്നായി കോടിയേരി. ചര്‍ച്ച വേണ്ടെന്നും ഇപ്പൊ ശരിയാക്കി തരാമെന്നുമുള്ള ചെയറിന്റെ ഉറപ്പ് വിശ്വസിച്ച് നിയമനിര്‍മാണത്തിലേക്ക് കടന്നു.
പരിഗണിക്കാന്‍ നിശ്ചയിച്ചത് രണ്ട് നിയമം. സര്‍വകലാശാല ഭേദഗതിയും പഞ്ചായത്തീരാജ് ഭേദഗതിയും. രണ്ട് ബില്ലും പാസാക്കി സഭ പിരിഞ്ഞതാകട്ടെ പാതി രാത്രിയും. കാലത്തിന്റെ ചുവരെഴുത്ത് വായിച്ച് കോളജുകള്‍ക്ക് സ്വയംഭരണം നല്‍കാനാണ് സര്‍വകലാശാല നിയമത്തിലെ ഭേദഗതി. എന്നാല്‍ വി സിമാരുടെ യോഗ്യതയും സിന്‍ഡിക്കേറ്റിലെ സംഘര്‍ഷവുമായിരുന്നു ചര്‍ച്ചയെ നയിച്ച ഇന്ധനം. സ്വയംഭരണം എന്ന ആശയത്തോട് യോജിപ്പാണെങ്കിലും കേരളത്തില്‍ ഇങ്ങിനെയൊരു നിയമം കൊണ്ടുവരുന്നതിനെ എ പ്രദീപ്കുമാര്‍ അനുകൂലിച്ചില്ല. സ്വയംഭരണം നല്‍കുന്നവരുടെ കൈകള്‍ ശുദ്ധമല്ലെന്നതായിരുന്നു കാരണം. അന്തിച്ചന്തയില്‍ വാങ്ങുന്ന സാധനമായി വിദ്യാഭ്യാസം മാറിയെന്ന് വി ശിവന്‍കുട്ടി. കാലിക്കറ്റ് സിന്‍ഡിക്കേറ്റില്‍ കത്തിക്കുത്തല്ലാത്തതെല്ലാം നടക്കുന്നു. കേരളയില്‍ പട്ടിക ജാതിക്കാരനായ പി വി സിയെ സിന്‍ഡിക്കേറ്റംഗം തന്തക്ക് വിളിക്കുന്നു. വീടാക്രമിക്കുന്നു. നടപടിയൊന്നുമില്ല. തന്തക്ക് വിളിച്ച ജ്യോതികുമാര്‍ ചാമക്കാലയെ ചെവിക്കുറ്റിക്ക് അടിക്കണമെന്ന് പി സി ജോര്‍ജും. ഓട്ടോണമസ് എന്ന ദുര്‍ഭൂതത്തിന് മുന്നില്‍ ഉന്നത വിദ്യാഭ്യാസം പകച്ച് നില്‍ക്കുന്ന സാഹചര്യമാണെന്ന് കെ ടി ജലീലും നിരീക്ഷിച്ചു. ചെരിപ്പിനൊത്ത് കാല് മുറിക്കുകയാണ്. ഡീംഡ് യൂനിവേഴ്‌സിറ്റികളെന്നാല്‍ വിദ്യാഭ്യാസ കടകള്‍ എന്ന് പേര് മാറ്റേണ്ട സാഹചര്യമാണെന്നും ജലീല്‍ പറഞ്ഞു. പ്രതിപക്ഷ വിയോജിപ്പോടെ തന്നെയാണ് ബില്ല് പാസാക്കിയത്. മൂന്നാം വായനയില്‍ പാസാക്കാന്‍ മന്ത്രി അപേക്ഷിച്ചപ്പോള്‍ ബില്‍ കോപ്പി കീറി എറിഞ്ഞായിരുന്നു പ്രതിപക്ഷം. രണ്ടാം ഇറങ്ങി പോക്കും പൂര്‍ത്തിയാക്കി പഞ്ചായത്തീരാജ് ഭേദഗതിയിലേക്ക് കടന്നു.

Latest