Connect with us

Malappuram

മന്ത്രി വിളിച്ച് ചേര്‍ത്ത യോഗത്തില്‍ ഉദ്യോഗസ്ഥന്മാര്‍ക്ക് രൂക്ഷ വിമര്‍ശം

Published

|

Last Updated

തിരൂരങ്ങാടി: നിയോജക മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ സ്ഥലം എം എല്‍ എയായ മന്ത്രി പി കെ അബ്ദുര്‍റബ്ബ് വിളിച്ചുചേര്‍ത്ത യോഗത്തില്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥന്മാര്‍ക്ക് ശകാരവര്‍ഷം. തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ വിളിച്ച് ചേര്‍ത്ത യോഗത്തിലാണ് സംഭവം.
യോഗത്തില്‍ പങ്കെടുക്കാതിരുന്ന പി ഡബ്ല്യൂ ഡി കെട്ടിട വിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയറെ യോഗത്തില്‍ മന്ത്രി ഫോണില്‍ വിളിച്ച് യോഗത്തില്‍ പങ്കെടുക്കാതിരുന്നതിലുള്ള കാരണം ചോദിച്ചു. ഏറെ നേരം മന്ത്രി ഇദ്ദേഹത്തെ ഫോണിലൂടെ തന്റെ പ്രതിഷേധം അറിയിച്ചു.
മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിവിധ വകുപ്പ് ഉദ്യോഗസ്ഥന്മാരോട് വിശദീകരണം ആവശ്യപ്പെടുകയും തൃപ്തികരമായ മറുപടി ലഭിക്കാത്ത ഉദ്യോഗസ്ഥരെ മന്ത്രി കണക്കിന് ശാസിക്കുകയും ചെയ്തു. കാളം തിരുത്തിയിലെ ബദല്‍ വിദ്യാലയം എല്‍ പി സ്‌കൂളാക്കി ഉയര്‍ത്തുന്നതിന് 12 വര്‍ഷം മുമ്പ് നടപടി കൈകൊണ്ടിട്ടും ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥത മൂലം ഇതുവരേയും സ്ഥലം ഏറ്റെടുക്കാന്‍ സാധിക്കാത്തതില്‍ മന്ത്രി തന്റെ പ്രതിഷേധം അറിയിച്ചു. എത്രയും പെട്ടെന്ന് നടപടി സ്വീകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
താലൂക്ക് ആശുപത്രിയിലെ ജീവനക്കാരുടെ കുറവ് നികത്തുന്നതിനും ഉള്ള ജീവനക്കാര്‍ ആത്മാര്‍ഥമായി ജോലി ചെയ്യുന്നതിനും മന്ത്രി നിര്‍ദേശം നല്‍കി. എ ഡി എം ജോസ്, ബ്ലോക്ക് പ്രസിഡന്റ് വി വി ജമീല, അഡ്വ. പി എം എ സലാം, ജില്ലാ പഞ്ചായത്ത് അംഗം സി പി ജമീല, തിരൂരങ്ങാടി, നന്നമ്പ്ര, പരപ്പനങ്ങാടി, പെരുമണ്ണക്ലാരി, തെന്നല, എടരിക്കോട് പഞ്ചായത്ത് പ്രസിഡന്റുമാര്‍, വിവിധ സര്‍ക്കാര്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Latest