ചെയര്‍മാന്‍ തിരഞ്ഞെടുപ്പ് വൈകുന്നതിനെ ചൊല്ലി കൗണ്‍സില്‍ യോഗത്തില്‍ ബഹളം

Posted on: November 30, 2014 10:56 am | Last updated: November 30, 2014 at 10:56 am

കോട്ടക്കല്‍: കൗണ്‍സില്‍ അംഗങ്ങളുടെ രാജിയും ചെയര്‍മാന്‍ തിരഞ്ഞെടുപ്പ് വൈകുന്നതും ഉയര്‍ത്തിക്കാട്ടി കൗണ്‍സില്‍ യോഗത്തില്‍ പ്രതിപക്ഷ പ്രതിഷേധം. നഗര വികസ കമ്മിറ്റി ചെയര്‍മാന്‍ രാജിവെച്ച ഒഴിവിലേക്ക് പകരക്കാരനെ കണ്ടെത്തുന്നതിലെ താമസം ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തിയത്.
ചെയര്‍മാന്റെ രാജിക്ക് പിന്നാലെ രണ്ട് അംഗങ്ങള്‍ കൂടി രാജി നല്‍കിയിരുന്നു. ഭരണ കക്ഷികളില്‍ നിന്നും നിരന്തരം രാജി ഉണ്ടായിട്ടും പകരക്കാരെ തിരഞ്ഞെടുക്കാനോ രാജി വിവരം പൊതുജനത്തെ അറിയിക്കാനോ തയ്യാറാകുന്നില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു. വികസന കാര്യ അധ്യക്ഷന്‍ കെ കെ നാസര്‍ രാജിവെച്ചൊഴിഞ്ഞിട്ട് ഒരുമാസം പൂര്‍ത്തിയായിട്ടും തിരഞ്ഞെടുപ്പ് നടക്കാത്തതിനെ പ്രതിപക്ഷം ചോദ്യം ചെയ്തു.
ലീഗിലെ പ്രശ്‌നത്തെ തുടര്‍ന്ന് വികസനകാര്യ കമ്മിറ്റി ചെയര്‍മാന്‍ കഴിഞ്ഞമാസം 29നാണ് രാജി വെച്ചത്. ഇതിന് പിന്നാലെ മരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗം കല്ലന്‍ കുന്നന്‍ സമീറ, വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റിയിലെ ബുശ്‌റ ശബീറും രാജി വെച്ചിട്ടുണ്ട്. ഇവര്‍ക്കുള്ള പകരക്കാരെയാണ് കണ്ടെത്താത്തത്. രാജി പാര്‍ട്ടി തീരുമാനങ്ങളാണെന്നും റിട്ടേണിംഗ് ഓഫീസര്‍ ഇല്ലാത്തതാണ് തിരഞ്ഞെടുപ്പ് വൈകുന്നതിന് പിന്നിലെന്നും വൈസ് ചെയര്‍മാന്‍ വിശദീകരിച്ചു. സംഭവത്തെ തുടര്‍ന്ന് യോഗം ബഹളത്തില്‍ കലാശിച്ചു. ടൗണിലെ ഐറീഷ് പദ്ധതി റോഡിന്റെ എതിര്‍ ദിശയിലും നടപ്പിലാക്കുന്നതിന് മന്ത്രിക്ക് പരാതി നല്‍കാന്‍ കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമായി. നഗരത്തിലെ പ്രധാന ഇടങ്ങളില്‍ പ്രാഥമികാവശ്യ സൗകര്യങ്ങള്‍ ഒരുക്കും. ചങ്കുവെട്ടി, ബസ് സ്റ്റാന്‍ഡ്, പഴയ ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളിലാണ് പുതുതായി സൗകര്യം ഒരുക്കുക. മാര്‍ക്കറ്റില്‍ ആളുകള്‍ക്ക് ദുരിതമുണ്ടാക്കുന്നത് ഇവിടെങ്ങളിലെ അംഗീകൃത കച്ചവടക്കാര്‍ തന്നെയാണെന്നും അനുവദിച്ചതിലും കൂടുതല്‍ സ്ഥലം കൈയേറി കച്ചവടം നടത്തുകയാണെന്നും കൗണ്‍സില്‍ അഭിപ്രായപ്പെട്ടു. ഇവരെ ഒഴിപ്പിക്കുന്നതിന് സ്‌ക്വാഡ് രൂപവത്കരിക്കും. സ്റ്റാന്‍ഡ് വിളിച്ചെടുത്ത ആളിന് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കും. പരസ്യങ്ങള്‍ വിളിച്ചെടുത്ത് അമിത തുകക്ക് മറിച്ച് നല്‍കുന്നതിനും പരിഹാരം കാണും. യോഗത്തില്‍ ചെയര്‍പേഴ്‌സന്‍ ടി വി സുലൈഖാബി അധ്യക്ഷത വഹിച്ചു.