Connect with us

Kerala

കുട്ടിശാസ്ത്രജ്ഞര്‍ നേരത്തെ മടങ്ങി; പ്രദര്‍ശനം കാണാനാകാതെ ആയിരങ്ങള്‍

Published

|

Last Updated

തിരൂര്‍: ശാസ്‌ത്രോത്സവത്തില്‍ വിദ്യാര്‍ഥികളുടെ പ്രദര്‍ശനം കാണാന്‍ നാടൊഴുകിയെത്തി, പക്ഷേ, കുട്ടിശാസ്ത്രജ്ഞന്‍മാരുടെ കഴിവുകള്‍ കാണാനെത്തിയവര്‍ക്ക് നിരാശയോടെ മടങ്ങാനായിരുന്നു യോഗം. 48ാമത് സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവത്തിന്റെ നാലാം ദിനമായ ഇന്നലെ പ്രധാന വേദിയായ തിരൂര്‍ ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ പ്രദര്‍ശനം കാണാന്‍ പതിനായിരങ്ങളാണ് രാവിലെ മുതല്‍ എത്തിയത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ജില്ലയിലെ നൂറ് കണക്കിന് സ്‌കൂളുകളില്‍ നിന്ന് വിദ്യാര്‍ഥികളുമെത്തിയതോടെ നഗരി പൂരപ്പറമ്പായി മാറി.
കഴിഞ്ഞ ദിവസങ്ങളില്‍ മേളയില്‍ പങ്കെടുത്ത കൗമാര പ്രതിഭകള്‍ കാഴ്ചവെച്ച ശാസ്ത്ര കൗതുകങ്ങളെ കുറിച്ചറിയാനും നേരില്‍ കാണാനുമായിരുന്നു എത്തിയത്. പൊതുജനങ്ങള്‍ക്ക് പ്രദര്‍ശനമുണ്ടാകുമെന്ന സംഘാടകരുടെ അറിയിപ്പ് കേട്ടെത്തിയവര്‍ മണിക്കൂറുകളോളം വരി നിന്ന് വെയിലും പൊടിയുമേറ്റെങ്കിലും കാണാനായത് ഏതാനും സ്റ്റാളുകള്‍ മാത്രം.
കഴിഞ്ഞ ദിവസങ്ങളില്‍ പ്രദര്‍ശിപ്പിച്ച വസ്തുക്കളുമായി കുട്ടികളും അധ്യാപകരും തലേദിവസം തന്നെ സ്ഥലം വിട്ടതോടെയാണ് സ്റ്റാളുകള്‍ ശൂന്യമായത്. മാധ്യമങ്ങളിലൂടെ തലേദിവസത്തെ കൗതുകങ്ങള്‍ കണ്ടറിഞ്ഞ് വന്നവര്‍ക്ക് നിരാശയായിരുന്നു ഫലം.
ഇന്നലെ വൊക്കേഷനല്‍ എക്‌സ്‌പോ മാത്രമാണ് അവശേഷിച്ചിരുന്നതെങ്കിലും 11മണിയോടുകൂടി പലരും അവരവരുടെ വസ്തുക്കള്‍ മടക്കിവെക്കാനുള്ള ഒരുക്കത്തിലായിരുന്നു. പല സ്റ്റാളുകളും കാലിയായതറിയാതെ ജനം നീണ്ട ക്യൂവിലായിരുന്നു. രാവിലെ ഒമ്പതിന് ആരംഭിച്ച ക്യൂ അവസാനിക്കുമ്പോള്‍ വൈകുന്നേരം ആറ് മണിയായിരുന്നു സമയം. നിറമരുതൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന പ്രദര്‍ശനം കാണാന്‍ ആരും എത്തിയതുമില്ല.
കഴിഞ്ഞ വര്‍ഷം കണ്ണൂരില്‍ നടന്ന ശാസ്‌ത്രോത്സവത്തിലും ഇതുതന്നെയായിരുന്നു അവസ്ഥ. ഇതുകൊണ്ട് തന്നെ കുട്ടികളുടെ കഴിവുകള്‍ മാര്‍ക്ക് നേടുക എന്നതിനപ്പുറം കഴിവുകള്‍ മറ്റുള്ളവര്‍ക്ക് നേരില്‍ കാണുന്നതിനുള്ള അവസരമാണ് നഷ്ടമാകുന്നത്.