മൂര്‍ക്കനാട് കുടിവെള്ള പദ്ധതി; അവലോകന യോഗത്തില്‍ നിന്ന് പഞ്ചായത്ത് പ്രസിഡന്റ് ഇറങ്ങിപ്പോയി

Posted on: November 29, 2014 9:09 am | Last updated: November 29, 2014 at 9:09 am

കൊളത്തൂര്‍: മൂര്‍ക്കനാട് മേജര്‍ കുടിവെള്ള പദ്ധതിയുടെ അവലോകന യോഗത്തില്‍ നിന്ന് കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇറങ്ങിപ്പോയി.
പദ്ധതിയുടെ പുരോഗതി അവലോകനം ചെയ്യാനും ഉദ്ഘാടന പരിപാടികളെ കുറിച്ച് ആലോചിക്കുന്നതിനുമായി പഞ്ചായത്ത് പ്രസിഡന്റുമാരുടെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും യോഗം ഇന്നലെ മങ്കടയില്‍ ടി എ അഹമ്മദ് കബീര്‍ എം എല്‍ എ വിളിച്ച് ചേര്‍ത്തിരുന്നു. ഈ യോഗത്തില്‍ നിന്നാണ് കൂട്ടിലങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് എന്‍ കെ അഹമ്മദ് അശ്‌റഫ് ഇറങ്ങിപ്പോയത്. സാങ്കേതിക തടസത്തിന്റെ പേരില്‍ ഉദ്ഘാടന സമയത്ത് കൂട്ടിലങ്ങാടി പഞ്ചായത്ത് ഒഴികെയുള്ള അഞ്ച് പഞ്ചായത്തുകള്‍ക്ക് വെള്ളം നല്‍കാനും കൂട്ടിലങ്ങാടി പഞ്ചായത്തിന് വെള്ളം നിഷേധിക്കാനുമാണ് എം എല്‍ എയുടെയും വകുപ്പ് അധികാരികളുടെയും തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയത്.
കൂട്ടിലങ്ങാടി പഞ്ചായത്തിലെ പെരിന്താറ്റിരിയില്‍ നാട്ടുകാര്‍ പിരിവെടുത്ത് വാങ്ങിയ സ്ഥലത്താണ് 15 ലിറ്റര്‍ സംഭരണ ശേഷിയുള്ള ടാങ്ക് സ്ഥാപിച്ചിട്ടുള്ളതെന്ന് പ്രസിഡന്റ് പറഞ്ഞു. ഈ ടാങ്കില്‍ നിന്നാണ് കൂട്ടിലങ്ങാടി പഞ്ചായത്തിന് ലഭിക്കാതെ മങ്കട മക്കരപ്പറമ്പ് പഞ്ചായത്തുകള്‍ക്ക് നല്‍കാനുള്ള തീരുമാനം നടക്കുന്നത്.
ഈ തീരുമാനം അംഗീകരിക്കാനാകില്ലെന്നും സാങ്കേതിക തടസത്തിന്റെ പേരില്‍ കൂട്ടിലങ്ങാടി പഞ്ചായത്തിനെ ഒഴിവാക്കുന്നത് അനീതിയാണന്നും പ്രസിഡന്റ് പറഞ്ഞു. മൂര്‍ക്കനാട് കുടിവെള്ള പദ്ധതിയില്‍ നിന്ന് കൂട്ടിലങ്ങാടി പഞ്ചായത്തിനെ സാങ്കേതിക കാരണം പറഞ്ഞ് വെള്ളം നിഷേധിക്കാനുള്ള തീരുമാനത്തില്‍ സി പി എം കൂട്ടിലങ്ങാടി ലോക്കല്‍ കമ്മിറ്റി പ്രതിഷേധിച്ചു. ഈ രീതിയില്‍ പദ്ധതിയുമായി മുന്നോട്ട് പോയാല്‍ വന്‍ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.