Connect with us

International

ഈജിപ്തില്‍ റാലിക്ക് പദ്ധതിയിട്ട നൂറിലേറെ പേര്‍ അറസ്റ്റില്‍

Published

|

Last Updated

കെയ്‌റോ: ഇന്നലെ റാലി നടത്താന്‍ പദ്ധതിയിട്ട നിരവധി പേരെ ഈജിപ്ത് പോലീസ് അറസ്റ്റ് ചെയ്തു. തലസ്ഥാനത്ത് സൈനിക സാന്നിധ്യം വര്‍ധിപ്പിച്ചിരിക്കുകയാണ്. വെള്ളിയാഴ്ച ജുമുഅക്ക് ശേഷം പ്രകടനത്തിന് പദ്ധതിയിട്ട ബ്രദര്‍ഹുഡ് അംഗങ്ങളെന്ന് ആരോപിക്കപ്പെടുന്ന 107 പേരെ പിടികൂടിയതതായി ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥന്‍ പറഞ്ഞു. ബ്രദര്‍ഹുഡിന്റെ ഭാഗമായ സലഫി മുന്നണിയാണ് പ്രസിഡന്റ് മുഹമ്മദ് മുര്‍സിയെ കഴിഞ്ഞ വര്‍ഷം സൈന്യം പുറത്താക്കിയതിനെതിരെ പ്രതിഷേധത്തിന് കോപ്പുകൂട്ടിയത്. മുര്‍സിയെ പുറത്താക്കിയതിനെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ അണികള്‍ നടത്തിയ അക്രമാസക്തമായ പ്രതിഷേധങ്ങളെത്തുടര്‍ന്ന് നൂറ് കണക്കിന് പേര്‍ കൊല്ലപ്പെടുകയും മുന്‍ പ്രസിഡന്റ് ഉള്‍പ്പെടെ ആയിരങ്ങള്‍ ജയിലിലാകുകയും ചെയ്തിരുന്നു. മുര്‍സിയുടെ അനുയായികള്‍ തലസ്ഥാനത്ത് നടത്തുന്ന പ്രതിഷേധങ്ങള്‍ ബോംബാക്രമണത്തിലും മറ്റും കലാശിക്കുന്ന സാഹചര്യത്തില്‍ പോലീസ് പ്രതിഷേധക്കാരെ എത്രയും പെട്ടെന്ന് പിരിച്ചയക്കാറുണ്ട്. തലസ്ഥാനത്തും മറ്റ് നഗരങ്ങളിലും പോലീസിന്റേയും സൈന്യത്തിന്റേയും സാന്നിധ്യം വര്‍ധിപ്പിച്ച് ഏത് തരത്തിലുള്ള പ്രതിഷേധവും ബലം പ്രയോഗിച്ച് ഇല്ലാതാക്കുമെന്നും ജനറല്‍ സീസിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Latest