കിടപ്പിലായവരുടെ ശ്രദ്ധ ക്ഷണിക്കല്‍ സമരം അടുത്ത മാസം മൂന്നിന്

Posted on: November 28, 2014 10:01 am | Last updated: November 28, 2014 at 10:01 am

മുക്കം: അപകടങ്ങളില്‍പ്പെട്ട് നട്ടെല്ലിന് ക്ഷതം പറ്റി കിടപ്പിലായവര്‍ തങ്ങളുടെ ന്യായമായ ആവശ്യങ്ങള്‍ നേടിയെടുക്കാനും അധികൃതരെ ബോധ്യപ്പെടുത്താനും ശ്രദ്ധ ക്ഷണിക്കല്‍ സമരം നടത്തുന്നു. മുച്ചക്ര വാഹനങ്ങളില്‍ മാത്രം പുറംലോകം കാണുന്ന അരക്കുതാഴെ സ്വാധീനം നഷ്ടപ്പെട്ടവരാണ് കല്കടറേറ്റ് മാര്‍ച്ചും ധര്‍ണയും നടത്താനൊരുങ്ങുന്നത്.
ഒരു പ്രത്യേക വിഭാഗമായി തങ്ങളെ പരിഗണിക്കണമെന്നും സര്‍ക്കാറിന്റെ വിവിധ പദ്ധതികളില്‍ ഉള്‍പ്പെടുത്തണമെന്നും ഇവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഗ്രാമസഭകള്‍ പോലുള്ളവയില്‍ പങ്കെടുക്കാന്‍ സാധിക്കുന്നില്ല.
പെന്‍ഷന്‍ 3000 രൂപയാക്കി വര്‍ധിപ്പിക്കണമെന്നും വീല്‍ചെയറുകള്‍ വിതരണം ചെയ്യണമെന്നും ആവശ്യപ്പെട്ടു. വികലാംഗര്‍ക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ടില്‍ പ്രത്യേക പരിഗണന നല്‍കുക, മക്കളുടെ വിദ്യാഭ്യാസം സൗജന്യമാക്കുക, വീട്, കരം, വൈദ്യുതി ചാര്‍ജ് എന്നിവയില്‍ നിന്നൊഴിവാക്കുക, തുടങ്ങിയ ആവശ്യങ്ങളുമായാണ് സമരത്തിനിറങ്ങുന്നതെന്ന് ഇവര്‍ പറഞ്ഞു.
സരോവരം പാര്‍ക്കിന് സമീപത്ത് നിന്ന് സ്റ്റുഡന്റ് പാലിയേറ്റീവ് വളണ്ടിയര്‍മാരുടെ സഹായത്തില്‍ മുച്ചക്രവാഹന റാലി രാവിലെ 10 മണിക്ക് തുടങ്ങും. ജില്ലയിലെ കിടപ്പിലായ മുന്നൂറോളം രോഗികളുടെ പ്രതിനിധികളായാണ് അറുപതോളം വരുന്ന രോഗികള്‍ പ്രതിഷേധത്തിനൊരുങ്ങുന്നത്. പത്രസമ്മേളനത്തില്‍ അശോക്കുമാര്‍ കൂടരഞ്ഞി, മുഹമ്മദലി മൈസൂര്‍മല, ശമീര്‍ ചേന്ദമംഗലൂര്‍, അഷ്‌റഫ് മടവൂര്‍, ശരീഫ് മുക്കം പങ്കെടുത്തു.