Connect with us

Kerala

കെ എസ് ആര്‍ ടി സിക്ക് പ്രതിമാസം ഇരുപത് ലക്ഷത്തിന്റെ നഷ്ടം

Published

|

Last Updated

താമരശ്ശേരി: താമരശ്ശേരി-കോഴിക്കോട്- ഗുരുവായൂര്‍ റൂട്ടില്‍ കിലോമീറ്റര്‍ കുറച്ചുകാണിച്ചുള്ള ഓട്ടത്തില്‍ കെ എസ് ആര്‍ ടി സിക്ക് നഷ്ടമാകുന്നത് പ്രതിമാസം ഇരുപത് ലക്ഷത്തിലേറെ. ജീവനക്കാരുടെ ഡ്യൂട്ടി വെട്ടിക്കുറക്കാന്‍ യാത്രക്കാരോട് വാങ്ങേണ്ട ടിക്കറ്റ് നിരക്കില്‍ വന്‍ തിരിമറിയാണ് അധികൃതര്‍ നടത്തിയത്. താമരശ്ശേരി ഡിപ്പോയില്‍നിന്നും ഗുരുവായൂരിലേക്ക് പ്രതിദിനം അഞ്ച് സര്‍വീസുകളാണ് നിലവിലുള്ളത്. സിവില്‍ സ്റ്റേഷന്‍ വഴി കോഴിക്കോട്ടേക്ക് 30 കിലോമീറ്ററാണ് കെ എസ് ആര്‍ ടി സി യുടെ കണക്കിലുള്ളത്. എന്നാല്‍, ദൂരം 32 കിലോമീറ്റര്‍. നരിക്കുനി വഴി 38 ന് പകരം 34 ഉം ബാലുശ്ശേരി വഴി 44ന് പകരം 38 മാണ് കെ എസ് ആര്‍ ടി സി യുടെ കണക്ക്. കോഴിക്കോട് നിന്നും ഗുരുവായൂരിലേക്കും തിരിച്ചുമായി നൂറ്റി അന്‍പതിലേറെ സര്‍വീസുകളാണ് ഒരു ദിവസം ഓപ്പറേറ്റ് ചെയ്യുന്നത്. പകുതി യൂനിവേഴ്‌സിറ്റി വഴിയും പകുതി കടലുണ്ടിക്കടവ് വഴിയും. യൂനിവേഴ്‌സിറ്റി വഴി 102 കിലോമീറ്റര്‍ ദുരമാണ് ഔദ്യോഗികം. എന്നാല്‍ ദൂരം 106 കിലോമീറ്റര്‍. 75 സര്‍വീസുകള്‍ നടത്തുമ്പോള്‍ 7950 കിലോമീറ്റര്‍ ഓടുന്നുണ്ടെങ്കിലും 7650 കിലോമീറ്ററാണ് അധികൃതരുടെ കണക്കിലുള്ളത്. 300 കിലോമീറ്ററിന്റെ കുറവ്. ഒരു യാത്രക്കാരനില്‍നിന്നും 76 രൂപക്ക് പകരം ഈടാക്കുന്നതാകട്ടെ 69 രൂപ.
കടലുണ്ടിക്കടവ് വഴി പോവുന്ന ബസ്സുകള്‍ക്കുള്ള ദൂരം 93 കിലോമീറ്ററാണ് കണക്കിലുള്ളത്. എന്നാല്‍ ദൂരം 103 കിലോമീറ്റര്‍. 11 കിലോമീറ്റര്‍ വിത്യാസം. 75 സര്‍വീസുകള്‍ നടത്തുമ്പോള്‍ 7725 കിലോമീറ്റര്‍ ഓട്ടമുണ്ടാവും. എന്നാല്‍ കണക്കിലുള്ളത് 6900 കിലോമീറ്റര്‍. 825 കിലോമീറ്ററാണ് കണക്കില്‍പെടാതെ ഓടിത്തീരുന്നത്. 69 രൂപക്ക് പകരം നിലവിലെ നിരക്ക് 63 രൂപ. പ്രതിമാസം മുപ്പത്തി അയ്യായിരത്തോളം കിലോമീറ്റര്‍ കണക്കില്‍പെടാതെ സര്‍വീസ് നടത്തുമ്പോള്‍ കെ എസ് ആര്‍ ടി സി ക്കുണ്ടാവുന്ന നഷ്ടം ഇരുപത് ലക്ഷത്തിലേറെയാണ്. യാത്രക്കാരില്‍നിന്നും ലഭിക്കേണ്ട പണം നഷ്ടമാകുമ്പോള്‍തന്നെ ഡീസല്‍ ഇനത്തില്‍ അധിക ചെലവും.
താമരശ്ശേരി, കോഴിക്കോട്, പൊന്നാനി, ഗുരുവായൂര്‍, എറണാകുളും, സുല്‍ത്താന്‍ ബത്തേരി, തലശ്ശേരി തുടങ്ങിയ ഡിപ്പോകളില്‍നിന്നുള്ള ബസുകളാണ് ഗുരുവായൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്നത്. താമരശ്ശേരി ഡിപ്പോയിലെ ഡ്രൈവര്‍ പി ശിവരാമനാണ് അധികൃതരുടെ ഈ കള്ളക്കളി കണ്ടെത്തിയത്. മൂന്ന് വര്‍ഷമായി താമരശ്ശേരി- കോഴിക്കോട്- ഗുരുവായൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ശിവരാമന്‍ മൂന്ന് മാസത്തെ പരിശ്രമത്തിനൊടുവിലാണ് വ്യക്തമായ കണക്കുകള്‍ തയ്യാറാക്കി അധികൃതര്‍ക്ക് സമര്‍പ്പിച്ചത്. പലപ്പോഴായി നല്‍കിയ പരാതിയെ തുടര്‍ന്ന് മന്ത്രിയുടെ നിര്‍ദേശപ്രകാരം റൂട്ട് അളക്കാന്‍ ഉത്തരവായി. 2013 ആഗസ്റ്റ് പന്ത്രണ്ടിന് കെ എസ് ആര്‍ ടി സി യുടെ ജീപ്പ് ഉപയോഗിച്ച് അളന്നപ്പോള്‍ കള്ളക്കളി വെളിച്ചത്താവുകയും ചെയ്തു.
ജീവനക്കാരുടെ ഡ്യൂട്ടിയില്‍ കുറവുവരുത്താനായി ഉദ്യോഗസ്ഥര്‍ നടത്തിയ തിരിമറി പുറത്തായെങ്കിലും അളന്ന റിപ്പോര്‍ട്ട് വെളിച്ചം കണ്ടില്ല. പതിവായി വൈകി സര്‍വീസ് നടത്തുന്നുവെന്ന് കാണിച്ച് ശിവരാമനെ കഴിഞ്ഞ ഒക്ടോബര്‍ പത്തിന് അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തു. ശിവരാമന്‍ ഹൈക്കോടതിയെ സമീപിച്ചതോടെ നവംബര്‍ പത്തിന് താമരശ്ശേരിയില്‍നിന്നും പൊന്നാനി ഡിപ്പോയിലേക്ക് സ്ഥലം മാറ്റിയുള്ള ഉത്തരവും ഇറങ്ങി. വര്‍ഷങ്ങളായി കെ എസ് ആര്‍ ടി സി ക്കുണ്ടായ നഷ്ടത്തിന് ഉത്തരവാദികളായവരില്‍നിന്നും പണം തിരിച്ചുപിടിക്കുന്ന സാഹചര്യമെത്തിയതോടെയാണ് റിപ്പോര്‍ട്ട് മുക്കുകയും തിരിമറി പുറത്തെത്തിച്ച ജീവനക്കാരനെതിരെതന്നെ നടപടി സ്വീകരിക്കുകയും ചെയ്തത്.

Latest