ജില്ലാ കേരളോത്സവം ഡിസംബര്‍ അഞ്ചിന് തുടങ്ങും

Posted on: November 26, 2014 9:58 am | Last updated: November 26, 2014 at 9:58 am

കോഴിക്കോട്: സംസ്ഥാനത്തെ ഏറ്റവും വലിയ ജനകീയ കലാ കായിക മേളയായ കേരളോത്സവത്തിന് 27 വയസ് പൂര്‍ത്തിയാകുന്നു. 1987 ല്‍ തുടങ്ങിയ മേള ജനപങ്കാളിത്തംകൊണ്ട് ഇതിനകം സംസ്ഥാനത്തെ ഗ്രാമ നഗര ഹൃദയങ്ങളുടെ ആവേശമായി മാറിയിട്ടുണ്ട്.

ഈ വര്‍ഷം മുതല്‍ ഉള്‍പ്പെടുത്തിയ ചെസ് അടക്കം ഇത്തവണ 53 ഇനം കലാമത്സരങ്ങളും 35 ഇനം കായിക മത്സരങ്ങളുമാണുള്ളത്. ഇവയില്‍ 18 ഇനം കലാമത്സരങ്ങള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന ദേശീയ യുവോത്സവത്തിലെ മത്സര ഇനങ്ങളാണ്. സംസ്ഥാനതല കേരളോത്സവത്തിനുശേഷമാണ് ദേശീയ യുവോത്സവം നടക്കുക. ജില്ലാ കേരളോത്സവത്തിന്റെ കലാമത്സരങ്ങള്‍ ഡിസംബര്‍ അഞ്ച്, ആറ്, ഏഴ് തീയ്യതികളില്‍ പുറമേരിയില്‍ നടക്കും. കായിക മത്സരങ്ങള്‍ ഡിസംബര്‍ എട്ട് മുതല്‍ 13 വരെ കോഴിക്കോട് നഗരത്തിലാണ് നടക്കുന്നത്. ദേശീയ യുവോത്സവത്തിന്റെ ഇനങ്ങളില്‍ പങ്കെടുക്കാനുള്ള പ്രായപരിധി 15 നും 35 നും ഇടയിലാണ്. എന്നാല്‍ കേരളോത്സവ ഇനങ്ങളില്‍ 40 വരെ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം. 2014 ജനുവരി ഒന്ന് അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്.
ദേശീയ യുവോത്സവ ഇനങ്ങളായ കഌസിക്കല്‍ ഹിന്ദുസ്ഥാനി സംഗീതം, മണിപ്പൂരി, കഥക്ക്, ഒഡീസി നൃത്തങ്ങള്‍, സിത്താര്‍, വീണ എന്നീ ഇനങ്ങള്‍ക്ക് പ്രാഥമികതല മത്സരങ്ങള്‍ ഇല്ല. ഈ ഇനങ്ങളില്‍ ജില്ലാതലത്തില്‍ നേരിട്ട് എന്‍ട്രി ക്ഷണിച്ചാണ് മത്സരം നടത്തുന്നത്. കായിക മത്സരങ്ങളില്‍ അത്‌ലറ്റിക്‌സ് മത്സരങ്ങള്‍ രണ്ട് വിഭാഗമായാണ് നടത്തുന്നത്. 15 മുതല്‍ 20 വയസ്സ് വരെ സീനിയര്‍ ആണ്‍കുട്ടികള്‍, സീനിയര്‍ പെണ്‍കുട്ടികള്‍, 21 മുതല്‍ 40 വയസ്സ് വരെ പുരുഷന്‍മാര്‍, വനിതകള്‍ എന്നീ വിഭാഗങ്ങളിലായാണ് മത്സരം. ഗ്രാമ- ബ്ലോക്ക് തലത്തില്‍ കാര്‍ഷിക മത്സരങ്ങളും നടക്കുന്നുണ്ട്.
കേരളോത്സവ സംഘാടനത്തിന് ഗ്രാമപഞ്ചായത്തുകള്‍ക്ക് യുവജന ക്ഷേമ ബോര്‍ഡ് വിഹിതമായി 15,000 രൂപയും മുനിസിപ്പാലിറ്റി കോര്‍പറേഷന്‍- ബ്ലോക്കുകള്‍ക്ക് 30,000 രൂപയും ജില്ലാ പഞ്ചായത്തിന് 2,00,000 രൂപയും നല്‍കുന്നുണ്ട്. പ്ലാന്‍ ഫണ്ടില്‍ നിന്നോ തനത് ഫണ്ടില്‍ നിന്നോ ഗ്രാമപഞ്ചായത്തുകള്‍ക്ക് 50,000 രൂപയും ബ്ലോക്ക് പഞ്ചായത്ത്-മുനിസിപ്പാലിറ്റികള്‍ക്ക് 1,00,000 രൂപയും, കോര്‍പറേഷന് 1,20,000 രൂപയും ജില്ലാ പഞ്ചായത്തിന് 2,00,000 രൂപയും കേരളോത്സവത്തിന് വിനിയോഗിക്കുന്നതിന് അനുമതി നല്‍കിയിട്ടുണ്ട്. കലാമത്സരങ്ങളില്‍ 53 ഇനങ്ങളും കായിക മത്സരങ്ങളില്‍ പുരുഷ വനിതാ വിഭാഗങ്ങളില്‍ 26 ഇനങ്ങളും നീന്തല്‍ 10 ഇനങ്ങളും കളരിപ്പയറ്റ് ഏഴഅ ഇനങ്ങളുമാണുള്ളത്. സംസ്ഥാനതല കായിക മത്സരം ഡിസംബര്‍ 21, 22, 23 നും കലാ മത്സരം 29, 30, 31 നും തിരുവനന്തപുരത്ത് നടക്കും.