പോലീസുകാര്‍ക്കെതിരെ നടപടിയെടുക്കാന്‍ മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ്

Posted on: November 26, 2014 9:56 am | Last updated: November 26, 2014 at 9:56 am

കോഴിക്കോട്: യുവാവിനെ കസ്റ്റഡിയില്‍ മര്‍ദിച്ച സംഭവത്തില്‍ ആരോപണ വിധേയരായ പോലീസുകാര്‍ക്കെതിരെ നടപടിയെടുക്കാന്‍ മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ്.
എരഞ്ഞിപ്പാലം കേദാരം ഹൗസില്‍ സി ദാമോദരന്റെ മകന്‍ സി ഡി സജിത് കുമാറിനെ അന്യായമായി കസ്റ്റഡിയിലെടുത്ത് ദേഹോപദ്രവം ചെയ്ത സംഭവത്തിലാണ് നടപടിയെടുക്കാന്‍ മനുഷ്യാവകാശ കമ്മിഷന്‍ അംഗം കെ ഇ ഗംഗാധരന്‍ ശിപാര്‍ശ ചെയ്തത്. അന്നത്തെ നടക്കാവ് എസ് ഐ ഉണ്ണികൃഷ്ണന്‍, സി പി ഒമാരായ ജയചന്ദ്രന്‍, ബാലന്‍, ഷിബു, സത്യപ്രകാശ് എന്നിവരെ താക്കീത് ചെയ്യണമെന്നാണ് ശിപാര്‍ശ. പരാതിക്കാരന്‍ നഷ്ടപരിഹാരത്തിനായി സിവില്‍ കോടതിയെ സമീപിച്ച സാഹചര്യത്തില്‍ കമ്മീഷന് സ്വന്തം നിലയില്‍ തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ സാധിക്കില്ലെന്നും കെ ഇ ഗംഗാധരന്‍ ഉത്തരവില്‍ വ്യക്തമാക്കി.
2009 നവംബര്‍ 27 നാണ് സജിത് കുമാറിന് പോലീസ് കസ്റ്റഡിയില്‍ മര്‍ദനമേറ്റത്. മര്‍ദനത്തെതുടര്‍ന്ന് സജിത്തിന്റെ ഇടതു ചെവിക്ക് പരുക്കേറ്റ് കേള്‍വി തകരാര്‍ സംഭവിച്ചിരുന്നു.