Connect with us

Ongoing News

ഒഴിഞ്ഞു കിടന്ന മെഡിക്കല്‍ സീറ്റുകളുടെ പേരില്‍ പിഴ ഈടാക്കുന്നു

Published

|

Last Updated

തിരുവനന്തപുരം: ഒഴിഞ്ഞുകിടന്ന എം ബി ബി എസ് – ബി ഡി എസ് സീറ്റുകളുടെ പേരില്‍ വിദ്യാര്‍ഥികളില്‍ നിന്നും പിഴ ഈടാക്കുന്ന പ്രവേശന പരീക്ഷ കണ്‍ട്രോളര്‍ക്കെതിരെ രക്ഷിതാക്കള്‍ നിയമനടപടിക്കൊരുങ്ങുന്നു. കഴിഞ്ഞ സെപ്തംബര്‍ 30 ന് പ്രവേശന നടപടികള്‍ അവസാനിച്ചശേഷം ഒഴിഞ്ഞുകിടക്കുന്ന ആറ് എം ബി ബി എസ് സീറ്റുകളുടെയും 113 ബി ഡി എസ് സീറ്റുകളുടെയും പേരിലാണ് 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരത്തുക ആവശ്യപ്പെട്ട് പ്രവേശന പരീക്ഷ കണ്‍ട്രോളര്‍ പിഴ നോട്ടീസ് അയച്ചിരിക്കുന്നത്. അലോട്ട്‌മെന്റ് പ്രകാരം പ്രവേശനം നേടിയില്ലെങ്കില്‍ കുട്ടികളുടെ രക്ഷിതാക്കള്‍ നഷ്ടപരിഹാരം നല്‍കണമെന്ന പ്രോസ്‌പെക്ടസിലെ വ്യവസ്ഥകള്‍ പ്രകാരമാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുന്നത്.
മെഡിക്കല്‍ കോളജുകള്‍ക്കായി സര്‍ക്കാര്‍ ഒത്തുകളിയിലൂടെ പ്രവേശന നടപടികള്‍ വൈകിപ്പിച്ചതിനാലാണ് ഇത്രയും മെഡിക്കല്‍ സീറ്റുകളില്‍ ആരും പ്രവേശനം നേടാതിരുന്നതെന്ന് രക്ഷിതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. ഇതിന് വിദ്യാര്‍ഥികളല്ല കുറ്റക്കാരെന്നും സര്‍ക്കാറിന്റെ വീഴ്ച വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും തലയില്‍ വച്ചുകെട്ടാനുള്ള പ്രവേശന കമീഷണറുടെ നീക്കം അംഗീകരിക്കാനാകില്ലെന്നും അവര്‍ പറഞ്ഞു.
2014 മെയ് 15ന് പ്രവേശന പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചതാണ്. പ്രവേശന നടപടികള്‍ വൈകുകയും അനിശ്ചിതാവസ്ഥയിലാകുകയും ചെയ്തപ്പോഴാണ് റാങ്ക് ലിസ്റ്റിലുള്ള വിദ്യാര്‍ഥികള്‍ മറ്റു സംസ്ഥാനങ്ങളില്‍ പലയിടത്തുമായി പ്രവേശനം തേടി പോയത്. കുറഞ്ഞ ഫീസില്‍ കേരളത്തിന് പുറത്ത് പഠനം ആരംഭിക്കുകയും ചെയ്തു. രാജ്യത്ത് പ്രവേശന നടപടികള്‍ സെപ്തംബര്‍ 30ന് അവസാനിപ്പിക്കണമെന്ന സുപ്രീംകോടതി നിര്‍ദേശം നിലവിലുള്ളതിനാല്‍ അവസാന നിമിഷം പ്രവേശന കമീഷണറേറ്റിന്റെ ഇടപെടല്‍ അതിവേഗമായി. സപ്ലിമെന്ററി പ്രവേശന ലിസ്റ്റ് പ്രസിദ്ധീകിരിച്ചശേഷം കോളജുകളില്‍ ചേരാന്‍ 24 മണിക്കൂര്‍ മാത്രമാണ് അനുവദിച്ചിരുന്നത്. പഠിച്ചുകൊണ്ടിരിക്കുന്ന സ്ഥാപനത്തില്‍നിന്ന് സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങി ഫീസുമായി പുതിയ കോളേജില്‍ പ്രവേശനം നേടാന്‍ 24 മണിക്കൂര്‍ മതിയാകുമായിരുന്നില്ല. പലരും അലോട്ട്‌മെന്റ് അറിഞ്ഞതുമില്ല. മറ്റു സംസ്ഥാനത്തുനിന്ന് സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങി കോളജുകളില്‍ എത്തിയവര്‍ക്ക് സമയം കഴിഞ്ഞുവെന്നപേരില്‍ പ്രവേശനം ലഭിച്ചുമില്ല.
ഒന്നുമറിയാത്ത വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും പേരില്‍ ഭീമമായ തുക പിഴ ചുമത്തുന്നത് മനുഷ്യാവകാശ ലംഘനമാണെന്നും പ്രവേശന കമീഷണറുടെ നോട്ടീസ് കിട്ടിയ കുട്ടികള്‍ കടുത്ത മാനസിക സമ്മര്‍ദത്തിലാണെന്നും രക്ഷിതാക്കള്‍ പറഞ്ഞു. പിഴ നോട്ടീസ് റദ്ദാക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കണമെന്ന് രക്ഷകര്‍തൃസമിതി കണ്‍വീനര്‍ ആലംകോട് സുരേഷ്ബാബു വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഈ ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, പ്രതിപക്ഷനേതാവ്, വിദ്യാഭ്യാസ മന്ത്രി എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.