Connect with us

National

നദീജല തര്‍ക്കം;കേരള-തമിഴ്‌നാട് എം പിമാര്‍ കൊമ്പുകോര്‍ത്തു

Published

|

Last Updated

ന്യൂഡല്‍ഹി; കേരള- തമിഴ്‌നാട് നദീജല തര്‍ക്കം പാര്‍ലിമെന്റിലും. ഇരു സംസ്ഥാനങ്ങളിലെയും എം പിമാര്‍ പാര്‍ലിമെന്റില്‍ കൊമ്പുകോര്‍ത്തു. ഇടുക്കി ജില്ലയിലെ കാന്തല്ലൂരില്‍ കേരളം അണക്കെട്ട് നിര്‍മിക്കുന്നതിനെതിരെയാണ് തമിഴ്‌നാട് എം പിമാര്‍ പ്രതിഷേധിച്ചത്. ശൂന്യവേളയില്‍ തമിഴ്‌നാട് എം പിമാര്‍ വിഷയം ഉന്നയിച്ച് എഴുന്നേറ്റതോടെ പ്രതിഷേധവുമായി കേരള എം പിമാരും രംഗത്തിറങ്ങി. കേരളത്തിന്റെ അണക്കെട്ട് നിര്‍മാണം തടയണമെന്നും കേന്ദ്ര സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെടണമെന്നുമായിരുന്നു തമിഴ്‌നാടിന്റെ ആവശ്യം. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തന്നെ ഇരു സംസ്ഥാനങ്ങളും തര്‍ക്കത്തിലാണെന്നിരിക്കെ; കാന്തല്ലൂരിലെ അണക്കെട്ട് നിര്‍മാണം അംഗീകരിക്കാനാകില്ലെന്നായിരുന്നു തമിഴ്‌നാട് നിലപാട്.

തമിഴ്‌നാട് നിലപാടിനെതിരെ കേരള എം പിമാരും ശക്തമായ പ്രതിഷേധവുമായി എഴുന്നേറ്റു. കേരളത്തിന്റെ നദിയില്‍ അണക്കെട്ട് നിര്‍മിക്കാനുള്ള അവകാശം കേരളത്തിനാണെന്ന് സംസ്ഥാനത്ത് നിന്നുള്ള എം പിമാര്‍ ചൂണ്ടിക്കാട്ടി. വിഷയം പിന്നീട് ചര്‍ച്ച ചെയ്യാമെന്ന് സ്പീക്കര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് പാര്‍ലിമെന്റില്‍ ബഹളം അവസാനിച്ചത്. അണക്കെട്ട് നിര്‍മിക്കുന്നതില്‍ നിന്ന് കേരളത്തെ പിന്തിരിപ്പിക്കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി പനീര്‍ ശെല്‍വം നേരത്തെ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. പട്ടിശ്ശേരിയില്‍ അണക്കെട്ട് നിര്‍മിച്ചാല്‍ പാമ്പാറില്‍ നിന്ന് തമിഴ്‌നാട്ടിന് വെള്ളം ലഭിക്കില്ലെന്ന പ്രചാരണമാണ് തമിഴ്‌നാട് നടത്തുന്നത്. തമിഴ്‌നാട്ടിലെ അമരാവതി അണക്കെട്ടിലെ ജലനിരപ്പ് താഴുമെന്നും ജലവൈദ്യുത, കുടിവെള്ള, ചീങ്കണ്ണി വളര്‍ത്തല്‍ പദ്ധതികളെ ഇത് ബാധിക്കുമെന്നും തമിഴ്‌നാട് ആരോപിക്കുന്നു.
പാമ്പാര്‍ പുഴയില്‍ നിന്ന് മുക്കാല്‍ കിലോമീറ്റര്‍ മാറിയാണ് കാന്തല്ലൂര്‍ പഞ്ചായത്തിലെ നാലാം വാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന പട്ടിശ്ശേരി ജലാശയം. ചുറ്റുമുള്ള മലനിരകളില്‍ നിന്ന്, പ്രത്യേകിച്ച് വേട്ടക്കാരന്‍കോവില്‍ മലനിരകളില്‍ നിന്നുള്ള നീര്‍ച്ചാലുകളും ഉറവയുമാണ് പട്ടിശ്ശേരിയുടെ ജലസ്രോതസ്സ്. പാമ്പാറില്‍ നിന്നുള്ള ഒരു തുള്ളി വെള്ളം പോലും പട്ടിശ്ശേരിയിലേക്കോ, തിരിച്ച് പാമ്പാറിലേക്കോ ഒഴുകുന്നില്ല. ഈ സാഹചര്യത്തില്‍ തമിഴ്‌നാട് ഉയര്‍ത്തുന്ന വാദങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്ന് കേരളവും ചൂണ്ടിക്കാട്ടുന്നു. കാന്തല്ലൂരിലെ കൃഷിയിടങ്ങളിലേക്ക് വെള്ളമെത്തിക്കുന്നതിനായി 1937ല്‍ പട്ടിശ്ശേരി ജലാശയത്തിനു കുറുകെ നിര്‍മിച്ച തടയണയാണ് 23 മീറ്റര്‍ ഉയരമുള്ള പുതിയ അണക്കെട്ടായി ഇപ്പോള്‍ കേരളം പുനര്‍നിര്‍മിക്കുന്നത്.

Latest