മദ്യപിക്കുന്നവരെ സ്ഥാനാര്‍ഥിയാക്കുകയില്ലെന്ന് തീരുമാനിക്കാന്‍ കോണ്‍ഗ്രസിന് കഴിയില്ല: വെള്ളാപ്പള്ളി

Posted on: November 26, 2014 12:06 am | Last updated: November 25, 2014 at 11:06 pm

ചേര്‍ത്തല: മദ്യപിക്കുന്നവരെ സ്ഥാനാര്‍ഥിയാക്കുകയില്ലെന്ന് കോണ്‍ഗ്രസ് തീരുമാനിച്ചാല്‍ അവര്‍ക്ക് അന്യ സംസ്ഥാനങ്ങളില്‍ നിന്നോ മറ്റു പാര്‍ട്ടികളില്‍ നിന്നോ സ്ഥാനാര്‍ഥികളെ കണ്ടെത്തേണ്ടിവരുമെന്ന് എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ചേര്‍ത്തല എസ് എന്‍ ഡി പി യൂനിയന്റെ നേതൃത്വത്തില്‍ നടന്ന ഏകദിന നേതൃത്വ പഠനക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു ഇദ്ദേഹം. മദ്യവില്‍പ്പനക്കാരുടെ പണവുംവേണ്ട മദ്യപാനികളെ സ്ഥാനാര്‍ഥികളാക്കുകയുമില്ല എന്ന് കഴിഞ്ഞ ദിവസം കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍ പറഞ്ഞതിനെ പരാമര്‍ശിച്ചാണ് വെള്ളാപ്പള്ളി ഇങ്ങനെ പ്രതികരിച്ചത്. ബാറുകള്‍ നിര്‍ത്തലാക്കിയപ്പോള്‍ അവയില്‍ പണിയെടുക്കുന്ന ഒരുലക്ഷത്തോളം തൊഴിലാളികളുടെ കാര്യം മറന്ന യു ഡി എഫ് സര്‍ക്കാരിന് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസ് ഇപ്പോള്‍ നടത്തുന്ന ജനപക്ഷയാത്ര ജനമില്ലായാത്രയായിരിക്കുകയാണ്. ഭൂരിപക്ഷം വരുന്ന പിന്നാക്ക സമുദായത്തിന്റെ കാര്യത്തില്‍ എല്‍ ഡി എഫും യു ഡി എഫും ഒരേ നയമാണ് സ്വീകരിക്കുന്നത്. തമ്മിലടി നടത്തുന്ന എല്‍ ഡി എഫിന് മദ്യനയത്തില്‍ യഥാസമയം തീരുമാനമെടുക്കുവാന്‍ പോലും കഴിയാതെ വന്നു. ഇരു പാര്‍ട്ടികളുടേയും മാനം രക്ഷിക്കാനാണ് ഇപ്പോള്‍ മാണിക്കെതിരായി സമരം നടത്തുന്നത്.