‘തൊഴിലാളികള്‍ക്ക് സ്വന്തം നാട്ടില്‍ പരിശീലനം നല്‍കണം’

Posted on: November 25, 2014 8:54 pm | Last updated: November 25, 2014 at 8:54 pm

963788053അബുദാബി: രാജ്യത്തേക്ക് തൊഴില്‍ തേടി വരുന്നവര്‍ക്ക് മാതൃരാജ്യങ്ങളില്‍ ആവശ്യമായ പരിശീലനം നല്‍കണമെന്ന് തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി. നിര്‍മാണ മേഖലയില്‍ തൊഴിലിനായി എത്തുന്നവര്‍ക്കാണ് അതാത് രാജ്യങ്ങളില്‍ യു എ ഇയുടെ സഹായത്തോടെ പരിശീലനം നല്‍കാന്‍ ആവശ്യമായി സംവിധാനം ഏര്‍പെടുത്തിയിട്ടുണ്ടെന്ന് തൊഴില്‍ മന്ത്രി സഖര്‍ സഈദ് ഗോബാഷ് വ്യക്തമാക്കി. ഇന്ത്യ, പാക്കിസ്ഥആന്‍, ഫിലിപൈന്‍സ് എന്നീ രാജ്യങ്ങളില്‍ നിന്നാണ് യു എ ഇയില്‍ ഏറ്റവും കൂടുതല്‍ പേര്‍ നിര്‍മാണ മേഖലയില്‍ ജോലി ചെയ്യുന്നത്. ഇവര്‍ക്കായാണ് മാതൃകാ പദ്ധതിക്ക് രൂപംനല്‍കിയത്. ആദ്യ ഘട്ടത്തില്‍ ഈ മൂന്നു രാജ്യങ്ങളില്‍ നിന്നുമുള്ള 2,500 പേര്‍ക്കാണ് അവരുടെ രാജ്യങ്ങളില്‍ പരിശീലനം ഉറപ്പാക്കാന്‍ യു എ ഇ പദ്ധതി തയ്യാറാക്കിയത്.
രണ്ടു വര്‍ഷത്തോളമായിരിക്കും ഇവിടങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ക്ക് വിവിധ ബാച്ചുകളായി പരിശീലനം നല്‍കുക. പരിശീലനം ആരംഭിക്കുന്നതിന് മുമ്പായി തൊഴിലാളിയുടെ ജോലിയിലുള്ള ക്ഷമത പരിശോധിക്കും. ഇതിനായുള്ള ചെലവ് യു എ യില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലാളികളെ ആവശ്യമുളള നിര്‍മാണ സ്ഥാപനങ്ങളാവും വഹിക്കുക. ഭാവിയില്‍ രാജ്യത്തിന്റെ വിവിധ മേഖലകളിലേക്ക് ആവശ്യമായ പരിശീലനം സിദ്ധിച്ച തൊഴിലാളികളെ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ കൂടി ലക്ഷ്യമിട്ടാണ് നടപടിയെന്നും തൊഴില്‍ മന്ത്രി വ്യക്തമാക്കി.