മുസല്ല പാര്‍ക്കില്‍ ഇനി മരച്ചുവട്ടിലിരുന്ന് ഉല്ലസിക്കാം

Posted on: November 25, 2014 8:48 pm | Last updated: November 25, 2014 at 8:48 pm

ഷാര്‍ജ; റോള മുസല്ല പാര്‍ക്കില്‍ ഇനിതണല്‍ മരച്ചുവട്ടിലിരുന്ന് ആളുകള്‍ക്കു ഉല്ലസിക്കാം. പാര്‍ക്കിലെ മരങ്ങള്‍ വളര്‍ന്നുവലുതായി പൂവിട്ടുതുടങ്ങി. നേരത്തെ നിറയെ ഈന്തപ്പന മരങ്ങളായിരുന്നു പാര്‍ക്കില്‍. അവ മുറിച്ചുമാറ്റിയാണ് തണല്‍ മരങ്ങള്‍ നട്ടുവളര്‍ത്തിയത്. അടുത്തിടെയായിരുന്നു ഇത്. അതിവേഗമാണ് മരങ്ങള്‍ വളര്‍ന്ന് വലുതായത്. മാത്രമല്ല പൂവിട്ടുതുടങ്ങുകയും ചെയ്തു. ഇതോടെ ആളുകള്‍ തണലിനായി മരങ്ങളെ ആശ്രയിച്ചുതുടങ്ങി.

ഷാര്‍ജയിലെ ഏറെ പഴക്കമുള്ള വിശാലമായ പാര്‍ക്കുകളിലൊന്നാണിത്. നിറയെ ഈന്തപ്പനകളായിരുന്നതിനാല്‍ ‘കജൂര്‍’ പാര്‍ക്ക് എന്നായിരുന്നു ഇത് അറിയപ്പെട്ടിരുന്നത്. അവധി ദിവസങ്ങളിലും അല്ലാത്തപ്പോഴും ധാരാളം ആളുകള്‍ ഒത്തുകൂടുന്ന പാര്‍ക്കാണിത്. പാര്‍ക്കാണെങ്കിലും ഇരിപ്പിടങ്ങളല്ലാതെ മറ്റു സൗകര്യങ്ങളൊന്നും ഇല്ല. റമസാനില്‍ എക്‌സിബിഷനും മറ്റും നടക്കാറുണ്ട്. അനധികൃത കച്ചവടത്തിന്റെ ഇടംകൂടിയാണ്. മരങ്ങള്‍ വലുതാകുന്നതോടെ പാര്‍ക്കിന്റെ മുഖച്ഛായമാറും.
മുസല്ല പ്രദേശത്തിന്റെയും നഗര ഹൃദയ ഭാഗത്തായതിനാല്‍ ഏറെ ആകര്‍ഷകമായിരിക്കും. വെട്ടിമാറ്റിയതിനാല്‍, പഴക്കം ചെന്ന ഈന്തപ്പനകളുടെ അപകട ഭീഷണിയില്‍ നിന്നും ആളുകള്‍ക്കു രക്ഷനേടാം.