പിതാവിനെ കൊലപ്പെടുത്തിയ കേസില്‍ മകന് ജീവപര്യന്തം

Posted on: November 25, 2014 11:33 am | Last updated: November 25, 2014 at 11:33 am

murderപാലക്കാട്: പിതാവിനെ മര്‍ദ്ദിച്ചുകൊലപ്പെടുത്തിയ കേസില്‍ മകന് ജീവപര്യന്തം തടവും പതിനായിരംരൂപ പിഴയും ശിക്ഷ വിധിച്ചു. പട്ടാമ്പി മരുതൂര്‍ കുട്ടിക്കൃഷ്ണമേനോനെ(63)കൊലപ്പെടുത്തിയ കേസിലാണ് മകന്‍ അരുണ്‍കുമാര്‍(30)നെ കോടതി ശിക്ഷിച്ചത്. പാലക്കാട് ഡിസ്ട്രിക്ട് അഡീഷണല്‍ സെഷന്‍സ് കോടതി(മൂന്ന്) ജഡ്ജി കെ പി ജോണാണ് ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ഒരുവര്‍ഷംകൂടി തടവ് അനുഭവിക്കണം.
കഴിഞ്ഞ വര്‍ഷം ജനുവരി 16 നായിരുന്നു സംഭവം. ഓട്ടോറിക്ഷ വാങ്ങാന്‍ പണം നല്‍കാത്തതിലുള്ള വിരോധത്തില്‍ വടികൊണ്ട് അടിക്കുകയും മുറിക്കകത്ത് പൂട്ടിയിടുകയും ചെയ്തു. അവശനായ കുട്ടിക്കൃഷ്ണമേനോന്‍ ഭക്ഷണംകിട്ടാതെ മരണപ്പെടുകയായിരുന്നുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്. സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിലാണ് ശിക്ഷ വിധിച്ചത്. പട്ടാമ്പി സിഐ ആയിരുന്ന കെ എം ദേവസി, എസ് ഐ ടി എസ്ബിനു എന്നിവരാണ് കേസ് അന്വേഷിച്ചത്.