Connect with us

Kozhikode

ഇനി രണ്ട് മാസം; ആതിഥേയത്വം മികച്ചതാക്കാന്‍ തിടുക്കപ്പെട്ട ഒരുക്കങ്ങള്‍

Published

|

Last Updated

കോഴിക്കോട്: ഏഴാം തവണയും സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ആതിഥേയത്വം വഹിക്കുന്ന കോഴിക്കോട് ഇന്ന് സംഘാടക സമിതി യോഗം നടക്കും. വൈകുന്നേരം നാലിന് ടാഗോര്‍ സെന്റിനറി ഹാളില്‍ നടക്കുന്ന പരിപാടിയില്‍ മന്ത്രി പി കെ അബ്ദുര്‍റബ്ബ് അധ്യക്ഷത വഹിക്കും.

എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണയില്‍ സംസ്ഥാന കലോത്സവം മികച്ച രീതിയില്‍ നടത്താനുള്ള ശ്രമങ്ങളാണ് നടന്നുവരുന്നത്. എന്നാല്‍ കലോത്സവത്തിന് വളരെ കുറഞ്ഞ സമയം മാത്രമേ മുന്നിലുള്ളു എന്നതാണ് പ്രധാന വെല്ലുവിളി. പ്രധാന വേദി ഉള്‍പ്പെടെ പതിനെട്ടോളം വേദികള്‍ കണ്ടെത്തുന്നത് ഉള്‍പ്പെടെ ഏറെ പ്രയാസമേറിയ ദൗത്യമാണ് സംഘാടക സമിതിയുടെ മുന്നിലുള്ളത്. നിരവധി ആളുകള്‍ എത്തുന്ന പരിപാടി വിജയിപ്പിക്കുന്നത് ഏറെ ശ്രമകരമായ ദൗത്യമാണ്. ഏറെ സമയം ആവശ്യമായി വരുന്ന ഇക്കാര്യങ്ങള്‍ക്ക് കുറഞ്ഞ സമയം മാത്രമാണ് മുന്നിലുള്ളത്.
എറണാകുളത്ത് നടക്കേണ്ട കലോത്സവം കോഴിക്കോട്ടേക്ക് മാറ്റുമ്പോള്‍ വെറും രണ്ട് മാസം മാത്രമാണ് തയ്യാറെടുപ്പുകള്‍ക്കായി ലഭിക്കുന്നത്. ഇതിനുള്ളില്‍ എങ്ങിനെയെല്ലാം കാര്യങ്ങള്‍ ഭംഗിയാക്കാം എന്നാണ് ഇന്ന് ആലോചിക്കുക. യോഗത്തിന് മുന്നോടിയായി ഇന്ന് രാവിലെ അധ്യാപക സംഘടനകളുടെ സംസ്ഥാനതല നേതാക്കള്‍ പങ്കെടുക്കുന്ന യോഗവും നടക്കും. സംഘാടനവുമായി ബന്ധപ്പെട്ട വിവിധ സബ് കമ്മിറ്റികളുടെ ചുമതല ഇതിനകം വിവിധ അധ്യാപക സംഘടനകള്‍ക്ക് നല്‍കിയിട്ടുണ്ട്.
സ്വപ്‌ന നഗരി, മാനാഞ്ചിറ, മലബാര്‍ ക്രിസ്ത്യന്‍ കോളജ് മൈതാനം എന്നിവയാണ് പ്രധാനവേദികളായി പരിഗണിക്കുന്നത്. സ്വപ്‌നനഗരി വേദിയാക്കിയാല്‍ നഗരത്തില്‍ നിന്ന് പ്രത്യേകം വാഹന സംവിധാനം ഏര്‍പ്പെടുത്തേണ്ടി വരും. ഇക്കാര്യങ്ങളെക്കുറിച്ചും യോഗത്തില്‍ ആലോചിക്കും.
ടാഗോര്‍ഹാള്‍, ടൗണ്‍ഹാള്‍, മുതലക്കുളം മൈതാനം, സെന്റ് മൈക്കിള്‍സ് എച്ച് എസ് എസ്, എച്ച് എസ് എസ് കണ്ടംകുളം, ജൂബിലിഹാള്‍, പ്രൊവിഡന്‍സ് എച്ച് എസ് എസ്, സെന്റ് ജോസഫ്‌സ് ബോയ്‌സ് തുടങ്ങി നഗരത്തിലെ പ്രധാന സ്‌കൂളുകളുള്‍പ്പെടെയാണ് വേദികളായി പരിഗണിക്കുകയെന്നറിയുന്നത്.
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് കോഴിക്കോട് ആതിഥേയരാകുന്നത് ഏഴാം തവണയാണ്. 2015 ജനുവരി 15 മുതല്‍ 21 വരെയാണ് 55 ാമത് കലോത്സവം. സുവര്‍ണ ജൂബിലി വര്‍ഷമായ 2010 ലാണ് അവസാനമായി കോഴിക്കോട്ട് കലോത്സവം നടന്നത്. 1960 ലാണ് കോഴിക്കോട് ആദ്യമായി കലോത്സവത്തിന് ആതിഥ്യം അരുളിയത്. 1976, 1987, 1994, 2002, 2010 വര്‍ഷങ്ങളിലും മികവാര്‍ന്ന നിലയില്‍ കലോത്സവം സംഘടിപ്പിക്കാന്‍ കോഴിക്കോടിന് സാധിച്ചു.
കോഴിക്കോടിനൊപ്പം ഏഴ് തവണ ആതിഥേയത്വം വഹിച്ച ജില്ല എറണാകുളമാണ്. കലോത്സവ ചരിത്രത്തില്‍ 15 തവണ ജേതാക്കളായ ജില്ല എന്ന ബഹുമതിയും കോഴിക്കോടിന് സ്വന്തമാണ്. തുടര്‍ച്ചയായി സ്വര്‍ണക്കപ്പ് ഉയര്‍ത്തിയ ജില്ലക്ക് സംഘാടക മികവ് ഒരിക്കല്‍ക്കൂടി തെളിയിക്കാനുള്ള അവസരമാണ് ഇത്തവണ അപ്രതീക്ഷിതമായി കൈവന്നിരിക്കുന്നത്. 2010 ല്‍ കോഴിക്കോട്ട് നടന്ന കലോത്സവം ഏറെ മികവുറ്റതായിരുന്നു. ഒരു തരത്തിലുള്ള പരാതിക്കും ഇട നല്‍കാത്ത വിധത്തിലാണ് അന്ന് കലോത്സവം സംഘടിപ്പിച്ചത്. സ്റ്റുഡന്റ് പൊലീസ് എന്ന ആശയം ഉള്‍പ്പെടെ സാധ്യമായ ആ കലോത്സവത്തെക്കുറിച്ചുള്ള നല്ല ഓര്‍മ്മകള്‍ എല്ലാവരുടെയു മനസ്സിലുണ്ട്.
കോഴിക്കോടിന്റെ ആതിഥ്യമര്യാദക്ക് കോട്ടം പറ്റാത്ത വിധത്തിലുള്ള ഒരു കലോത്സവം തന്നെയാണ് ആലോചനയിലുള്ളത്. സര്‍ക്കാറിന്റെ പിടിപ്പുകേടിന്റെ ഫലമാണ് ഇത്തരമൊരു അവസ്ഥയിലേക്ക് എത്തിച്ചതെങ്കിലും വീണ്ടും കോഴിക്കോട്ടെത്തുന്ന കലോത്സവത്തെ വന്‍വിജയമാക്കാനുള്ള ഒരുക്കത്തിലാണ് എല്ലാവരും.