Connect with us

National

മുലായമിന്റെ ജന്‍മദിന ആഘോഷത്തിന് താലിബാന്റെ ഫണ്ടെന്ന് അഅ്‌സം ഖാന്‍

Published

|

Last Updated

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് മന്ത്രിസഭയിലെ മുതിര്‍ന്ന അംഗവും സമാജ്‌വാദി പാര്‍ട്ടി നേതാവുമായ അഅ്‌സം ഖാന്‍ വീണ്ടും വിവാദത്തില്‍. പാര്‍ട്ടി മേധാവി മുലായം സിംഗ് യാദവിന് തന്റെ ജന്‍മനാടായ രാംപൂരില്‍ ഒരുക്കിയ അത്യാര്‍ഭാട സ്വീകരണത്തെ കുറിച്ച് നടത്തിയ പരാമര്‍ശമാണ് ഇത്തവണ വിവാദത്തിനിടയാക്കിയത്. ആര്‍ഭാടത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ഖാന്റെ മറുപടി ഇതായിരുന്നു: “താലിബാന്‍ നേ ദിയാ, ദാവൂദ് നേ ദിയാ. സാരാ താലിബാന്‍ കാ ഫണ്ട് ഹെ (താലിബാന്‍ തന്നു, ദാവൂദ് (ഇബ്‌റാഹിം) തന്നു. പണം മുടക്കിയത് മുഴുവന്‍ താലിബാനാണ്)”. മുലായം സിംഗിന്റെ 75ാം ജന്‍മദിനത്തോടനുബന്ധിച്ചായിരുന്നു വിരുന്ന്.
പ്രസ്താവനക്കെതിരെ ബി ജെ പി രംഗത്തെത്തിക്കഴിഞ്ഞു. “ഇത്തരം ആര്‍ഭാടങ്ങള്‍ക്ക് മുഴുവന്‍ സര്‍ക്കാര്‍ ഖജനാവില്‍ നിന്നാണ് ഇടിച്ചു തള്ളുന്നത്. സ്‌കൂളുകളില്‍ കുട്ടികള്‍ക്ക് വെള്ളമില്ല. ജനങ്ങളുടെ ജീവിതം ദുരിത പൂര്‍ണമാണ്. എന്നിട്ടും ഭരണക്കാര്‍ ആര്‍ഭാടത്തിലാണ്”- ബി ജെ പി സംസ്ഥാന നേതാവ് വിജയ് ബഹദൂര്‍ പഥക് പറഞ്ഞു. കുതിരകള്‍ വലിക്കുന്ന തേരിലിരുത്തിയാണ് മുലായത്തെ വേദിയിലേക്ക് ആനയിച്ചത്. പ്രശസ്ത നര്‍ത്തകരും ഗായകരുമാണ് വിരുന്ന് കൊഴുപ്പിക്കാനെത്തിയത്. 75 അടി ഉയരമുള്ള കേക്ക് മുറിച്ചാണ് മുലായത്തിന്റെ ജന്‍മദിനാഘോഷങ്ങള്‍ക്ക് തുടക്കമായത്. അദ്ദേഹത്തിന്റെ മകനും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവും വിരുന്നില്‍ പങ്കെടുത്തു. ഇന്നലെ തുടങ്ങിയ ആഘോഷം ഇന്നും തുടരും.