മുല്ലപ്പെരിയാര്‍: സംസ്ഥാനത്തിന്റെ ആശങ്ക കേന്ദ്രത്തെ അറിയിക്കും

Posted on: November 20, 2014 4:02 am | Last updated: November 20, 2014 at 12:03 am

u3_Mullaperiyar-dam-300x183തിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ അപകടകരമാംവിധം ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ അണക്കെട്ടിന്റെ സുരക്ഷയും ജനങ്ങളുടെ ആശങ്കയും കേന്ദ്രത്തെ അറിയിക്കാന്‍ എം പിമാരുടെ യോഗത്തില്‍ തീരുമാനം. വരുന്ന പാര്‍ലിമെന്റ് സമ്മേളനത്തില്‍ കേരളത്തിലെ എം പിമാര്‍ ഇക്കാര്യം സംയുക്തമായി കേന്ദ്രത്തെ അറിയിക്കും. മേഖലയിലെ ജനങ്ങള്‍ വന്യജീവികളില്‍ നിന്ന് നേരിടുന്ന ഭീഷണിയും കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തും. പാര്‍ലിമെന്റിന്റെ ശീതകാല സമ്മേളനത്തിന് മുന്നോടിയായി ഇന്നലെ മുഖ്യമന്ത്രി വിളിച്ച് ചേര്‍ത്ത എം പിമാരുടെ യോഗത്തിലാണ് തീരുമാനം. ശബരിമല വികസനം, റെയില്‍വേ, സഹകരണ മേഖല, ഐ ഐ ടി, എയിംസ് തുടങ്ങിയ വിഷയങ്ങളും കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പ്പെടുത്താന്‍ യോഗത്തില്‍ ധാരണയായി. മുല്ലപ്പെരിയാര്‍ വിഷയത്തിന്റെ ഗൗരവം കേന്ദ്ര ജലവിഭവ മന്ത്രിയെ നേരിട്ട് ബോധ്യപ്പെടുത്താന്‍ എം പിമാര്‍ സംയുക്തമായി അദ്ദേഹത്തെ കാണും. അടുത്ത പാര്‍ലിമെന്റ് സമ്മേളനത്തിന് മുന്‍പ് സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ സംബന്ധിച്ച് നോട്ട് എം പിമാര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കും. മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയര്‍ത്താനുള്ള സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലെ പരിമിതിക്കുള്ളില്‍ പ്രശ്‌നം കേന്ദ്ര സര്‍ക്കാറിനെ സംസ്ഥാനം അറിയിക്കുമെന്ന് മുഖ്യമന്ത്രി ആമുഖ പ്രസംഗത്തില്‍ പറഞ്ഞു. ശബരിമലയെ ദേശീയ തീര്‍ഥാടന കേന്ദ്രമാക്കി പ്രഖ്യാപിക്കാന്‍ വേണ്ട അടിസ്ഥാന സൗകര്യം ഒരുക്കാന്‍ പെരിയാര്‍ കടുവ സങ്കേതത്തില്‍ നിന്ന് സ്ഥലം വിട്ടുകിട്ടുന്നതിന് അടിയന്തര ഇടപെടല്‍ വേണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.