പോര്‍ച്ചുഗലിനോട് അര്‍ജന്റീന തോറ്റു; ബ്രസീല്‍ വിജയം തുടരുന്നു

Posted on: November 19, 2014 10:18 am | Last updated: November 19, 2014 at 7:11 pm

saahലണ്ടന്‍: രാജ്യാന്തര സൗഹൃദ മത്സരത്തില്‍ അര്‍ജന്റീനയെ അവസാന മിനിറ്റിലെ ഗോളിലൂടെ പോര്‍ച്ചുഗല്‍ അട്ടിമറിച്ചു. ബ്രസീല്‍ ഓസ്ട്രിയയെ 2-1ന് തോല്‍പ്പിച്ചു. മറ്റുമത്സരങ്ങളില്‍ ഇംഗ്ലണ്ടും ഇറ്റലിയും അടക്കമുള്ള വമ്പന്‍മാരും വിജയം നേടി.
സൂപ്പര്‍ താരങ്ങളായ മെസ്സിയും ക്രിസ്റ്റ്യാനോയും നിരാശപ്പെടുത്തിയ മത്സരത്തില്‍ അര്‍ജന്റീനക്ക് തന്നെയായിരുന്നു ആധിപത്യം. 90 മിനിറ്റും പൂര്‍ത്തിയാക്കിയ മത്സരത്തിന്റെ ഇഞ്ചുറി ടൈംമിലെ ഒന്നാം മിനിറ്റിലാണ് പോര്‍ച്ചുഗല്‍ മെസ്സിയേയും സംഘത്തേയും ഞെട്ടിച്ചത്. റാഫേല്‍ ഗ്യുരീറോയാണ് ഗോള്‍ നേടിയത്. തുടര്‍ച്ചയായ ആറാം വിജയം നേടി ബ്രസീല്‍ വിജയഗാഥ തുടരുകയാണ്. ഗോള്‍രഹിതമായ ആദ്യപകുതിക്ക് ശേഷം രണ്ടാം പകുതിയാലാണ് മൂന്ന് ഗോളുകളും പിറന്നത്. 64-ാം മിനിറ്റില്‍ കോര്‍ണര്‍കിക്കില്‍ ഹെഡര്‍ ചെയ്ത് ഡേവിഡ് ലൂയിസ് ബ്രസീലിനെ മുന്നിലെത്തിച്ചു. എന്നാല്‍ 75-ാം മിനിറ്റില്‍ ആന്ദ്രെ വെയ്മനെ പെനാല്‍റ്റി ബോക്‌സില്‍ ഓസ്‌കാര്‍ ഫൗള്‍ ചെയ്തതിന് ഓസ്ട്രിയക്ക് ലഭിച്ച പെനാല്‍റ്റി ഡ്രാഗോവിച്ച് വലയിലെത്തിച്ച് സമനില പിടിച്ചു. എന്നാല്‍ ബ്രസീലിന്റെ പുത്തന്‍ താരോദയം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഫിര്‍മിനോ ദേശീയ കുപ്പായത്തില്‍ തന്റെ ആദ്യഗോള്‍ നേടി ടീമിന് വിജയം സമ്മാനിച്ചു. 83-ാം മിനിറ്റില്‍ 20 വാര അകലെ നിന്ന് വെടിയുണ്ടകണക്കെയുള്ള ഷോട്ടുതിര്‍ത്താണ് ഫിര്‍മിനോ രാജ്യാന്തര ഫുട്‌ബോളിലേക്കുള്ള തന്റെ വരവറിയിച്ചത്.
89-ാം മിനിറ്റില്‍ ക്രൂസ് നേടിയ ഗോളിലൂടെ ലോകചാമ്പ്യന്‍മാരായ ജര്‍മനി മുന്‍ ലോകചാമ്പ്യന്‍മാരായ സ്‌പെയിനിനെ തോല്‍പ്പിച്ചു. സൂപ്പര്‍ താരം വെയിന്‍ റൂണി നേടിയ ഇരട്ട ഗോളിന്റെ മികവില്‍ ഇംഗ്ലണ്ട് സ്‌കോട്ടലന്റിനെ 3-1ന് തകര്‍ത്തു. ചേമ്പര്‍ലൈനാണ് ഇഗ്ലണ്ടിനായി മറ്റൊരു ഗോള്‍ നേടിയത്. റോബെര്‍ട്ട്‌സന്‍ സ്‌കോട്ടലന്റിന്റെ ആശ്വാസ ഗോള്‍ നേടി. വരാനെ നേടി ഒരു ഗോളിന് ഫ്രാന്‍സ് സ്വീഡനേയും ഒകാക നേടിയ ഒരു ഗോളിന് ഇറ്റലി അല്‍ബേനിയയേയും തോല്‍പിച്ചു.

ALSO READ  വിജയം തുടരാൻ ബ്ലാസ്റ്റേഴ്സ്; ഇന്ന് എ ടി കെക്കെതിരെ