Connect with us

Alappuzha

ജനമൈത്രി സുരക്ഷാ പദ്ധതി മുഴുവന്‍ സ്റ്റേഷനുകളിലേക്കും

Published

|

Last Updated

ആലപ്പുഴ: സ്ഥാന സര്‍ക്കാറിന്റെ നിര്‍ദേശ പ്രകാരം ജനമൈത്രി സുരക്ഷാ പദ്ധതി സംസ്ഥാനത്തെ മുഴുവന്‍ പോലീസ് സ്റ്റേഷനുകളിലേക്കും വ്യാപിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി ആഭ്യന്തരവകുപ്പിന്റെ നേതൃത്വത്തില്‍ ജനമൈത്രി കേന്ദ്രങ്ങളില്‍ നിയമിക്കപ്പെടുന്ന പോലീസ് ഓഫീസര്‍മാര്‍ക്കുള്ള പ്രത്യേക പരിശീലന പരിപാടികള്‍ക്ക് തുടക്കം കുറിച്ചു.
ബീറ്റ് ഓഫീസര്‍മാര്‍, അസിസ്റ്റന്റ് ബീറ്റ് ഓഫീസര്‍മാര്‍, കമ്യൂനിറ്റി ലെയ്‌സണ്‍ ഗ്രൂപ്പുകള്‍ എന്നിവര്‍ക്കാണ് പരിശീലനം നല്‍കുന്നത്. 1361 പേര്‍ ഇതിനകം പോലീസ് ട്രെയിനിംഗ് കോളജില്‍ പരിശീലനം പൂര്‍ത്തിയാക്കിക്കഴിഞ്ഞു.
2008 മാര്‍ച്ചിലാണ് സംസ്ഥാനത്തെ തിരഞ്ഞെടുത്ത 20 പോലീസ് സ്റ്റേഷനുകളില്‍ ജനമൈത്രി സുരക്ഷാ പദ്ധതി നടപ്പാക്കിയത്. 2009ല്‍ 23 പുതിയ കേന്ദ്രങ്ങള്‍ കൂടി ആരംഭിച്ചു. 2010ല്‍ 105 ഉം 2012ല്‍ 100 ഉം പോലീസ് സ്റ്റേഷനുകളില്‍ കൂടി പദ്ധതി ആരംഭിച്ചു.
നിലവില്‍ സംസ്ഥാനത്ത് 248 ജനമൈത്രി സുരക്ഷാ കേന്ദ്രങ്ങളാണുള്ളത്. ഇത് മുഴുവന്‍ പോലീസ് സ്റ്റേഷനുകളിലേക്കും വ്യാപിപ്പിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. സംസ്ഥാനത്ത് ആകെ 490 പോലീസ് സ്റ്റേഷനുകളാണുള്ളത്. ഇവിടെയെല്ലാം ജനമൈത്രി സുരക്ഷാ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതോടെ പോലീസും ജനങ്ങളുമായുള്ള അകല്‍ച്ച ഒഴിവാക്കാനും കുറ്റകൃത്യങ്ങള്‍ ഗണ്യമായി കുറക്കാനും കഴിയുമെന്നാണ് ആഭ്യന്തര വകുപ്പ് കണക്ക് കൂട്ടുന്നത്.
പോലീസ് സ്റ്റേഷനുകളില്‍ പരാതിയുമായെത്തുന്നവര്‍ക്ക് ഇരിക്കാന്‍ സൗകര്യമൊരുക്കുന്നതിനൊപ്പം കേസുകളില്‍ പെട്ട് സ്റ്റേഷനുകളിലെത്തിക്കുന്ന വനിതാ കുറ്റവാളികള്‍ക്ക് വിശ്രമ സൗകര്യവും ജനമൈത്രി കേന്ദ്രങ്ങളില്‍ ഒരുക്കാനും തയ്യാറെടുപ്പുകള്‍ നടക്കുന്നുണ്ട്.