യു ഡി എഫ് – എല്‍ ഡി എഫ് ഒത്തുകളി നയത്തില്‍ മാറ്റം വന്നിട്ടില്ല: വി മുരളീധരന്‍

Posted on: November 18, 2014 9:52 am | Last updated: November 18, 2014 at 9:52 am

v.muraleedharanകോഴിക്കോട്: യു ഡി എഫ് സര്‍ക്കാറുമായുള്ള എല്‍ ഡി എഫിന്റെ ഒത്തുകളി നയത്തിന് മാറ്റം വന്നിട്ടില്ലെന്നതിന്റെ തെളിവാണ് ഇന്നലെ നടന്ന എല്‍ ഡി എഫ് യോഗത്തിലെ തീരുമാനങ്ങളെന്ന് ബി ജെ പി സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്‍. സി പി എം അഡ്ജസ്റ്റ്‌മെന്റ് സമരം നടത്തുന്നുവെന്ന വിമര്‍ശനം നടത്തിയ സി പിഐയുമായി അഡ്ജസ്റ്റ്‌മെന്റിനാണ് യോഗത്തില്‍ ശ്രമിച്ചത്. എല്‍ ഡി എഫ് കോടതിയെ സമീപിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഏതുതരം അന്വേഷണം വേണമെന്ന് തീരുമാനമായിട്ടില്ല. കൊട്ടിഘോഷിച്ചുകൊണ്ട് പ്രഖ്യാപിച്ച നികുതി നിഷേധസമരം എവിടെപ്പോയെന്ന് സി പി എം വ്യക്തമാക്കണം. സി പി എം സമരങ്ങള്‍ ഒത്തുകളിയാണെന്ന് നേരത്തെ ബി ജെ പി പറഞ്ഞത് ഇന്ന് ശരിയാണെന്ന് വന്നിരിക്കുകയാണ്.
ബാര്‍ കോഴ ഇടപാടില്‍ മന്ത്രി കെ എം മാണി രാജിവെക്കണമെന്നും സി ബി ഐ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് ബി ജെ പി പ്രക്ഷോഭം ശക്തമാക്കും. ഇതിന്റെ ഭാഗമായി 19ന് മുഴുവന്‍ നിയോജക മണ്ഡലങ്ങളിലും സത്യഗ്രഹ സമരം നടത്തുമെന്നും മുരളീധരന്‍ പറഞ്ഞു. ബി ജെ പി സംസ്ഥാന സെക്രട്ടറി വി വി രാജന്‍, അഡ്വ. വി പി ശ്രീപദ്മനാഭന്‍ പങ്കെടുത്തു.