ദുരന്തനിവാരണ സേനയെത്തി; തേക്കടിയില്‍ നേരിയ സംഘര്‍ഷം

Posted on: November 17, 2014 5:11 am | Last updated: November 16, 2014 at 11:15 pm

mullaperiyar poovidal tamilnadu sangharshamതൊടുപുഴ: ഏത് നിമിഷവും നിറയാവുന്ന മുല്ലപ്പെരിയാര്‍ അണക്കെട്ടിനെച്ചൊല്ലിയുളള ഭീതിയില്‍ കഴിയുന്ന കുമളിയില്‍ സംഘര്‍ഷത്തിന് ഒരു വിഭാഗം തമിഴ്‌നാട്ടുകാരുടെ ശ്രമം. അണക്കെട്ട് നിറയുന്നതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് തേക്കടിയില്‍ തമിഴ്‌നാട്ടുകാര്‍ പുഷ്പവൃഷ്ടി നടത്താനെത്തിയതാണ് സംഘര്‍ഷത്തിനിടയാക്കിയത്. ഇതേത്തുടര്‍ന്ന് തേക്കടിയിലും സമീപ പ്രദേശങ്ങളിലും സുരക്ഷ കര്‍ശനമാക്കി.
അടിയന്തര സാഹചര്യം നേരിടാന്‍ ദുരന്തനിവാരണ സേന പെരിയാര്‍ തീരത്ത് എത്തി. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ആരും മാറിയില്ലെങ്കിലും ചിലര്‍ ബന്ധുവീടുകളെ അഭയം പ്രാപിച്ചിട്ടുണ്ട്. തേക്കടി ബോട്ട് ലാന്‍ഡിംഗിന്റെ കുറേ ഭാഗം വെള്ളത്തിനടിയിലായി. 1539 ഘനയടി വെള്ളം സെക്കന്‍ഡില്‍ അണക്കെട്ടിലേക്ക് ഒഴുകിയെത്തുമ്പോള്‍ 900 ഘനയടി തമിഴ്‌നാട് കൊണ്ടുപോകുന്നു. മുല്ലപ്പെരിയാര്‍ സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തുവാനും സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യുന്നതിനുമായുള്ള ഉന്നതതല യോഗം ജലവിഭവമന്ത്രി പി ജെ ജോസഫിന്റെ അധ്യക്ഷതയില്‍ ഇന്ന് രാവിലെ കലക്ടറേറ്റില്‍ ചേരും.
ഇന്നലെ ഉച്ചയോടെയാണ് മധുരയില്‍ നിന്നുള്ള ഇരുപതംഗ സംഘം തേക്കടി തടാകത്തില്‍ പുഷ്പവൃഷ്ടിക്കെത്തിയത്. ബോട്ട്‌ലാന്‍ഡിംഗിലെ ടിക്കറ്റ് കൗണ്ടറിനു സമീപത്തുള്ള പ്രവേശന കവാടംവഴി തടാക തീരത്തേക്കിറങ്ങാന്‍ തമിഴ് സംഘം ശ്രമിച്ചു. ബോട്ട് ടിക്കറ്റും എന്‍ട്രന്‍സ് ടിക്കറ്റും ഇല്ലാത്തതിനാല്‍ വനം വകുപ്പ് അധികൃതര്‍ ഇവരെ തിരിച്ചയച്ചു.
തുടര്‍ന്ന് ലാന്‍ഡിംഗിന് എതിര്‍വശത്ത് വെള്ളം കയറിക്കിടക്കുന്ന സ്ഥലത്തേക്ക് ഇറങ്ങി വീണ്ടും പുഷ്പവൃഷ്ടി നടത്താന്‍ ശ്രമിക്കുകയായിരുന്നു. ഇവിടെയുണ്ടായിരുന്ന നാട്ടുകാര്‍ എതിര്‍ത്തതോടെയാണ് നേരിയ സംഘര്‍ഷമുണ്ടായത്. ഇടുക്കി എ ഡി എം. വി ആര്‍ മോഹനന്‍ പിള്ള സ്ഥലത്തെത്തി കാര്യങ്ങള്‍ വിലയിരുത്തി. ഇതോടെ തേക്കടി ബോട്ട് ലാന്‍ഡിംഗ്, കുമളി എന്നിവിടങ്ങളില്‍ സുരക്ഷക്കായി കൂടുതല്‍ പോലീസിനെ നിയോഗിച്ചു. മുല്ലപ്പെരിയാറില്‍ നിന്ന് തമിഴ്‌നാട്ടിലേക്ക് വെള്ളം കൊണ്ടു പോകുന്ന ഇന്‍ടേക് ഷട്ടറിന്റെ പരിസരത്തുള്ള ഗേറ്റ് പൂട്ടിയിട്ടുണ്ട്.
ഉപ്പുതറ സെന്റ് ഫിലോമിന ഹൈസ്‌കൂളിലാണ് 33 പേരടങ്ങുന്ന ദുരന്തനിവാരണ സംഘത്തിന് ക്യാമ്പ് ഒരുക്കിയിരിക്കുന്നത്. അടിയന്തര സാഹചര്യത്തില്‍ മാത്രമേ ജനങ്ങളെ ഒഴിപ്പിക്കാവൂ എന്ന് ജില്ലാ ഭരണകൂടത്തിന് റവന്യൂ മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രി, റവന്യൂ മന്ത്രി തുടങ്ങിയവര്‍ ജില്ലാ ഭരണകൂടവുമായി ബന്ധപ്പെടുന്നുണ്ട്.