സംവരണം: സുപ്രീം കോടതിയില്‍ ഹരജി നല്‍കാന്‍ സര്‍വകക്ഷി തീരുമാനം

Posted on: November 16, 2014 5:10 am | Last updated: November 15, 2014 at 10:11 pm

മുംബൈ: മറാഠികള്‍ക്കും മുസ്‌ലിംകള്‍ക്കും സര്‍ക്കാര്‍ ജോലിയിലും വിദ്യാഭ്യാസ മേഖലയിലും 16 ശതമാനം സംവരണം ഏര്‍പ്പെടുത്തിയ തീരുമാനം സ്റ്റേ ചെയ്ത ബോംബേ ഹൈക്കോടതി നടപടിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ തീരുമാനിച്ചു. മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വ കക്ഷി യോഗത്തിന്റെതാണ് തീരുമാനം. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെതിരെ സുപ്രീം കോടതിയില്‍ പോകുമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയതായി ശിവസേനാ അംഗം വിനായക് മിട്ടേ പറഞ്ഞു. അടുത്തയാഴ്ച സുപ്രീം കോടതിയില്‍ അപ്പീല്‍ ഹരജി നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മറാഠികളുടെയും മുസ്‌ലിംകളുടെയും സംവരണ വിഷയത്തില്‍ സര്‍വകക്ഷി സമിതി രൂപവത്കരിക്കാന്‍ ധാരണയായിട്ടുണ്ടെന്ന് യോഗത്തില്‍ സംബന്ധിച്ച മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ നസീം ഖാന്‍ പറഞ്ഞു.
മറാഠ, മുസ്‌ലിം സംവരണത്തില്‍ മുന്‍ സര്‍ക്കാര്‍ എടുത്ത നിലപാടില്‍ നിന്ന് പിറകോട്ട് പോകില്ലെന്നും ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കുമെന്നും വിധി വന്ന വെള്ളിയാഴ്ച തന്നെ മുഖ്യമന്ത്രി ഫട്‌നാവിസ് അറിയിച്ചിരുന്നു. ഇതിന് പിറകേയാണ് ഇന്നലെ സര്‍വകക്ഷി യോഗം വിളിച്ചത്.
മറാഠികള്‍ക്ക് പതിനാറ് ശതമാനം സംവരണം ഏര്‍പ്പെടുത്തിയതും പൊതുമേഖലാ സ്ഥാപനങ്ങളില്‍ മുസ്‌ലിംകള്‍ക്ക് അഞ്ച് ശതമാനം തൊഴില്‍ സംവരണം ഏര്‍പ്പെടുത്തിയതുമാണ് ചീഫ് ജസ്റ്റിസ് മൊഹിത് ഷാ അധ്യക്ഷനായ ബഞ്ച് സ്റ്റേ ചെയ്തത്. മുസ്‌ലിംകള്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള സംവരണം തുടരും. പൃഥ്വിരാജ് ചവാന്റെ നേതൃത്വത്തിലുള്ള കഴിഞ്ഞ സര്‍ക്കാറാണ് സംവരണം ഏര്‍പ്പെടുത്തിയത്. സംവരണം നല്‍കാനുള്ള തീരുമാനം ചോദ്യം ചെയ്തുള്ള പൊതുതാത്പര്യ ഹരജി പരിഗണിച്ചു കൊണ്ടാണ് ഹൈക്കോടതി ഉത്തരവ്.
മഹാരാഷ്ട്രയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് തൊട്ടു മുമ്പാണ് മറാഠികള്‍ക്കും മുസ്‌ലിംകള്‍ക്കും സംവരണം ഏര്‍പ്പെടുത്തിക്കൊണ്ട് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്.