ഐ പി എല്‍ ഒത്തുകളി: മുഗ്ദല്‍ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വിടാമെന്ന് സുപ്രീംകോടതി

Posted on: November 14, 2014 6:56 pm | Last updated: November 14, 2014 at 11:46 pm

 

n sreenivaasaന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ വാതുവെപ്പ് അന്വേഷിച്ച ജസ്റ്റിസ് മുകുള്‍ മുദ്ഗല്‍ സമിതി റിപ്പോര്‍ട്ടിലെ പേരുകള്‍ സുപ്രീം കോടതി പുറത്തുവിട്ടു. രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ (ഐ സി സി) ചെയര്‍മാന്‍ എന്‍ ശ്രീനിവാസന്‍, അദ്ദേഹത്തിന്റെ മരുമകനും ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ടീം പ്രിന്‍സിപ്പലുമായ ഗുരുനാഥ് മെയ്യപ്പന്‍, രാജസ്ഥാന്‍ റോയല്‍സിന്റെ സഹ ഉടമ രാജ് കുന്ദ്ര ഉള്‍പ്പെടെ ഏഴ് പേരുകളാണ് പുറത്തുവിട്ടത്. ഐ പി എല്‍. സി ഇ ഒ സുന്ദര്‍ രാമന്റെ പേരും അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്. ഇവര്‍ക്ക് പുറമെ മൂന്ന് കളിക്കാരുടെ പേരുകളും പുറത്തുവന്നിട്ടുണ്ട്. എന്നാല്‍, കളിക്കാരുടെ പേര് അറിയാതെ പുറത്തുവിടുകയായിരുന്നുവെന്ന് സുപ്രീം കോടതി പറഞ്ഞു. വിവാദമായ കേസില്‍ കളിക്കാരുടെ പേരുകള്‍ മാധ്യമങ്ങള്‍ പുറത്തുവിടുന്നത് വിപരീത ഫലമുണ്ടാക്കുമെന്ന് സുപ്രീം കോടതി അഭിപ്രായപ്പെട്ടു.

ഈ മാസം 24ന് കേസില്‍ വീണ്ടും വാദം കേള്‍ക്കും. ഈ സമയം നാല് പേരും ഹാജരാകണമെന്ന് കോടതി ഉത്തരവിട്ടു. അതേസമയം, ഈ മാസം ഇരുപതിന് നടക്കേണ്ട ബി സി സി ഐ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു.
കളിക്കാര്‍ ഒഴികെയുള്ളവരുടെ പേരുകള്‍ പുറത്തുവിടാനാണ് കോടതി തയ്യാറായിരുന്നത്. എന്നാല്‍, പേരുകള്‍ വായിക്കുന്നതിനിടെ ജസ്റ്റിസ് താക്കൂര്‍ മൂന്ന് കളിക്കാരുടെ പേരുകള്‍ അശ്രദ്ധമായി പുറത്തുവിടുകയായിരുന്നു. കളിക്കാരുടെ പേരുകള്‍ പിന്നീട് പിന്‍വലിക്കുന്നതായി ബഞ്ച് വ്യക്തമാക്കി.
ഗുരുനാഥ് മെയ്യപ്പന്റെ പേര് അന്വേഷണ റിപ്പോര്‍ട്ടിലുണ്ടാകുമെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു. കേസില്‍ ആരോപണവിധേയനായ വിനോദ് ധാരാ സിംഗുമായി മെയ്യപ്പന്‍ നടത്തിയ ടെലിഫോണ്‍ സംഭാഷണങ്ങള്‍ പരിശോധിച്ച മുംബൈയിലെ ഫോറന്‍സിക് സയന്‍സ് ലബോറട്ടറി റിപ്പോര്‍ട്ട് ഇക്കാര്യം സ്ഥിരീകരിക്കുന്നതാണ്. മുദ്ഗല്‍ സമിതി റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന ഹരജിയുടെ അടിസ്ഥാനത്തിലാണ് പേരുകള്‍ കോടതി പുറത്തുവിട്ടത്.
തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള വാര്‍ഷിക ജനറല്‍ബോഡി യോഗത്തില്‍ എന്‍ ശ്രീനിവാസനെ പങ്കെടുപ്പിക്കാന്‍ അനുവദിക്കണമെന്ന് കോടതിയെ ബി സി സി ഐ ബോധിപ്പിച്ചിരുന്നു. ശ്രീനിവാസനെ മത്സരിക്കാന്‍ അനുവദിക്കണമെന്ന് അദ്ദേഹത്തിനു വേണ്ടി ഹാജരായ കപില്‍ സിബല്‍ ആവശ്യപ്പെട്ടു. എന്നാല്‍, തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് ശ്രീനിവാസനെ കോടതി വിലക്കുകയായിരുന്നു. ജനറല്‍ബോഡി യോഗം മാറ്റിവെക്കാനും കോടതി ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്ന് ജനറല്‍ബോഡി യോഗവും പുതിയ പ്രസിഡന്റ് തിരഞ്ഞെടുപ്പും നാലാഴ്ചത്തേക്ക് കൂടി നീട്ടിവെച്ചു. കഴിഞ്ഞ സെപ്തംബറിലാണ് ബി സി സി ഐയില്‍ തിരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നത്.
ശ്രീനിവാസന്റെ ഉടമസ്ഥതയിലുള്ള ചെന്നൈ സൂപ്പര്‍ കിംഗ്‌സും ടീം ക്യാപ്റ്റന്‍ എം എസ് ധോണിയും വാതുവെപ്പുമായി ബന്ധപ്പെട്ടുള്ള ആരോപണത്തിന്റെ നിഴലില്‍ വന്നിരുന്നു. ഈ മാസം മൂന്നിനാണ് മുദ്ഗല്‍ സമിതി അന്തിമ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി ഉള്‍പ്പെട്ട മുദ്ഗല്‍ കമ്മിറ്റി കഴിഞ്ഞ ഫെബ്രുവരിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പതിമൂന്ന് പേരുകളാണ് ഉള്‍പ്പെട്ടിരുന്നത്. വാതുവെപ്പ് കേസില്‍ മെയ്യപ്പന്‍ കുറ്റക്കാരനാണെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നത്.
കഴിഞ്ഞ വര്‍ഷം നടന്ന ഐ പി എല്‍ ആറാം സീസണിലാണ് വാതുവെപ്പുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ ഉയര്‍ന്നത്. മലയാളി താരം ശ്രീശാന്ത് ഉള്‍പ്പെടെ ഐ പി എല്‍ താരങ്ങളുടെയും അധികൃതരുടെയും പേരുകള്‍ ഉള്‍പ്പെടുത്തി പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു.
ശ്രീനിവാസന്റെതുള്‍പ്പെടെ ഏഴ് പേരുകള്‍ പുറത്ത്‌