കോക്കനട്ട് വേള്‍ഡ് കമ്പനി മപ്രം തടായിയില്‍

Posted on: November 14, 2014 10:26 am | Last updated: November 14, 2014 at 10:26 am

എടവണ്ണപ്പാറ: നാളികേരത്തില്‍ നിന്ന് വിവിധ ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന കോക്കനട്ട് വേള്‍ഡ് കമ്പനി മപ്രം തടായിയില്‍ ആരംഭിക്കും. ധാരാളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന ഈ ബൃഹത് പദ്ധതിയുടെ പൈലറ്റ് പ്രൊജക്ടാണ് ആദ്യഘട്ടത്തില്‍ ആരംഭിക്കുന്നത്. മലപ്പുറം കോക്കനട്ട് പ്രൊഡ്യൂസര്‍ കമ്പനിയുടെ കീഴിലാണ് ഈ കമ്പനി പ്രവര്‍ത്തിക്കുക. ആയിരത്തോളം തൊഴിലാളികള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന കമ്പനിയില്‍ നിന്ന് 35ലധികം ഉത്പന്നങ്ങള്‍ നിര്‍മിക്കും. ഫെബ്രുവരിയില്‍ കമ്പനിയുടെ പൈലറ്റ് പ്രൊജക്ട് ആരംഭിക്കും. ആദ്യഘട്ടത്തില്‍ ആറ് യൂനിറ്റുകളാണ് ഇവിടെ നിന്ന് ആരംഭിക്കുക. പാം ഷുഗര്‍, ഹണി, ജാഗിരി, വെളിച്ചെണ്ണ, ചിപ്‌സ് തുടങ്ങിയ നിരവധി ഉത്പന്നങ്ങള്‍ ഇവിടെ നിന്ന് ഉത്പാദിപ്പിക്കും. കമ്പനിയിലേക്കുള്ള റോഡ് നിര്‍മാണവും ഭൂമി നിരപ്പാക്കലും ഇതിനകം ആരംഭിച്ചിട്ടുണ്ട്. 14 ഏക്കറില്‍ 120 കോടി രൂപ മുടക്കില്‍ ബൃഹത് പദ്ധതിക്കായി കമ്പനി ലക്ഷ്യമിടുന്നത്. 49 ശതമാനം ഗവണ്‍മെന്റ് ഫണ്ടും 51 ശതമാനം കര്‍ഷകരില്‍ നിന്നുമാണ് ഫണ്ട് സമാഹരിക്കുന്നത്.