പട്ടികളല്ല; ഇവര്‍ പാവം മനുഷ്യര്‍

Posted on: November 14, 2014 6:00 am | Last updated: November 13, 2014 at 11:14 pm

SIRAJ.......മനുഷ്യ മനഃസാക്ഷിയെ ഞെട്ടിച്ച സംഭവമാണ് ഛത്തീസ്ഗഢില്‍ വന്ധ്യംകരണ ശസ്ത്രക്രിയയെ തുടര്‍ന്നുണ്ടായ കൂട്ടമരണം. 14 സ്ത്രീകളാണ് ഛത്തീസ്ഗഢിലെ ബിലാസ്പൂരിനടുത്ത് നെമിചന്ദ് ആശുപത്രിയില്‍ നടന്ന ശസ്ത്രക്രിയയിലെ അപാകം മൂലം മരിച്ചത്. അമ്പതിലേറെപ്പേര്‍ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ തുടരുകയാണ്. ഗുരുതരമാണ് ഇവരില്‍ ഇരുപതിലേറെപ്പേരുടെ നില.
സംസ്ഥാന ആരോഗ്യവകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടന്ന ക്യാമ്പില്‍ തികച്ചും നിരുത്തരവാദപരമായും എല്ലാ മാനദണ്ഡങ്ങളും മറികടന്നുമാണ് ശസ്ത്രക്രിയ നടത്തിയത്. 83 പേരെയാണ് നാല് മണിക്കൂറിനകം അവിടെ കൂട്ടവന്ധ്യംകരണ ശസ്ത്രക്രിയക്ക് വിധേയമാക്കിയത്. വന്ധ്യംകരണ ക്യാമ്പില്‍ ഒരു ദിവസം പരമാവധി നടത്താവുന്ന ശസ്ത്രക്രിയകളുടെ എണ്ണം 35 ആണ്. ഒരു ഡോക്ടര്‍ പത്ത് ശസ്ത്രക്രിയ മാത്രമേ നടത്താവൂ എന്നും ചട്ടമുണ്ട്. എന്നാല്‍ നെമിചന്ദ് ആശുപത്രിയില്‍ 83 പേരെയാണ് അഞ്ച് മണിക്കൂറിനകം ഒറ്റ ഡോക്ടറുടെ നേതൃത്വത്തില്‍ ശസ്ത്രക്രിയ ചെയ്തത്. ഒരേ ലാപ്രോസ്‌ക്രോപ് ഉപയോഗിച്ച് പത്ത് ശസ്ത്രക്രിയകളിലധികം ചെയ്യരുതെന്ന ചട്ടവും ലംഘിച്ചു. ഒരേ ലാപ്രോസ്‌ക്രോപ് ഉപയോഗിച്ചാണ് 83 ശസ്ത്രക്രിയകളും നടന്നത്. ഓരോ ശസ്ത്രക്രിയക്ക് ശേഷവും ഉപകരണം രോഗാണു വിമുക്തമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന നിര്‍ദേശവും പാലിച്ചില്ല. ശസ്ത്രക്രിയക്ക് ഉപയോഗിച്ചത് തുരുമ്പിച്ച ഉപകരണങ്ങളുമായിരുന്നുവത്രെ.
രാജ്യത്ത് ജനപ്പെരുപ്പം കുറക്കാനുള്ള സര്‍ക്കാറിന്റെ തീവ്രശ്രമത്തിന്റെ ഭാഗമായി പരമാവധി ആളുകളെ വന്ധ്യംകരണത്തിന് വിധേയമാക്കണമെന്ന ഉത്തരവിന്റെയും, അതിനായി നല്‍കുന്ന അമിത പ്രോത്സാഹനത്തിന്റെയും അനന്തരഫലമാണ് ഈ ദാരുണ സംഭവം. ഓരോ ജില്ലയിലും നിശ്ചിത എണ്ണം ശസ്ത്രക്രിയ നടത്തിയിരിക്കണമെന്ന് ആരോഗ്യവകുപ്പിന്റെ നിര്‍ദേശമുണ്ട്. ഇത് തികക്കാനാണ് കൂട്ട വന്ധ്യംകരണ ശസ്ത്രക്രിയ നടത്തുന്നത്. ശസ്ത്രക്രിയക്ക് വിധേയരാകുന്നവര്‍ക്ക് പ്രോത്സാഹനാര്‍ഥം 1,400 രൂപയും വീട്ടുപകരണങ്ങളും ക്യാമ്പിലേക്ക് സ്ത്രീകളെ എത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആളൊന്നിന് 200 രൂപയും നല്‍കുന്നുണ്ട്. ഇത് കരസ്ഥമാക്കാന്‍ ഇടത്തട്ടുകാര്‍ സ്ത്രീകളെ നിര്‍ബന്ധപൂര്‍വവും പലതും പറഞ്ഞു തെറ്റിദ്ധരിപ്പിച്ചും ക്യാമ്പിലെത്തിക്കുകയാണ്. മതിയായ ശാരീരിക ക്ഷമതയില്ലാത്തവരെയും ശസ്ത്രക്രിയക്ക് വിധേയരാക്കാറുണ്ട്. ഛത്തീസ്ഗഢില്‍ ശസ്ത്രക്രിയ ചെയ്യപ്പെട്ട 83 പേരില്‍ അമ്പതിലധികവും മതിയായ ശാരീരികാരോഗ്യം ഇല്ലാത്തവരായിരുന്നുവെന്നാണ് വിവരം.
രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഇതുപോലെ മാനദണ്ഡങ്ങള്‍ ലംഘിച്ചും ചട്ടങ്ങള്‍ കാറ്റില്‍ പറത്തിയും വന്ധ്യംകരണ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നുണ്ട്. പശ്ചിമബംഗാളില്‍ മാല്‍ഡ ജില്ലയിലെ 60 കിടക്കകളുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ കഴിഞ്ഞ ഡിസംബര്‍ ആറിന് 103 സ്ത്രീകളെയാണ് കേവലം രണ്ട് ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ കൂട്ടത്താടെ വന്ധ്യംകരണ ശസ്ത്രക്രിയക്ക് വിധേയരാക്കിയത്. ആശുപത്രിയിലെ സ്ഥല പരിമിതി മൂലം വരാന്തയില്‍ വെച്ചായിരുന്നുവത്രെ ശസ്ത്രക്രിയകളില്‍ ഏറെയും. ശസ്ത്രക്രിയ കഴിഞ്ഞവരെ വിശ്രമത്തിനായി കിടത്തിയത് ആശുപത്രി ഗ്രൗണ്ടിലും. ഛത്തിസ്ഗഢിലും 83 പേരെ ശസ്ത്രക്രിയ നടത്താനുള്ള അടിസ്ഥാന സൗകര്യമുണ്ടായിരുന്നില്ലെന്ന് അന്വേഷണോദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയിട്ടുണ്ട്.
വന്ധ്യംകരണ ശസ്ത്രക്കിയക്ക് ബീഹാര്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ഉയര്‍ന്ന ആനുകൂല്യം നേടാനായി 2012ല്‍ സംസ്ഥാനത്തെ 16 ആശുപത്രികള്‍ നടത്തിയ കൂട്ട വന്ധ്യംകരണ ശസ്ത്രക്രിയ വന്‍ വിവാദമായതാണ്. നിര്‍ബന്ധിച്ചും ഗര്‍ഭാശയം നീക്കിയില്ലെങ്കില്‍ ഭാവിയില്‍ ക്യാന്‍സര്‍ മുതലായ മാരകരോഗങ്ങള്‍ ബാധിക്കുമെന്ന് ഭീഷണിപ്പെടുത്തിയുമെല്ലാമാണ് അവിടെ സ്ത്രീകളെ ആശുപത്രികളിലെത്തിച്ചത്. ഇവരില്‍ ഏറെയും 12 മുതല്‍ 14 വയസ്സ് വരെ പ്രായമുള്ള കൗമാരക്കാരായിരുന്നു. ഒരു ശസ്ത്രക്രിയക്ക് പതിനായിരം രൂപ ഇന്‍ഷ്വറന്‍സ് തുക ലഭിക്കുമെന്നതിനാല്‍ അത് തട്ടിയെടുക്കാനായിരുന്നു ഡോക്ടര്‍മാര്‍ നിഷ്‌കരുണം കൗമാര പ്രായക്കാരുടെ പ്രജനന ശേഷി നശിപ്പിച്ചത്. ബീഹാര്‍ നിയമസഭയില്‍ വന്‍ ഒച്ചപ്പാടിനിട യാക്കിയതാ ണ് ഈ സംഭവം.
രാജ്യത്ത് നടക്കുന്ന മിക്ക വന്ധ്യംകരണ ശസ്ത്രക്രിയാ ക്യാമ്പുകളിലും മെഡിക്കല്‍ തത്വങ്ങളുടെ നഗ്‌നമായ ലംഘനമാണ് നടക്കുന്നതെറിഞ്ഞിട്ടും അധികൃതര്‍ കാണാത്ത ഭാവം നടിക്കുകയാണ്. ജനസംഖ്യാ നിയന്ത്രണത്തിന്റെ ഭാഗമായി പരമാവധി ആളുകളുടെ പ്രജനന ശേഷി നശിപ്പിക്കുന്നതില്‍ കവിഞ്ഞു അതിന്റെ അനന്തര ഫലങ്ങളെക്കുറിച്ചു അധികൃതര്‍ ചിന്തിക്കാറില്ല. തികച്ചും അധാര്‍മികമാണ് ജനപ്പെരുപ്പം കുറക്കുന്നതിന് പ്രജനന ശേഷി നശിപ്പിക്കുന്ന മാര്‍ഗം. ഇന്ത്യന്‍ സംസ്‌കാരത്തിനോ, ജനായത്ത വ്യവസ്ഥിതിക്കോ അതനുയോജ്യവുമല്ല. ഈ വശങ്ങളെല്ലാം അവഗണിച്ചു വന്ധ്യംകരണത്തിന്റെ വഴിയേ സര്‍ക്കാര്‍ മുന്നോട്ട് പോകുകയാണെങ്കില്‍ തന്നെ ആളുകളെ നിര്‍ബന്ധിച്ചും തെറ്റിദ്ധരിപ്പിച്ചുമല്ല അത് നടപ്പാക്കേണ്ടത്. ബോധവത്കരണത്തിലൂടെ ജനങ്ങളെ സ്വയം സജ്ജരാക്കുകയാണ് ശരിയായ വഴി.