Connect with us

Eranakulam

ലുലു രണ്ടാം സൈബര്‍ ടവറിന്റെ നിര്‍മാണത്തിന് തുടക്കമായി

Published

|

Last Updated

കൊച്ചി: ലുലു സൈബര്‍ ടവര്‍ 2ന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്‍ഫോപാര്‍ക്കില്‍ ഇന്നലെ ഔപചാരിക തുടക്കമായി. 11,000 പേര്‍ക്ക് തൊഴില്‍ ഉറപ്പു നല്‍കുന്ന 350 കോടി ചെലവു പ്രതീക്ഷിക്കുന്ന ഈ ബൃഹദ് പദ്ധതി 24 മാസം കൊണ്ട് പൂര്‍ത്തിയാക്കുമെന്ന് എം എ യൂസുഫലി പ്രഖ്യാപിച്ചു. വ്യവസായ- ഐ ടി വകുപ്പ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ശിലാസ്ഥാപന കര്‍മം നിര്‍വഹിച്ചതോടെ പൈലിംഗ് ജോലികള്‍ക്ക് തുടക്കമായി.
മനുഷ്യവിഭവശേഷി കയറ്റുമതി ചെയ്യുന്ന അവസ്ഥ മാറി അഭ്യസ്തവിദ്യര്‍ക്ക് ഇവിടെ തന്നെ ജോലി നല്‍കുന്നതിനുള്ള അവസരം ഉണ്ടാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് യൂസഫലി പറഞ്ഞു. 20 കൊല്ലം വിദേശത്ത് ജോലി ചെയ്യുന്ന മലയാളിക്ക് രണ്ട് വര്‍ഷമാണ് കുടുംബത്തോടൊപ്പം നാട്ടില്‍ താമസിക്കാന്‍ കഴിയുക. ഈ അവസ്ഥ അടുത്ത തലമുറക്കെങ്കിലും ഉണ്ടാകാതിരിക്കാന്‍ എല്ലാവരും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് യൂസഫലി ആഹ്വാനം ചെയ്തു.
സ്വകാര്യ ഐ ടി പാര്‍ക്കുകള്‍ കൂടുതലായി വന്നാല്‍ മാത്രമേ ബംഗളൂരുവിലും ചെന്നൈയിലും നോയ്ഡയിലും ഉണ്ടായതു പോലെയുള്ള ഒരു കുതിച്ചു ചാട്ടം കേരളത്തിന്റെ ഐ ടി മേഖലയില്‍ ഉണ്ടാകൂ. ഇതിന് നേതൃത്വം നല്‍കാന്‍ ലുലു ഗ്രൂപ്പിന് കഴിഞ്ഞുവെന്നതാണ് സൈബര്‍ ടവറിന്റെ പ്രാധാന്യം. റോഡ് ഷോ അടക്കമുള്ളവ നടത്തി പദ്ധതിയിലേക്ക് നിക്ഷേപകരെ കണ്ടെത്താന്‍ സര്‍ക്കാര്‍ എല്ലാ പിന്തുണയും നല്‍കുമെന്നും അദ്ദേഹം ഉറപ്പു നല്‍കി.
ഇന്‍ഫോപാര്‍ക്കിന്റെ മുഖമുദ്രയാകാന്‍ പോകുന്ന സിഗ്നേച്ചര്‍ ടവറാണ് 13 ലക്ഷം ചതുരശ്ര അടി വിസ്തൃതിയില്‍ ഉയരാന്‍ പോകുന്നത്. പുതിയ സൈബര്‍ ടവര്‍ പൂര്‍ത്തിയാകുന്നതോടു കൂടി ഈരംഗത്തെ ലുലു ഗ്രൂപ്പിന്റെ മൊത്തം നിക്ഷേപം 500 കോടി രൂപയാകും.