സംസ്ഥാനത്ത് വൈദ്യുതി മോഷണം നടത്തുന്നത് ഉന്നതര്‍: ഋഷിരാജ് സിംഗ്

Posted on: November 13, 2014 6:00 am | Last updated: November 13, 2014 at 10:23 am

rishiraj singhകൊച്ചി: സംസ്ഥാനത്ത് വൈദ്യുതി മോഷണവും ക്രമക്കേടും നടത്തുന്നവര്‍ മധ്യവര്‍ഗക്കാരും ഉയര്‍ന്ന വരുമാനക്കാരുമാണെന്നും ഇവരില്‍ പാവപ്പെട്ടവരും സാധരണക്കാരും ഇല്ലെന്നും എ ഡി ജി പിയും കെ എസ് ഇ ബി വിജിലന്‍സ് ഓഫീസറുമായ ഋഷിരാജ് സിംഗ്. വൈദ്യുതിമോഷണം കണ്ടെത്തുന്നതിനായി നടത്തിയ പരിശോധനകളുടെ അടിസ്ഥാനത്തിലാണ് ഇക്കാര്യം പറയുന്നതെന്നും കാസര്‍ക്കോട്ടെ അഞ്ച് എയര്‍ കണ്ടീഷനറുകളുള്ള ഒരു വീട്ടില്‍നിന്നാണ് വൈദ്യുതിമോഷണം കണ്ടെത്തിയതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് വൈദ്യുതിമോഷണം തടയുന്നതിനായി പരിശോധനകള്‍ കര്‍ശനമാക്കുമ്പോഴും മോഷണം വര്‍ധിക്കുകയാണ്. വൈദ്യുതി ക്രമക്കേടുകള്‍ കണ്ടെത്തുന്നതിന്റെ ഭാഗമായി കഴിഞ്ഞ 62ദിവസത്തിനുള്ളില്‍ സംസ്ഥാന വ്യാപകമായി 6255 പരിശോധനകളാണ് നടത്തിയത്. ഇതില്‍ 235 വൈദ്യുതിമോഷണങ്ങളും 665 മറ്റ് ക്രമക്കേടുകളും കണ്ടെത്തി. ഇവയില്‍നിന്ന് 8.61 കോടിരൂപയാണ് പിഴയായി ഈടാക്കിയത്.
കഴിഞ്ഞ മാസത്തില്‍ 131 വൈദ്യുതിമോഷണമുള്‍പ്പടെ കണ്ടെത്തിയക്രമക്കേടുകളില്‍നിന്ന് 4.2 കോടിരൂപയും സെപ്തംബറില്‍ 90 വൈദ്യുതിമോഷണങ്ങളില്‍നിന്നും ക്രമക്കേടുകളില്‍നിന്നുമായി 4.11 കോടിരൂപയും ആഗസ്റ്റിലും ജൂലൈയിലും 1.39 കോടിവീതവുമാണ് പിഴ ഈടാക്കിയത്.
അനധികൃതമായി ലൈനുകളില്‍നിന്നോ സര്‍വീസ് വയറുകളില്‍നിന്നോ നടത്തുന്ന വൈദ്യുതിമോഷണം, മീറ്ററുകള്‍ കേടാക്കിയുള്ള മോഷണം, മീറ്ററുകളില്‍ കൃത്രിമം കാണിക്കുക എന്നിങ്ങനെയുള്ള മോഷണങ്ങള്‍ക്ക് പുറമെ അനുവദനീയമായ താരീഫ് പ്രകാരമുള്ള വൈദ്യുതി മനഃപൂര്‍വമായി മറ്റ് ഉയര്‍ന്ന താരീഫിലുള്ള ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതും മോഷണത്തിന്റെ പരിധിയില്‍ വരുമെന്ന് അദ്ദേഹം പറഞ്ഞു.
വൈദ്യുതിമോഷണം കണ്ടെത്തുന്നതില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കുന്ന കെ എസ് ഇ ബി വിജിലന്‍സ് വിഭാഗത്തിലെ ടീമുകള്‍ക്ക് പാരിതോഷികം നല്‍കുമെന്ന മുന്‍പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ 40 ലക്ഷത്തിന്റെ മോഷണം കണ്ടെത്തിയ കോട്ടയം ടീമിനും 25 ലക്ഷത്തിന്റെ മോഷണം കണ്ടെത്തിയ കൊല്ലം ടീമിനും 12 ലക്ഷത്തിന്റെ മോഷണം കണ്ടെത്തിയ കണ്ണുര്‍ ടീമിനും 5000 രൂപവീതം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.