മുരളി വധം: അന്വേഷണ സംഘത്തില്‍നിന്ന് ഡിവൈഎസ്പിയെ ഒഴിവാക്കണം -സി പി എം

Posted on: November 13, 2014 12:39 am | Last updated: November 12, 2014 at 10:39 pm

കാസര്‍കോട്: കുമ്പളയിലെ സിപി എം പ്രവര്‍ത്തകന്‍ പി മുരളിയുടെ കൊലപാതകം അന്വേഷിക്കാന്‍ നിയോഗിച്ച പ്രത്യേക സംഘത്തില്‍ കാസര്‍കോട് ഡിവൈഎസ്പി. ടി പി രഞ്ജിത്തിനെ ഉള്‍പ്പെടുത്തിയത് പ്രതിഷേധാര്‍ഹമാണെന്ന് സിപി ജില്ലാ സെക്രട്ടറി കെ പി സതീഷ്ചന്ദ്രന്‍ പറഞ്ഞു. ബി ജെ പി-ആര്‍ എസ് എസ് നേതൃത്വത്തിന്റെ ഗൂഢാലോചനയാണ് മുരളിയുടെ കൊലക്ക് പിന്നില്‍.
എന്നാല്‍ കേസ് അന്വേഷണത്തിന്റെ തുടക്കം മുതല്‍ ഗൂഢാലോചനക്കാരെ രക്ഷിക്കാനുള്ള നീക്കമാണ് ഡി വൈ എസ് പി നടത്തിയത്. കേസ് അന്വേഷണം നീതിപൂര്‍വമല്ലാത്തതുകൊണ്ടാണ് പ്രത്യേക സംഘത്തെ നിയമിക്കണമെന്ന് സി പി എമ്മും മുരളിയുടെ ബന്ധുക്കളും ആവശ്യപ്പെട്ടത്.
ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും നേരിട്ട് നിവേദനം നല്‍കുമ്പോഴും ഇക്കാര്യങ്ങള്‍ വിശദീകരിച്ചതാണ്. പി കരുണാകരന്‍ എം പിയുള്‍പ്പടെയുള്ള നേതാക്കളും മുരളിയുടെ അച്ഛനുമാണ് നിവേദനം നല്‍കിയത്. അവിടുന്നുതന്നെ ഡിവൈഎസ്പിയെ മാറ്റിനിര്‍ത്തുമെന്ന് മന്ത്രിമാര്‍ ഉറപ്പ് ല്‍കിയതാണ്. പിന്നീട് പ്രത്യേക സംഘത്തെ നിയമിച്ച് ഉത്തരവായ വിവരം ആഭ്യന്തര മന്ത്രി ഇങ്ങോട്ട് വിളിച്ച് അറിയിക്കുമ്പോഴും രഞ്ജിത്ത് സംഘത്തില്‍ ഉണ്ടാകില്ലെന്ന് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ സംഘത്തിലുള്ളവരെ തീരുമാനിച്ച ഉത്തരവ് വരുമ്പോള്‍ ആഭ്യന്തര മന്ത്രിയുടെ ഉറപ്പിന് യാതൊരു വിലയും കല്‍പിക്കാതെ ആരോപണ വിധേയനായ ഉദ്യോഗസ്ഥനെ ഉള്‍പ്പെടുത്തുകയായിരുന്നു. ഇത് ഒരുകാരണവശാലും അംഗീകരിക്കാന്‍ പറ്റില്ലെന്നും ഡി വൈ എസ്പിയെ അന്വേഷണ ചുമതലയില്‍നിന്ന് ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് സതീഷ്ചന്ദ്രന്‍ ആവശ്യപ്പെട്ടു.