അലിഗഢ് ലൈബ്രറിയില്‍ പെണ്‍കുട്ടികളുടെ പ്രവേശം;വാര്‍ത്ത വളച്ചൊടിച്ച മാധ്യമങ്ങള്‍ക്കെതിരെ വിദ്യാര്‍ഥികളുടെ പ്രതിഷേധം

Posted on: November 12, 2014 11:24 pm | Last updated: November 12, 2014 at 11:30 pm

aligharഅലിഗഡ്: അലിഗഢ് മുസ്‌ലിം യൂനിവേഴ്‌സിറ്റിയിലെ ലൈബ്രറിയില്‍ പെണ്‍കുട്ടികള്‍ക്ക് പ്രവേശനം വിലക്കിയെന്ന തരത്തില്‍ വാര്‍ത്ത വളച്ചൊടിച്ച മാധ്യമങ്ങള്‍ക്കെതിരെ വിദ്യാര്‍ഥിനി സംഘടനയായ എ എം യു ഡബ്ല്യു സി എസ് യുവിന്റെയും വിദ്യാര്‍ഥി സംഘടനയായ എ എം യു എസ് യുവിന്റെയും നേതൃത്വത്തില്‍ സംയുക്ത പ്രതിഷേധ പ്രകടനം നടത്തി. പ്രകടനത്തില്‍ രണ്ടായിരത്തിലേറെ വിദ്യാര്‍ഥിനികള്‍ പങ്കെടുത്തു.
സര്‍വകലാശാലയിലെ മൗലാന ആസാദ് ലൈബ്രറിയിലേക്ക് പ്രവേശം ലഭിക്കുന്നില്ലെന്ന തരത്തില്‍ വിഷയത്തെ വളച്ചൊടിച്ചതിനെതിരെയും പക്ഷപാതപരമായി ഉയര്‍ത്തിക്കാട്ടിയതിനെതിരെയുമാണ് തങ്ങള്‍ പ്രതിഷേധിക്കുന്നതെന്ന് സംഘടനാ പ്രസിഡന്റ് ഗുല്‍ഫിസ ഖാന്‍ പറഞ്ഞു. വളച്ചൊടിച്ച രീതിയില്‍ ഇതിനെ ഉയര്‍ത്തിക്കാട്ടാനാണ് മാധ്യമങ്ങളിലെ ചില തത്പര കക്ഷികള്‍ ശ്രമിക്കുന്നത്. ഇത് വേദനാജനകമാണ്- അവര്‍ പറഞ്ഞു. വിഷയം ആദ്യമായി തെറ്റായി കൊടുത്ത പ്രമുഖ ഇംഗ്ലീഷ് പത്രത്തിന്റെ കോലം പ്രതിഷേധക്കാര്‍ കത്തിച്ചു.
യു ജി, പി ജി, ഗവേഷകര്‍ തുടങ്ങിയ എല്ലാ വിഭാഗങ്ങളിലുമുള്ള പെണ്‍കുട്ടികള്‍ക്ക് ലൈബ്രറിയിലേക്ക് പ്രവേശിക്കുന്നതില്‍ സര്‍വകലാശാലയില്‍ യാതൊരു തടസ്സവുമില്ലെന്ന് എ എം യു എസ് യുവും എ എം യു ഡബ്ല്യു സി എസ് യുവും പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ പറയുന്നു.
സര്‍വകലാശാലയുടെ പ്രധാന ക്യാംപസില്‍ നിന്ന് മാറി പ്രവര്‍ത്തിക്കുന്ന വിമന്‍സ് കോളജ് ലൈബ്രറി കൂടുതല്‍ സൗകര്യപ്രദമായ സ്ഥലത്തേക്ക് മാറ്റാന്‍ മാനവവിഭവ ശേഷി മന്ത്രാലയം കൂടുതല്‍ ഫണ്ട് നല്‍കണമെന്നും വിദ്യാര്‍ഥി സംഘടനകള്‍ ആവശ്യപ്പെട്ടു. സര്‍വകലാശാലയിലെ വിദ്യാര്‍ഥികളെ സംബന്ധിച്ച് ഇത്രക്ക് ആശങ്കയുണ്ടെങ്കില്‍ കൂടുതല്‍ ഫണ്ട് എത്രയും പെട്ടെന്ന് അനുവദിക്കുകയാണ് വേണ്ടതെന്ന്, വൈസ് ചാന്‍സലര്‍ സമീറുദ്ദീന്‍ ഷാക്ക് മാനവവിഭവശേഷി മന്ത്രി നോട്ടീസ് നല്‍കിയിതിനെ പരാമര്‍ശിച്ച് വിദ്യാര്‍ഥികള്‍ ചൂണ്ടിക്കാട്ടി. കാര്യമറിയാതെ സംഭവത്തെ തങ്ങള്‍ക്ക് അനുകൂലമായി രാജ്യത്തെ വര്‍ഗീയ സംഘടനകള്‍ ചുരുട്ടിക്കൂട്ടിയതിലും പക്ഷപാത നിറം നല്‍കിയതിലും തങ്ങള്‍ക്ക് അതിയായ ആശങ്കയുണ്ട്. രാഷ്ട്രത്തിന് അത്യധികം ഉപദ്രവം ചെയ്യുന്ന വിഭജനത്തിന്റെയും വെറുപ്പിന്റെയും രാഷ്ട്രീയത്തെ ശക്തമായി എതിര്‍ക്കുന്നു. ഇതുമായി ബന്ധപ്പെട്ട് വി സി അശ്രദ്ധമായ പ്രസ്താവന നടത്തിയതിനെയും വിദ്യാര്‍ഥികള്‍ വിമര്‍ശിച്ചു. വി സിയുടെ അശ്രദ്ധമായ അഭിപ്രായപ്രകടനമാണ് സംഭവത്തില്‍ ആശയക്കുഴപ്പത്തിന് കാരണമായത്.