Connect with us

Ongoing News

ക്ലീന്‍ സ്‌കൂള്‍ സ്മാര്‍ട്ട് ചില്‍ഡ്രന്‍ പദ്ധതി വരുന്നു

Published

|

Last Updated

തിരുവനന്തപുരം: സമ്പൂര്‍ണ ശുചിത്വവും ഗുണമേന്മയുള്ള വിദ്യാഭ്യാസവും ലക്ഷ്യമിട്ട് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ക്ലീന്‍ സ്‌കൂള്‍ സ്മാര്‍ട്ട് ചില്‍ഡ്രന്‍ പദ്ധതി വരുന്നു. സര്‍വ ശിക്ഷാ അഭിയാന്‍ നടപ്പാക്കുന്ന പദ്ധതി വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ കാഴ്ചപ്പാട് അനുസരിച്ചാണ്. 

സംസ്ഥാനത്തെ മുഴുവന്‍ വിദ്യാലയങ്ങളും അടുത്ത നവംബര്‍ 14നകം ശിശു സൗഹൃദ വിദ്യാലയങ്ങളായി മാറ്റുകയാണ് ലക്ഷ്യമെന്നും പദ്ധതി പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സ്‌കൂള്‍ , ക്യാമ്പസ് പരിസ്ഥിതി സൗഹൃദവും ശുചിത്വമുള്ളതുമാക്കാനുള്ള പരിപാടികള്‍ നടപ്പാക്കും. ആധുനിക സൗകര്യങ്ങളോടെയുള്ള പാചകപ്പുര, ഡൈനിംഗ് ഹാള്‍ മാലിന്യ സംസ്‌കരണം, ജൈവകൃഷി പ്രോത്സാഹിപ്പിക്കുക തുടങ്ങിയ പദ്ധതികള്‍ നടപ്പാക്കും. ഭൗതിക മേഖലയില്‍, പൊടിപടലങ്ങളോ, മാലിന്യങ്ങളോ ഇല്ലാത്ത ക്ലാസ് മുറികള്‍, ശിശു സൗഹൃദ ഫര്‍ണിച്ചറുകള്‍, ശൗചാലയങ്ങള്‍ അറ്റാച്ച് ചെയ്ത ക്ലാസ് മുറികള്‍, ഇന്റര്‍നെറ്റ് സൗകര്യം, ക്ലാസ് ലൈബ്രറി, കുട്ടികളുടെ പോര്‍ട്ടഫോളിയോകള്‍ സൂക്ഷിക്കാനുള്ള സൗകര്യം, പഠനോപകരണങ്ങള്‍ ക്ലാസ് മുറിയില്‍ ഉറപ്പാക്കുക, സ്മാര്‍ട്‌ബോര്‍ഡുകള്‍, എല്ലാ ക്ലാസിലും കുടിവെള്ള സൗകര്യം, പ്രത്യേക പരിഗണന ആവശ്യമുള്ള കുട്ടികള്‍ക്കുള്ള സൗകര്യങ്ങള്‍ തുടങ്ങിയവ സജ്ജമാക്കും.
അക്കാദമിക മികവ് ഉറപ്പാക്കുന്നതിനായി വിദ്യാഭ്യാസ അവകാശ നിയമം ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കും. അധ്യയനദിനങ്ങളും അധ്യാപകരുടെ ഹാജരും ഉറപ്പാക്കും. വാര്‍ഷിക പ്ലാന്‍ തയ്യാറാക്കല്‍, ക്ലാസ്, സ്‌കൂള്‍ കൗണ്‍സിലുകള്‍ രൂപവത്കരിക്കല്‍, പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്കായി പാക്കേജുകള്‍ തുടങ്ങിയവയും പദ്ധതിയുടെ ലക്ഷ്യങ്ങളാണ്.
ഓരോ വിദ്യാലയങ്ങളും ഈ ലക്ഷ്യം നേടാന്‍ പ്രവര്‍ത്തന പദ്ധതികള്‍ തയ്യാറാക്കണം. മികച്ച വിദ്യാലയങ്ങള്‍ക്ക് പ്രോല്‍സാഹനം നല്‍കും. 2015 ഫെബ്രുവരിയില്‍ സംസ്ഥാനാടിസ്ഥാനത്തില്‍ എജ്യുക്കേഷന്‍ എക്‌സലന്‍സ് ഫെസ്റ്റ് നടത്തും.
നല്ല വിദ്യാലയ മാതൃകകള്‍ മറ്റുള്ളവര്‍ക്കായി പങ്കുവെക്കാന്‍ അവസരം നല്‍കും. അവകാശാധിഷ്ഠിത വിദ്യാഭ്യാസത്തില്‍ രക്ഷിതാക്കളുടെ പങ്ക് വിശദീകരിക്കുന്നതിനായി ഈമാസം 14ന് സംസ്ഥാനത്തെ എല്ലാ എല്‍ പി, യു പി വിദ്യാലയങ്ങളിലും രക്ഷാകര്‍തൃ സമ്മേളനം നടത്തും. ഇതിനുപുറമെ, ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ 125ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് സ്‌കൂളുകളില്‍ ചിത്രരചനാ മല്‍സരം നടത്തും.
കുട്ടികളെ കലാരംഗത്ത് പ്രോല്‍സാഹിപ്പിക്കാന്‍ എല്ലാ നിയോജക മണ്ഡലങ്ങളിലും ഓരോ സ്‌കൂളില്‍ ലളിതകലാ അക്കാദമിയുമായി ചേര്‍ന്ന് ആര്‍ട്ട് ഗ്യാലറി തുടങ്ങും. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഈമാസം 14ന് മലപ്പുറം തിരൂരങ്ങാടി കക്കാട് ഗവണ്‍മെന്റ് യു.പി സ്‌കൂളില്‍ വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബ് നിര്‍വഹിക്കും. ഇ ടി മുഹമ്മദ് ബഷീര്‍ എം പി അധ്യക്ഷനായിരിക്കും. സര്‍ക്കാര്‍ സ്‌കൂളുകളില്‍ യൂനിഫോം വിതരണം പൂര്‍ത്തിയായി. എയ്ഡഡ് സ്‌കൂളുകളിലേക്കുള്ള 15 കോടി രൂപ ധനവകുപ്പില്‍ നിന്ന് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ലഭ്യമാകുമെന്നും മന്ത്രി പറഞ്ഞു. പൊതുവിദ്യാഭ്യാസ സെക്രട്ടറി എ ഷാജഹാന്‍, പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ചുമതല വഹിക്കുന്ന എല്‍ രാജന്‍, എസ് എസ് എ സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടര്‍ ഇ പി മോഹന്‍ദാസ്, ലളിതകലാ അക്കാദമി ചെയര്‍മാന്‍ കെ എ ഫ്രാന്‍സിസ് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

 

Latest