Connect with us

National

ഡല്‍ഹി തിരഞ്ഞെടുപ്പ്: എ എ പിയുടെ ഹരജി തള്ളി

Published

|

Last Updated

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭ പിരിച്ചുവിട്ട് പുതിയ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനെതിരെ എ എ പി സമര്‍പ്പിച്ച ഹരജി സുപ്രീം കോടതി തള്ളി. ഡല്‍ഹിയിലെ സംഭവവികാസങ്ങളില്‍ കോടതി സംതൃപ്തമാണെന്നും പുതിയ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങള്‍ നടത്തേണ്ടത് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവാദിത്വമാണെന്നും കോടതിയുടെ ഉത്തരവില്‍ പറയുന്നു.
ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന് തീയതികള്‍ പ്രഖ്യാപിച്ച നടപടിയില്‍ ഇടപെടില്ല. അത് തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനമാണ്- ചീഫ് ജസ്റ്റിസ് എച്ച് എല്‍ ദത്തു നേതൃത്വം നല്‍കിയ ഭരണഘടനാ ബഞ്ച് പുറപ്പെടുവിച്ച വിധിന്യായത്തില്‍ പറയുന്നു. തിരഞ്ഞെടുപ്പ് നേരത്തെ നടത്തണമെന്നും എ എ പിക്ക് വേണ്ടി ഹാജരായ പ്രശാന്ത് ഭൂഷണ്‍ വാദിച്ചിരുന്നു. ഇപ്പോള്‍ പ്രഖ്യാപിച്ചതിലും നേരത്തെ തിരഞ്ഞെടുപ്പ് നടത്തണമെന്നും എ എ പിയുടെ ഹരജയില്‍ പറയുന്നുണ്ട്. നിയമസഭ പിരിച്ചുവിട്ടതായി കേന്ദ്ര സര്‍ക്കാറിന്റെ അഭിഭാഷകന്‍ ബോധിപ്പിച്ച ഉടനെ സുപ്രീം കോടതി എ എ പിയുടെ ഹരജി തള്ളുകയായിരുന്നു.
കഴിഞ്ഞ ഫെബ്രുവരിയില്‍ 49 ദിവസത്തെ ഭരണത്തിന് ശേഷം മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ രാജിവെച്ച ശേഷം ഡല്‍ഹി രാഷ്ട്രപതി ഭരണത്തിലായിരുന്നു. ഈയടുത്താണ് നിയമസഭ പിരിച്ചുവിട്ടത്.
ഡല്‍ഹിയിലെ പ്രശ്‌നം പരിഹരിക്കാത്തതില്‍ നേരത്തെ സുപ്രീം കോടതിയുടെ ഭരണഘടനാ ബഞ്ച്, ഡല്‍ഹി ലെഫ്. ഗവര്‍ണര്‍ നജീബ് ജംഗിനെയും കേന്ദ്ര സര്‍ക്കാറിനെയും രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ജനാധിപത്യ വ്യവസ്ഥിതിയില്‍ അനിശ്ചിതകാലം രാഷ്ട്രപതി ഭരണം സാധ്യമല്ലെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടിയിരുന്നു. തുടര്‍ന്ന് സര്‍വകക്ഷി യോഗം ചേരുകയും കേന്ദ്ര സര്‍ക്കാറിന്റെ ശിപാര്‍ശപ്രകാരം രാഷ്ട്രപതി നിയമസഭ പിരിച്ചുവിടുകയുമായിരുന്നു.

Latest