ഒടുവില്‍ പാര്‍ട്ടി പിളര്‍ന്നത് അറിയാതെ…

Posted on: November 10, 2014 5:33 am | Last updated: November 10, 2014 at 12:51 pm

cmpകണ്ണൂര്‍: കെട്ടിപ്പടുത്ത പ്രസ്ഥാനം രണ്ടായി പിളരുകയും ഇരുമുന്നണികളുടെ ഭാഗമായി മാറുകയും ചെയ്തത് അറിയാതെയാണ് സി എം പി സ്ഥാപകന്‍ എം വി ആര്‍ യാത്രയായത്. കഴിഞ്ഞ മാര്‍ച്ച് 22ന് കെ അരവിന്ദാക്ഷന്റെയും സി പി ജോണിന്റെയും നേതൃത്വത്തില്‍ സി എം പി രണ്ടായപ്പോള്‍ പാര്‍ട്ടി ജന. സെക്രട്ടറി എം വി രാഘവന്‍ യാതൊന്നുമറിഞ്ഞിരുന്നില്ല. ഇരുവിഭാഗവും എം വി ആറിന്റെ പിന്തുണ അവകാശപ്പെട്ട് രംഗത്ത് വന്നിരുന്നുവെങ്കിലും കടുത്ത പാര്‍ക്കിന്‍സണ്‍സ് രോഗം ബാധിച്ച് ചികിത്സയിലായിരുന്ന എം വി ആറിന് യാതൊന്നും മനസിലാക്കാനായില്ല. രണ്ട് പാര്‍ട്ടിയുടെയും ജന. സെക്രട്ടറി സ്ഥാനത്ത് എം വി ആറിനെ തന്നെയാണ് നിയോഗിച്ചതും. പാര്‍ട്ടി പിളര്‍ന്നപ്പോള്‍ കുടുംബാംഗങ്ങള്‍ പോലും രണ്ട് ചേരിയിലായി മാറിയതും അദ്ദേഹമറിഞ്ഞില്ല. എന്നാല്‍ അവസാന കാലത്ത് കോണ്‍ഗ്രസിന്റെയും യു ഡി എഫിന്റെയും സി എം പിയോടുള്ള സമീപനത്തില്‍ കടുത്ത എതിര്‍പ്പ് അദ്ദേഹം പ്രകടിപ്പിച്ചിരുന്നു. അവസാനം പങ്കെടുത്ത പല പൊതുപരിപാടികളിലും കോണ്‍ഗ്രസിനെ നിശിതമായി അദ്ദേഹം വിമര്‍ശിക്കാന്‍ തയ്യാറായി. കോര്‍പ്പറേഷന്‍ ബോര്‍ഡ് വിഭജനത്തില്‍ പാര്‍ട്ടിയെ അവഗണിച്ചപ്പോള്‍ അദ്ദേഹം പൊട്ടിത്തെറിക്കുകയും മുന്നണി വിടുമെന്ന ഭീഷണി മുഴക്കുകയും ചെയ്തിരുന്നു. മാത്രമല്ല, അവസാനകാലത്ത് ഇടതുപക്ഷത്തോടൊപ്പം ചേരണമെന്ന ആഗ്രഹം അദ്ദേഹത്തിനുണ്ടായിരുന്നുവെന്നാണ് അദ്ദേഹവുമായി അടുപ്പം പുലര്‍ത്തിയിരുന്നവര്‍ പറയുന്നത്.