മഞ്ചേരിയില്‍ മാവോയിസ്റ്റ് പോസ്റ്ററുകള്‍

Posted on: November 8, 2014 10:55 am | Last updated: November 8, 2014 at 10:55 am

മഞ്ചേരി: സി പി ഐ (മാവോയിസ്റ്റ്) പശ്ചിമഘട്ട പ്രത്യേക മേഖല കമ്മറ്റി എന്ന പേരില്‍ മഞ്ചേരി നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പതിച്ച സര്‍ക്കാര്‍ വിരുദ്ധ പോസ്റ്ററുകള്‍ പോലീസ് നീക്കം ചെയ്തു. മഞ്ചേരി മെഡിക്കല്‍ കോളജ്, ഗവണ്‍മെന്റ് നഴ്‌സിംഗ് സ്‌കൂള്‍ എന്നിവയുടെ മതിലുകളിലും സീതി ഹാജി ബസ് ടെര്‍മിനലിലുമാണ് പോസ്റ്ററുകള്‍ കണ്ടെത്തിയത്. കേരളം, കര്‍ണ്ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ സായുധ കാര്‍ഷിക വിപ്ലവ രാഷ്ട്രീയം ആഴത്തിലും പരപ്പിലുമാക്കാന്‍ വര്‍ഗസമരം തീവ്രമാക്കുക, വെള്ളത്തിനും മണ്ണിനും കാടിനുമേല്‍ ജനകീയാധികാരം സ്ഥാപിക്കുക, ഭരണകൂടത്തിന്റെ ബഹുമുഖ അടിച്ചമര്‍ത്തലുകളെ പരാജയപ്പെടുത്തുക എന്നിങ്ങനെ ആഹ്വാനം ചെയ്താണ് ഒരു പോസ്റ്റര്‍. രണ്ടാമത്തെ പോസ്റ്ററില്‍ സി പി ഐ (മാവോയിസ്റ്റ്) രൂപീകരണത്തിന്റെ പത്താം വാര്‍ഷികത്തെ ഉയര്‍ത്തി പിടിക്കുക, പുത്തന്‍ ജനാധിപത്യ ഇന്ത്യക്കായി മാവോയിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തിന്‍ കീഴില്‍ അണിനിരക്കുക, സാമ്രാജ്യത്വ-പിന്തിരിപ്പന്‍ ഭരണ വര്‍ഗ സായുധ സേനകളെ പരാജയപ്പെടുത്തുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചിരിക്കുന്നു. സംഭവത്തില്‍ പ്രതികള്‍ക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി മഞ്ചേരി പോലീസ് കേസെടുത്തു. സമാനമായ പോസ്റ്ററുകള്‍ ഇക്കഴിഞ്ഞ ദിവസം മേലാറ്റൂരിലും കണ്ടെത്തിയിരുന്നു.