Connect with us

Thrissur

ഉയര്‍ന്ന പഠന നിലവാരം ലക്ഷ്യമിട്ട് 'സുമേധ പദ്ധതി

Published

|

Last Updated

കയ്പമംഗലം: ഗ്രാമീണ പശ്ചാത്തലത്തിലുള്ള സാധാരണക്കാരായ കുട്ടികളുടെ ഉയര്‍ന്ന വിദ്യാഭ്യാസ നിലവാരം ലക്ഷ്യമിട്ടുള്ള സുമേധ പരിശീലന പദ്ധതിക്ക് കയ്പമംഗലം നിയോജക മണ്ഡലത്തില്‍ തുടക്കമായി. കെ എസ് ഇ ബി വിജിലന്‍സ് വിഭാഗം മേധാവി ഋഷിരാജ് സിംഗാണ് പദ്ധതി ഉദ്ഘാടനം ചെയ്തു. ശ്രീനാരയണപുരം സെന്ററിലുള്ള തേവര്‍പ്ലാസ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സുനില്‍ കുമാര്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു.
സുനില്‍കുമാര്‍ എം എല്‍ എ യുടെ മേല്‍നോട്ടത്തിലുള്ള അക്ഷര കൈരളി സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി കേരള വെറ്ററിനറി സര്‍വകലാശാലയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. സര്‍ക്കാര്‍ – എയ്ഡഡ് സ്‌കൂളുകളിലെ 8 മുതല്‍ 12-ാം ക്ലാസ് വരെയുള്ള കുട്ടികളില്‍ നിന്ന് തിരഞ്ഞെടുത്ത 220 പേര്‍ക്കായാണ് ആദ്യഘട്ട പരിശീലനം. രണ്ടാം ശനിയാഴ്ചകളിലും മാസത്തിലെ അവസാനത്തെ ഞായറാഴ്ചയിലുമായി വിവിധ മേഖലകളില്‍ നിന്നുള്ള വിദഗ്ധരാണ് ക്ലാസുകള്‍ നയിക്കുക.
ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് എസ് എസ് എല്‍ സി, പ്ലസ്ടൂ, വി എച്ച് എസ് ഇ പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാര്‍ഥികളേയും മികച്ച എന്‍ എസ് എസ് പ്രോഗ്രാം കോര്‍ഡിനേറ്ററായി തിരഞ്ഞെടുക്കപ്പെട്ട എം എസ് ബീന ടീച്ചറേയും ചടങ്ങില്‍ അനുമോദിച്ചു.
ഋഷിരാജ് സിംഗ്, എറണാകുളം ജില്ലാ കലക്ടര്‍ എം ജി രാജമാണിക്യം, ഇന്‍കംടാക്‌സ് അസി. കമ്മീഷണര്‍ ജ്യോതിഷ്‌മോഹന്‍ തുടങ്ങിയവര്‍ കുട്ടികളുമായി സംവാദവും നടത്തി.