ഇന്ത്യന്‍ സൈന്യത്തിന് നേരെ പാക്കിസ്ഥാന്‍ തീവ്രവാദി സംഘടനകളെ ഉപയോഗിക്കുന്നു: പെന്റഗണ്‍

Posted on: November 5, 2014 12:45 am | Last updated: November 5, 2014 at 12:46 am

pentagonന്യൂഡല്‍ഹി: ഇന്ത്യന്‍ സൈന്യത്തിന്റെ പരമാധികാരത്തെ വെല്ലുവിളിക്കാന്‍ പാക്കിസ്ഥാന്‍ തീവ്രവാദ സംഘടനകളെ ഉപയോഗിക്കുന്നുണ്ടെന്ന് പെന്റഗണ്‍. ഇത് വിദേശകാര്യ മന്ത്രാലയം സ്വാഗതം ചെയ്തു. തീവ്രവാദികളുടെ സുരക്ഷിത സങ്കേതമായി പാക്കിസ്ഥാന്‍ മാറിയെന്ന പെന്റഗന്റെ അനുമാനത്തെ സ്വാഗതം ചെയ്യുന്നതായി വിദേശകാര്യ മന്ത്രാലയ വക്താവ് സയ്യിദ് അക്ബറുദ്ദീന്‍ അറിയിച്ചു.
പാക്കിസ്ഥാനാണ് തീവ്രവാദത്തിന്റെ പ്രഭവകേന്ദ്രമെന്ന് അന്താരാഷ്ട്ര സമൂഹം മനസ്സിലാക്കിയിട്ടുണ്ട്. മാനവകുലത്തിന് ദ്രോഹം ചെയ്യുന്ന പിശാചായിട്ടാണ് തീവ്രവാദത്തെ കാണുന്നത്. തീവ്രവാദമെന്ന വെല്ലുവിളിയെ ഭാഗിച്ച് കാണേണ്ടതില്ല. മറിച്ച് മൊത്തത്തില്‍ ഉന്‍മൂലനം ചെയ്യുകയാണ് വേണ്ടത്- അക്ബറുദ്ദീന്‍ ചൂണ്ടിക്കാട്ടി.
ഇന്ത്യയെയും അഫ്ഗാനിസ്ഥാനെയും ലക്ഷ്യം വെക്കുന്ന തീവ്രവാദികളുടെ സുരക്ഷിത സങ്കേതമാണ് പാക്കിസ്ഥാനെന്ന് യു എസ് കോണ്‍ഗ്രസിന് സമര്‍പ്പിച്ച നൂറിലേറെ പേജ് വരുന്ന റിപ്പോര്‍ട്ടിലാണ് പെന്റഗണ്‍ അറിയിച്ചത്. ഇന്ത്യന്‍ സൈന്യത്തിന്റെ ശക്തിയെ വെല്ലുവിളിക്കാന്‍ പാക്കിസ്ഥാന്‍ പലപ്പോഴും തീവ്രവാദികളെ ഉപയോഗിക്കുന്നു. അഫ്ഗാനിലെ സുരക്ഷാ സൈന്യത്തിനെതിരെയും പാക്കിസ്ഥാന്‍ ഇവരെ ഉപയോഗിക്കുന്നു. അഫ്ഗാനിലെ സുരക്ഷക്ക് ഇന്ത്യക്ക് അതീവ താത്പര്യമുണ്ടെങ്കിലും പലപ്പോഴും അത് പരിമിതമാണ്. അഫ്ഗാന്‍ ദേശീയ സുരക്ഷാ സൈന്യത്തിന് പരിശീലനം ഇന്ത്യ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇത് ദീര്‍ഘിപ്പിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ സന്നദ്ധവുമാണ്. അഫ്ഗാനില്‍ നേരിട്ടുള്ള സൈനിക സഹായമോ പരിശീലനമോ ഇന്ത്യ നല്‍കുന്നില്ല. കഴിഞ്ഞ മെയ് മാസത്തില്‍ ഹെറാതിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ ബോംബ് സ്‌ഫോടനം നടത്തിയത് പാക്കിസ്ഥാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലഷ്‌കറെ ത്വയ്യിബ ആണെന്നും പെന്റഗണ്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.