Connect with us

Kasargod

ക്യാന്‍സര്‍ രോഗ ചികിത്സയ്ക്ക് വിധേയരായവര്‍ക്ക് സഹായധനമായി 56 ലക്ഷം അനുവദിച്ചു :മന്ത്രി

Published

|

Last Updated

കാസര്‍കോട്: ക്യാന്‍സര്‍ രോഗചികിത്സയ്ക്ക് വിധേയരായവര്‍ക്ക് ചികിത്സയ്ക്കായി ചിലവായ തുക തിരിച്ച് നല്‍കാന്‍ ജില്ലയ്ക്ക് 56 ലക്ഷം രൂപ അനുവദിച്ചതായി ആരോഗ്യ മന്ത്രി വി എസ് ശിവകുമാര്‍ അറിയിച്ചു.
ജില്ലയിലെ ആരോഗ്യ വികസനത്തിന്റെ ഭാഗമായി പെരിയ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ മാതൃശിശു ബ്ലോക്ക് കെട്ടിടോദ്ഘാടനവും ആരോഗ്യ കിരണം പദ്ധതിയുടെ ഡിസ്ട്രിക്ട് ഏര്‍ലി ഇന്റര്‍വെന്‍ഷന്‍ സെന്ററിന്റെ ശിലാസ്ഥാപനവും നടത്തി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഒരു കോടി രൂപ മുതല്‍ മുടക്കിയാണ് പദ്ധതി നടപ്പിലാക്കുന്നത്. അമ്മയും കുഞ്ഞും പദ്ധതി നടപ്പിലാക്കിയതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രസവിക്കാന്‍ എത്തുന്ന സ്ത്രീകളുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മൂന്ന് ശതമാനം വര്‍ദ്ധിച്ചിട്ടുണ്ട്. ഗര്‍ഭിണികളെ ആശുപത്രിയിലെത്തിക്കാനും തിരികെ വിട്ടിലെത്തിക്കാനും ജനനീ സുരക്ഷ എക്‌സ്പ്രസുകള്‍ എന്ന പേരില്‍ അടുത്ത വര്‍ഷം 287 വാഹനം വാങ്ങുമെന്ന്് മന്ത്രി വ്യക്തമാക്കി.
അമ്മമാരുടെ മരണനിരക്ക് ഒരുലക്ഷത്തില്‍ 66 പേര്‍ എന്ന തോതിലേക്ക് കുറഞ്ഞിരിക്കുന്നു. കഴിഞ്ഞ വര്‍ഷം ഇത് 88 ആയിരുന്നു. ജനിച്ച് മൂന്നു ദിവസത്തിനുള്ളില്‍ രക്തം പരിശോധിച്ച് ശിശുവിനുണ്ടാകാന്‍ സാധ്യതയുളള രോഗങ്ങളും വൈകല്യങ്ങളും കണ്ടെത്തുന്ന ചികിത്സക്ക് ഒരു ലക്ഷം കുട്ടികളെ ഉള്‍പ്പെടുത്തി അതില്‍ 200 ഓളം പേര്‍ക്ക് വൈകല്യങ്ങള്‍ കണ്ടെത്തി ചികിത്സ ലഭ്യമാക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഡിസ്ട്രിക് ഏര്‍ലി ഇന്റര്‍വെന്‍ഷന്‍ സെന്ററുകളില്‍ ഒന്‍പത് വിദഗ്ധ ഡോക്ടര്‍മാര്‍ അടങ്ങുന്ന സംഘമുണ്ടാകും. പതിനെട്ട് വയസ്സ് താഴെയുളള കുട്ടികളുടെ മാനസികവും ശാരീരികവുമായ പൂര്‍ണ ചികിത്സ സൗജന്യമായി ഇവിടെ ലഭിക്കും. ആരോഗ്യകിരണം പദ്ധതിയുടെ ഭാഗമായിട്ടാണ് ഇത് നടപ്പിലാക്കുന്നത്.
കെ കുഞ്ഞിരാമന്‍ എം എല്‍ എ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഡി എം ഒ. ഡോ. പി ഗോപിനാഥന്‍ മുഖ്യപ്രഭാഷണം നടത്തി. ഡോ. ബി മുഹമ്മദ് അഷീല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ കൃഷ്ണന്‍, പൂല്ലൂര്‍ പെരിയ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ അരവിന്ദാക്ഷന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് യമുനാ രാഘവന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജാസ്മിന്‍, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ബി ഡി ഒ. യു കെ സുരേന്ദ്രന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ജില്ലാ കലക്ടര്‍ പി എസ് മുഹമ്മദ് സഗീര്‍് സ്വാഗതവും പെരിയ സി എച്ച് സി മെഡിക്കല്‍ ഓഫീസര്‍ ഡോ. അഭിലാഷ് നന്ദിയും പറഞ്ഞു.