കിഴക്കന്‍ ഉക്രൈനില്‍ റഷ്യന്‍ അനുകൂല നേതാവിന് ജയം

Posted on: November 4, 2014 2:55 am | Last updated: November 3, 2014 at 10:55 pm

ഡൊണസ്‌ക്: കിഴക്കന്‍ ഉക്രൈനില്‍ നടന്ന സമാന്തര വോട്ടെടുപ്പില്‍ റഷ്യന്‍ അനുകൂല നേതാവ് അലക്‌സാണ്ടര്‍ സഖര്‍ചെങ്കോ അനായാസ വിജയം നേടിയതായി പോളിംഗ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ഡൊണസ്‌ക് പീപ്പിള്‍സ് റിപ്പബ്ലിക്കിന്റെ ഭരണത്തലവനായി അലക്‌സാണ്ടറെ തിരഞ്ഞെടുത്തതായി മുഖ്യ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ റോമന്‍ ലയാഗിന്‍ വാര്‍ത്താ ലേഖകരോട് പറഞ്ഞു. ഉക്രൈന്‍ സര്‍ക്കാറിനെ അംഗീകരിക്കാത്ത റഷ്യന്‍ അനുകൂല വിമതരുടെ ശക്തി കേന്ദ്രമാണ് കിഴക്കന്‍ ഉക്രൈനിലെ ഡൊണസ്‌ക്. ഉക്രൈനും പാശ്ചാത്യ ശക്തികളും വിമതരുടെ സമാന്തര വോട്ടെടുപ്പിനെ അംഗീകരിക്കുന്നില്ല. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കീവ് അധികൃതര്‍ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഭരണഘടനാപരമായ കീഴ്‌വഴക്കങ്ങളെ നിര്‍ബന്ധിച്ച് മാറ്റം വരുത്താന്‍ ശ്രമം നടത്തുവെന്ന് ചൂണ്ടിക്കാട്ടിയാണ് ക്രിമിനല്‍ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. സ്വയം പ്രഖ്യാപിത റിപ്പബ്ലിക് ഭീകരസംഘടനയാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
പാശ്ചാത്യന്‍ ശക്തികള്‍ നേരത്തെ തന്നെ തിരഞ്ഞെടുപ്പ് ഫലം തള്ളിക്കളയുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് ഫലം മാനിക്കുമെന്നാണ് റഷ്യയുടെ നിലപാട്. യൂറോപ്യന്‍ യൂനിയനും നാറ്റോയും തിരഞ്ഞെടുപ്പിനെതിരെ രംഗത്തെത്തിയിരുന്നു. കിഴക്കന്‍ ഉക്രൈനിലെ ജനങ്ങള്‍ക്ക് സ്വന്തം വിധി തീരുമാനിക്കാനുള്ള അവകാശമുണ്ടെന്നാണ് റഷ്യയുടെ നിലപാട്.