Connect with us

Wayanad

ഏകാധ്യാപക വിദ്യാലയത്തില്‍ സൗകര്യങ്ങളില്ല; യാതനകള്‍ക്ക് നടുവില്‍ അധ്യാപകര്‍

Published

|

Last Updated

കല്‍പ്പറ്റ: വിദ്യാഭ്യാസ അവകാശനിയമത്തെക്കുറിച്ച് ഭരണാധികാരികള്‍ വാനോളം പുകഴ്ത്തുന്ന ദേശത്ത് കൊടിയ വിവേചനത്തിന്റെ ഇരകളായി കുറെ കുട്ടികളും അധ്യാപകരും. സംസ്ഥാനത്ത് കോട്ടയം ഒഴികെ ജില്ലകളില്‍ ഒന്നര പതിറ്റാണ്ടിലധികമായി പ്രവര്‍ത്തിക്കുന്ന ഏകാധ്യാപക വിദ്യാലയങ്ങളിലെ പഠിതാക്കളും അവര്‍ക്ക് പാഠം ചൊല്ലിക്കൊടുക്കുന്നവരുമാണ് വിവേചനം അനുഭവിക്കുന്നത്. എയ്ഡഡ്, അണ്‍ എയ്ഡഡ് മേഖലയിലെ എല്‍.പി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പാഠ്യ, പാഠ്യേതര വിഷയങ്ങളില്‍ ലഭിക്കുന്ന സൗകര്യങ്ങളും അവസരങ്ങളും ഏകാധ്യാപക വിദ്യാലയത്തിലെ കുട്ടികള്‍ക്ക് അന്യം.അധ്യാപകരാകട്ടെ അരവയര്‍ ഉണ്ട് ജീവിതം തള്ളിനീക്കേണ്ട ഗതികേടിലും.

അവികസിത, ആദിവാസി മേഖലകളിലെ കുഞ്ഞുങ്ങള്‍ക്കും അക്ഷരവിദ്യ ലഭ്യമാക്കുന്നതിന് ജില്ലാ പ്രാഥിമിക വിദ്യാഭ്യാസ പരിപാടിക്കു(ഡി.പി.ഇ.പി.) കീഴില്‍ 1997ല്‍ ആരംഭിച്ചതാണ് ഏകാധ്യാപക വിദ്യാലയങ്ങള്‍. മലപ്പറം, വയനാട്, കാസര്‍കോട് ജില്ലകളില്‍ 10 വീതം വിദ്യാലയങ്ങളാണ് അക്കൊല്ലം തുടങ്ങിയത്. ഓണംകേറാമൂലകളില്‍ കുത്തിക്കൂട്ടിയ ചെറ്റപ്പുരകളിലായിരുന്നു 30 ഏകാധ്യാപക വിദ്യാലയങ്ങളുടേയും തുടക്കം. ഇവിടങ്ങളില്‍ അക്ഷരാഗ്നി വീഴ്ത്താന്‍ ഡി.പി.ഇ.പി ചുമതലപ്പെടുത്തിയത് പ്രീ ഡിഗ്രി കോഴ്‌സ് പൂര്‍ത്തിയാക്കിയ സേവനത്തപരയായ ചെറുപ്പക്കാരെ. ഇവര്‍ക്ക് ഏകാധ്യാപക വിദ്യാലയ പാഠ്യപദ്ധതിയില്‍ ആന്ധ്രപ്രദേശിലെ ഋഷിവാലിയില്‍ ഒരാഴ്ചത്തെ പരിശീലനവും നല്‍കി. ഒന്നു മുതല്‍ നാലു വരെ ക്ലാസുകളിലെ പാഠങ്ങള്‍ എടുക്കുന്നതിലടക്കമായിരുന്നു പരിശീലനം.
വന്‍വിജയമെന്ന് കുറഞ്ഞകാലത്തിനകം വ്യക്തമായതോടെ കോട്ടയം ഒഴികെ കേരളത്തിലെ മുഴുവന്‍ ജില്ലകളിലും ഏകാധ്യാപക വിദ്യാലയ പദ്ധതി പ്രാവര്‍ത്തികമാക്കി.
വനത്തിലടക്കം ഒറ്റപ്പെട്ടുകിടക്കുന്നതും റോഡ്, വാഹന സൗകര്യം പേരിനുപോലും ഇല്ലാത്തതുമായ പ്രദേശങ്ങളില്‍ വിദ്യാലയങ്ങള്‍ തുറന്നു. കഴിഞ്ഞ 17 വര്‍ഷത്തിനിടെ ആയിരക്കണക്കിനു കുട്ടികളാണ് ഏകാധ്യാപക വിദ്യാലയങ്ങളിലൂടെ എല്‍.പി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. നിലവില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 350 ഏകാധ്യാപക വിദ്യാലയങ്ങളുണ്ട്. ആറായിരത്തിനടുത്തുവരും ആകെ പഠിതാക്കളുടെ എണ്ണം. ആദിവാസി വിഭാഗങ്ങളില്‍പ്പെട്ടവരാണ് ഇതില്‍ ഭൂരിപക്ഷവും.
2003 വരെ ഡി പി ഇ പിക്കും അതിനുശേഷം 2011 വരെ സര്‍വ ശിക്ഷ അഭിയാനും(എസ്.എസ്.എ) കീഴിലായിരുന്ന ഏകാധ്യാപക വിദ്യാലയങ്ങള്‍ നിലവില്‍ വിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തിലാണ്. പ്രസക്തിയെക്കുറിച്ച് ബോധ്യം ഉണ്ടെങ്കിലും സര്‍ക്കാരും വിദ്യാഭ്യാസ വകുപ്പും ഏകാധ്യാപക വിദ്യാലയങ്ങളിലെ പഠിതാക്കളും അധ്യാപകരും അനുഭവിക്കുന്ന വിഷമതകളും വിവേചനങ്ങളും കണ്ടില്ലെന്നു നടിക്കുകയാണ്. മാറുന്ന രീതികള്‍ക്കനുസരിച്ച് പഠിക്കാനും പഠിപ്പിക്കാനും ഏകാധ്യാപക വിദ്യാലയങ്ങളില്‍ സൗകര്യമില്ല. പാഠപുസ്തകങ്ങള്‍ മാത്രമാണ് വിദ്യാലയങ്ങള്‍ക്ക് ലഭിക്കുന്ന പഠനായുധം. കംപ്യൂട്ടറും കീബോര്‍ഡും മൗസുമൊക്കെ കുട്ടികള്‍ക്ക് അപരിചിതം. കളിസ്ഥലവും കളിക്കോപ്പുകളും അവര്‍ക്കില്ല. കലാ-കായിക-ശാസ്ത്രരംഗങ്ങളില്‍ പ്രതിഭ തെളിയിക്കാന്‍ അവസരമില്ല. വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന മേളകളില്‍ ഏകാധ്യാപക വിദ്യാലയങ്ങളിലെ കുട്ടികള്‍ക്ക് പങ്കാളിത്തമില്ല. വിദ്യാര്‍ഥികളേയും അവരുടെ ശേഷികളേയും ക്ലാസ്മുറിക്ക് അപ്പുറത്ത് തിരിച്ചറിയാനും പരിപോഷിപ്പിക്കാനും സംവിധാനമില്ല. വിദ്യാര്‍ഥികള്‍ക്ക് ഇണങ്ങൂന്നവിധം അധ്യാപകനെ പരുവപ്പെടുത്താനുള്ള പരിപാടികളും വിദ്യാഭ്യാസ വകുപ്പിന്റെ പക്കലില്ല. അധ്യാപകര്‍ക്ക് കഴിഞ്ഞ നാല് വര്‍ഷമായി ഒരുതരത്തിലുള്ള പരിശീലനവും ലഭിച്ചിട്ടില്ലെന്ന് കേരള ആള്‍ട്ടര്‍നേറ്റ് സ്‌കൂള്‍ ടീച്ചേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രസിഡന്റ് പി.പി.ബെന്നി, വയനാട് ജില്ലാ സെക്രട്ടറി കെ.വി.ലീന എന്നിവര്‍ പറഞ്ഞു. അധ്യാപകരുടെ നിലവാരം മെച്ചപ്പെടുത്താന്‍ പദ്ധതികള്‍ ഇല്ലാത്തത് കുട്ടികളുടെ പഠനനിലവാരത്തെ ബാധിക്കുന്നുണ്ടെന്ന് അവര്‍ അഭിപ്രായപ്പെട്ടു. പഠന സാമഗ്രികളുടെ അഭാവത്തിനുപുറമേ മോണിറ്ററിംഗ് സംവിധാനം ഇല്ലാത്തതും ഏകാധ്യാപക വിദ്യാലയങ്ങളെ തളര്‍ത്തുകയാണെന്ന് ബെന്നിയും ലീനയും ചൂണ്ടിക്കാട്ടി. കുറച്ചായി വിദ്യാര്‍ഥികളേയുംകൂട്ടിയുള്ള പഠനയാത്രക്കും ഫണ്ട് അനുവദിക്കുന്നില്ല.യാതനകള്‍ക്ക് നടുവിലാണ് അധ്യാപകരുടെ ജീവിതം. ഗവ.എല്‍.പി സ്‌കൂള്‍ ഹെഡ്മാസ്റ്ററേക്കാള്‍ ജോലിഭാരം പേറുന്നുണ്ടെങ്കിലും 3,000 രൂപയാണ് ഏകാധ്യാപക വിദ്യാലയത്തിലെ അധ്യാപകന്റെ പ്രതിമാസ വേതനം. 500 രൂപ ഹില്‍ട്രാക് അലവന്‍സും ലഭിക്കും. താമസസ്ഥലത്തുനിന്ന് വിദ്യാലയത്തിലേക്കും തിരിച്ചുമുള്ള യാത്രക്കൂലി കഴിച്ചാല്‍ വേതനം റേഷന്‍ വാങ്ങുന്നതിനു തികയില്ലെന്ന് അധ്യാപകര്‍ പറയുന്നു. അധ്യാപകര്‍ക്ക് 10,000 രൂപ വേതനം നല്‍കണമെന്ന് 2013ല്‍ മനുഷ്യാവകാശ കമ്മീഷന്‍ ശുപാര്‍ശ ചെയ്തങ്കിലും ഫലം ഉണ്ടായില്ല. തുച്ഛമായ വേതനംപോലും മാസംതോറും ലഭിക്കാത്ത അവസ്ഥയും ഉണ്ട്.
ഏകാധ്യാപക വിദ്യാലയങ്ങളെ ഭൗതികസാഹചര്യങ്ങള്‍ മെച്ചപ്പെടുത്തി ഗവ.എല്‍.പി സ്‌കൂളുകളാക്കാനും വര്‍ഷങ്ങളായി ജോലി ചെയ്യുന്ന അധ്യാപകരുടെ തൊഴില്‍ സംരക്ഷിക്കാനും നടപടി തേടി തുടര്‍ന്നും സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്താനുള്ള ഒരുക്കത്തിലാണ് ആള്‍ട്ടര്‍നേറ്റ് സ്‌കൂള്‍ ടീച്ചേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍.

Latest