വ്യാപാരികളെ കബളിപ്പിച്ച് പണം തട്ടുന്ന യുവാവ് പിടിയില്‍

Posted on: November 3, 2014 5:03 am | Last updated: November 3, 2014 at 12:05 am

crimnalഇടുക്കി: വ്യാപാരികളെ കബളിപ്പിച്ച് പണം തട്ടിയ യുവാവിനെ പോലീസ് പിടികൂടി. കുമളി അമരാവതി പാലയ്ക്കാതുണ്ടിയില്‍ പി ഐ അമീറാണ് അറസ്റ്റിലായത്.
ജില്ലയിലെ പ്രമുഖ കരാറുകാര്‍, മൊത്തവിതരണ കച്ചവടക്കാര്‍ എന്നിവയുടെ മാനേജരാണെന്നു വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിവന്നത്. ഇതിനായി ഉപയോഗിച്ച സിം കാര്‍ഡും വ്യാജ മേല്‍വിലാസത്തിലുള്ളതായിരുന്നു. തട്ടിപ്പിനിരയായ കട്ടപ്പനയിലെ നാല് വ്യാപാരികളുടെ പരാതിയെ തുടര്‍ന്ന് എസ് ഐ ടി ഡി സുനില്‍കുമാറിന്റെ നിര്‍ദേശപ്രകാരം സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ടി വിനോദ്കുമാര്‍ നടത്തിയ അന്വേഷണത്തിലാണ് ഇയാളെ കുടുക്കിയത്. കട്ടപ്പനയിലെ ടിന്റു ഗ്ലാസ് ഹൗസ് ഉടമയെ ടെലിഫോണില്‍ വിളിച്ച് റിസോര്‍ട്ടിനു വേണ്ടിയാണെന്നു പറഞ്ഞ് സാമഗ്രികള്‍ ഓര്‍ഡര്‍ ചെയ്തു.
കമ്പംമെട്ടിലുള്ള മൊത്തവ്യാപാരിയുടെ മാനേജറാണെന്നു വിശ്വസിപ്പിച്ചായിരുന്നു ഇത്. ലോഡ് കൊണ്ടുപോകാന്‍ വാഹനം അയക്കുമെന്നും പറഞ്ഞു. എന്നാല്‍ വാഹനം തകരാറിലായതിനാല്‍ കട്ടപ്പനയില്‍ നിന്നു മറ്റൊരു വാഹനത്തില്‍ ലോഡുകള്‍ കയറ്റിയയക്കാന്‍ പിന്നീട് ആവശ്യപ്പെട്ടു. വഴിയില്‍ തകരാറിലായ വാഹനം നന്നാക്കാന്‍ 15,000 രൂപ വേണമെന്നും ഒരു യുവാവിനെ പറഞ്ഞയക്കുമെന്നും അമീര്‍ വ്യാപാരികളെ വിശ്വസിപ്പിച്ചു. അര മണിക്കൂറിനുശേഷം ഇയാള്‍ തന്നെ കടയിലെത്തി പണം കൈപ്പറ്റി മടങ്ങി. കയറ്റിയയച്ച ലോഡ് കുമളിയിലെത്തിയപ്പോള്‍ മറ്റൊരാളുടെ വീട്ടില്‍ ഇറക്കാന്‍ ആവശ്യപ്പെട്ടു. ഈ വീട്ടുകാരോടും കമ്പംമെട്ടിലെ വ്യാപാരിയാണു വിളിക്കുന്നതെന്നും ലോഡ് ഇറക്കാന്‍ സൗകര്യം നല്‍കണമെന്നും പറഞ്ഞു. പിന്നീട് കട്ടപ്പനയിലെ വ്യാപാരി കമ്പംമെട്ടിലെ വ്യാപാരിയുമായി ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പു മനസിലായത്.
മുമ്പ് നിര്‍മാണ മേഖലയില്‍ അമീര്‍ ജോലി ചെയ്തിട്ടുള്ളതിനാല്‍ സാമഗ്രികളുടെ അളവും തൂക്കവും എണ്ണവും കൃത്യമായി പറഞ്ഞുവിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്.