Connect with us

National

ഇന്ത്യയുടെ എതിര്‍പ്പ് അവഗണിച്ച് ചൈനീസ് ആണവ അന്തര്‍വാഹിനി ലങ്കന്‍ തുറമുഖത്തേക്ക്

Published

|

Last Updated

ന്യൂഡല്‍ഹി: ഇന്ത്യയുടെ എതിര്‍പ്പ് അവഗണിച്ച് ചൈനീസ് ആണവ അന്തര്‍വാഹിനിക്ക് തുറമുഖത്ത് അടുക്കാന്‍ ശ്രീലങ്ക അനുമതി നല്‍കി. കഴിഞ്ഞ സെപ്തംബറില്‍ ഒരു ആണവ അന്തര്‍വാഹിനി ശ്രീലങ്കന്‍ തുറമുഖത്ത് നങ്കൂരമിടാന്‍ സൗകര്യമൊരുക്കിയത് ഇന്ത്യയുടെ അതൃപ്തിക്കിടയാക്കിയിരുന്നു. അടുത്തുതന്നെ രണ്ടാമത്തെ ചൈനീസ് അന്തര്‍വാഹിനി ശ്രീലങ്കന്‍ തുറമുഖത്തെത്തും. പാക് കടലിടുക്കിന് സമീപം ചൈനീസ് അന്തര്‍വാഹിനിയുടെ സാന്നിധ്യം സര്‍ക്കാര്‍ ഗൗരവമായാണ് കാണുന്നത് ശ്രീലങ്കന്‍ നടപടിക്കെതിരെ ഇന്ത്യ ശക്തമായ അതൃപ്തി അറിയിച്ചേക്കും. വിയറ്റ്‌നാം പ്രധാനമന്ത്രി ന്യുയെന്‍ താന്‍ ഡുംഗ് ഇന്ത്യ സന്ദര്‍ശിച്ച് ദിവസങ്ങള്‍ക്കുള്ളിലാണ് പുതിയ വാര്‍ത്തകള്‍ പുറത്തുവരുന്നത്. ശ്രീലങ്കന്‍ പ്രതിരോധ സെക്രട്ടറി ഗോട്ട്ഭായി രാജ്പക്‌സയെ ഇന്ത്യ അതൃപ്തി അറിയിച്ചിരുന്നു. ഡീസലിലും ആണവോര്‍ജത്തിലും പ്രവര്‍ത്തിക്കുന്ന അന്തര്‍വാഹിനികള്‍ ചൈനയുടെ സൈനിക സാന്നിധ്യത്തെയാണ് കാണിക്കുന്നത്. ഈ വര്‍ഷമാദ്യം ഇന്ത്യന്‍ മഹാസമുദ്രത്തിലൂടെ പേര്‍ഷ്യന്‍- ഗള്‍ഫ് മേഖലയിലേക്ക് ചൈനീസ് അന്തര്‍വാഹിനി കടന്നു പോയത് അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചുപടിച്ചുപറ്റിയിരുന്നു. ചാംഗ്‌ഷെംഗ്- 2 എന്ന ആണവ മുങ്ങിക്കപ്പലാണ് കൊളംബോ അന്താരാഷ്ട്ര കണ്ടെയ്‌നര്‍ ടെര്‍മിനലില്‍ കഴിഞ്ഞ സെപ്തംബറില്‍ വന്നെത്തിയത്. ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഇത്തരമൊരു ചൈനീസ് മുങ്ങിക്കപ്പല്‍ ശ്രീലങ്കയില്‍ എത്തുന്നത്. ചൈനയും ശ്രീലങ്കയും തമ്മില്‍ ശക്തമായ സൗഹൃദം നിലവിലുണ്ട്. ശ്രീലങ്കയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും മറ്റുമായി ചൈന വന്‍ തോതില്‍ സഹകരിക്കുന്നുണ്ട്. മാത്രവുമല്ല ശ്രീലങ്കക്ക് എതിരെയുള്ള മനുഷ്യാവകാശ ധ്വംസന അന്വേഷണത്തില്‍ ശ്രീലങ്കയെ ചൈന ശക്തമായി പിന്താങ്ങുമ്പോള്‍ ഇന്ത്യ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു.

Latest